ഉരുള്‍പൊട്ടല്‍: ബാരാപോളില്‍ വൈദ്യുതി ഉത്പാദനം നിലച്ചു
ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാരാപോളില്‍ വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചില്ല. ബാരാപോള്‍ മിനി ജലവൈദ്യത പദ്ധതിയില്‍ ദിവസവും വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. കനത്ത മലവെള്ളപാച്ചിലില്‍ പദ്ധതിയുടെ കനാലുകള്‍ പാറക്കൂട്ടങ്ങളും മരത്തടികളും വന്ന് മൂടിയതിനാല്‍ അടഞ്ഞിരുന്നു. നിലവിലുള്ള മൂന്നെണ്ണത്തില്‍ ഒരു ജനറേറ്റര്‍ കേടായതും ഉല്‍പാദനം നിലക്കാന്‍ കാരണമായി. മൂന്നു ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഒരു ദിവസം മൂന്നു ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാവുക.
ഇതുവരെ 42 ലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉത്പാദന നഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടായതായാണ് സൂചന. പ്രതിവര്‍ഷം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബാരാപോളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. വൈദ്യുതി ബോര്‍ഡിന് ഇതുമൂലം വന്‍ ബാധ്യതയാണ് ഉണ്ടാവുക. മഴക്കാലത്ത് പുഴയില്‍ നീരൊഴുക്കുണ്ടാകുന്ന ആറു മാസം മാത്രമാണ് ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടുത്തെ മൂന്ന് ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളം ഈസമയത്ത് സംഭരണിയില്‍ ഒഴുകിയെത്തും. എന്നാല്‍ ഉരുള്‍പൊട്ടല്‍ കാരണം പദ്ധതി പ്രദേശത്തേക്ക് മണ്ണും ചെളിയും മരക്കൊമ്പുകളും കുത്തിയൊലിച്ചെത്തിയ നിലയിലാണ്.
പവര്‍ ഹൗസിലെ ജനറേറ്റര്‍ യൂനിറ്റുകളിലേക്കു വെള്ളം എത്തിക്കേണ്ട കനാലുകളും പൈപ്പുകളും മണ്ണ് വന്ന് അടിഞ്ഞുകൂടി. ജലത്തില്‍ മുഴുവന്‍ മാലിന്യങ്ങള്‍ നിറഞ്ഞത് യന്ത്രത്തകരാറിന് കാരണമായിട്ടുണ്ട്. തകരാറിലായ യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കണമെങ്കില്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. പദ്ധതിസംഭരണിയിലും കനാലുകളിലും അടിഞ്ഞുകൂടിയ മണ്ണും പാറയും മറ്റും നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."