എം.വി ജയരാജന്‍ സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പി. ശശി വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക്
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കാനും അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ പി. ശശിയെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവരാനും പാര്‍ട്ടിയില്‍ ആലോചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി ജയരാജനാകും പാര്‍ട്ടി ചുമതലയെന്നാണ് സൂചനകള്‍.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ ഈ രണ്ടു സ്ഥാനാരോഹണങ്ങളും നടപ്പാക്കും. പി.ശശി സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്കാണ് മടങ്ങിയെത്തുക. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 11 ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.
ലൈംഗികആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവില്‍ ജില്ലാ കമ്മിറ്റിയിലും എതിര്‍പ്പുണ്ടാകാനിടയില്ല.
നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി ശശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."