കൗസല്യാമ്മയ്ക്ക് തുണയാരുമില്ല: താമസിക്കുന്നത് തകര്‍ന്ന വീട്ടില്‍
കടുത്തുരുത്തി: കൗസല്യാമ്മയ്ക്ക് തുണയാരുമില്ല, താമസിക്കുന്നത് ഏതു നിമിഷവും നിലംപതിക്കാവുന്ന കൂരയില്‍. കടുത്തുരുത്തി വെള്ളാശ്ശേരിയിലാണ് മഴ ശക്തിപ്പെടുമ്പോള്‍ അപകടാവസ്ഥയിലുള്ള വീടിനുള്ളില്‍ വയോധികയുടെ തനിച്ചുള്ള താമസം. പതിനെട്ടാം വാര്‍ഡില്‍ തത്തപ്പള്ളില്‍ കൗസല്ല്യാമ്മ (72) ആണ് ഏതുനിമിഷവും തകര്‍ന്നു വീണേക്കാവുന്ന വീട്ടില്‍ തനിച്ചു കഴിയുന്നത്. സമാനരീതിയില്‍ വെള്ളാശ്ശേരിയില്‍ തന്നെ പത്താം വാര്‍ഡില്‍ കാട്ടുപുതുശ്ശേരി അച്ചാമ്മയുടെ താമസവും ഏതുസമയവും തകര്‍ന്നു വീണേക്കാവുന്ന വീട്ടിലാണ്.
ഭര്‍ത്താവ് മരിച്ചശേഷം തനിച്ചു താമസിക്കുന്ന കൗസല്ല്യാമ്മ എട്ട് സെന്റ് സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് കഴിയുന്നത്.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീ പിടിച്ചാണ് കൗസല്ല്യാമ്മയുടെ വീട് കത്തി നശിച്ചത്. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഇവര്‍ക്ക് സ്വന്തമായുള്ള എട്ട് സെന്റ് സ്ഥലത്ത് മണ്‍കട്ടകള്‍ ഉപയോഗിച്ചു വീട് നിര്‍മിച്ചു നല്‍കിയത്. കാലപഴക്കത്തില്‍ തകര്‍ന്ന വീട് ശോച്യാവസ്ഥയിലായിരുന്നു. അടുത്തിടെ കനത്ത മഴയില്‍ വീടിന്റെ മണ്‍കട്ടകള്‍ കൊണ്ടു നിര്‍മിച്ച ഭിത്തിയും ഓടിട്ട മേല്‍ക്കൂരയും തകര്‍ന്നു.
നടുഭാഗത്തായി കുത്തി നിര്‍ത്തിയിരിക്കുന്ന തൂണിലാണ് വീട് നില്‍ക്കുന്നത്. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് മുകളില്‍ പടുത വിരിച്ചിരിക്കുകയാണ്. മഴയത്ത് വീടിനകം മുഴുവനായും വെള്ളം നിറയും. ഇതിനകത്താണ് കൗസല്ല്യാമ്മയുടെ താമസം. അയല്‍വാസികളും നാട്ടുകാരും നല്‍കുന്ന സഹായം കൊണ്ടാണ് ഇവര്‍ കഴിയുന്നത്. കിണറും ശൗച്യാലയവും ഉണ്ടെങ്കിലും സ്ഥിതി ദയനീയമാണ്.
ശൗച്യാലയത്തിന് മറയൊന്നുമില്ല. കിണറിന് ചുറ്റുമതില്‍ ഇല്ലാത്തിനാല്‍ മഴയില്‍ പെയ്യുന്ന വെള്ളമെല്ലാം കിണറ്റിലേക്ക് തന്നെയാണ് ഒഴുകുന്നത്. ശക്തമായി മഴ പെയ്യുന്നത് തുടര്‍ന്നാല്‍ വീട് ഏതുനിമിഷവും തകര്‍ന്നു വീണേക്കുമെന്നും നാട്ടുകാര്‍ ഭയക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."