തിരൂര്‍ നഗരസഭാ ഭരണസമിതിയില്‍ പൊട്ടിത്തെറി
തിരൂര്‍: തിരൂര്‍ നഗരസഭാ ഭരണനിര്‍വഹണ നടപടികളെച്ചൊല്ലി എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. ഭരണകാര്യങ്ങളില്‍ പങ്കാളിത്തം നല്‍കുന്നില്ലെന്നാരോപിച്ച് സി.പി.ഐ പ്രതിനിധിയായ വൈസ് ചെയര്‍പേഴ്‌സണ്‍ മുനീറ കിഴക്കാംകുന്നത്തും സി.പി.ഐ കൗണ്‍സിലറായ ശാന്തടീച്ചറും ഇന്നലെ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു.
തിരൂര്‍ ഡെവലപ്‌മെന്റ് ഫോറം പ്രതിനിധിയായ കെ. ബാവ നഗരസഭാ ചെയര്‍മാനായതിനു ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് സി.പി.ഐ ബഹിഷ്‌ക്കരിച്ചത്. സി.പി.എമ്മിനെതിരേ ശക്തമായ വിമര്‍ശനവും സി.പി.ഐ ഉന്നയിച്ചു. നഗരസഭാ സി.ഡി.എസ് ഭരണസമിതിയിലേക്ക് എക്‌സ് ഒഫീഷ്യോ അംഗങ്ങളായി അഞ്ചു വനിതാ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായഭിന്നതയാണ് വിവാദങ്ങള്‍ക്കു കാരണം.
സി.ഡി.എസ് ഭരണസമിതിയിലേക്കു മൂന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെയും രണ്ടു യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുക്കാനായിരുന്നു ധാരണ. എന്നാല്‍, എല്‍.ഡി.എഫിന്റെ മൂന്നു സ്ഥാനങ്ങളിലേക്കും സി.പി.എം കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. അജന്‍ഡ പ്രകാരം പ്രീ കൗണ്‍സില്‍ ചേര്‍ന്ന സമയത്തു സി.പി.ഐ പ്രതിനിധിയായ താന്‍ കൗണ്‍സിലറായ ശാന്ത ടീച്ചറുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്‍.ഡി.എഫിനു നിശ്ചയിച്ച മൂന്നു സ്ഥാനങ്ങളിലേക്കും കൗണ്‍സിലര്‍മാരെ നിയോഗിച്ചെന്ന് അറിയിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ സംസാരിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ മുനീറ കിഴക്കാംകുന്നത്ത് പറഞ്ഞു.
എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയെ അവഗണിച്ച് മുന്‍പും ഏകപക്ഷീയ നടപടികളുണ്ടായിരുന്നെന്നും സി.പി.ഐ ആരോപിക്കുന്നു. സി.ഡി.എസ് എക്‌സ് ഒഫീഷ്യോ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയം എല്‍.ഡി.എഫ് കണ്‍വീനറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടലുണ്ടായില്ലെന്നും എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി പോലും ചേരാതെയാണ് പ്രവര്‍ത്തനമെന്നും സി.പി.ഐ ആരോപിച്ചു.
ഇപ്പോഴത്തെ ചെയര്‍മാനെ അവഹേളിക്കാനല്ല, നഗരസഭയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."