HOME
DETAILS
MAL
വാളയാര്‍ വിവാദം അടങ്ങുന്നില്ല: ക്വാറന്റൈനിലും രാഷ്ട്രീയപ്പോര്
backup
May 15 2020 | 04:05 AM
തൃശൂര്‍: വാളയാര്‍ സംഭവത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനു പിന്നാലെ മന്ത്രി എ.സി മൊയ്തീനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
മടങ്ങിയെത്തിയ പ്രവാസികളെ സ്വീകരിക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍, കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ എത്തിയിരുന്നു. നിരീക്ഷണതത്തിലാക്കിയ പ്രവാസികളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ സന്ദര്‍ശിച്ച മന്ത്രിയും എം.എല്‍.എയും കലക്ടറും നിരീക്ഷണത്തില്‍ പോകണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. അതേസമയം നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ച സാഹചര്യം അറിയിക്കാനാവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ കലക്ടര്‍ക്കു കത്തു നല്‍കി.
വാളയാറില്‍ പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാളയാര്‍ വിഷയം വിവാദമായത്. ഇതര സംസ്ഥാനത്തു നിന്ന് വരുന്നവര്‍ക്കു കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷനിലൂടെ പാസ് ഏര്‍പെടുത്തിയിരുന്നു. ഇതില്ലാതെ എത്തിയവരെ കടത്തിവിടാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതുമൂലം നിരവധിയാളുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരുന്നു. അതിര്‍ത്തിയിലെത്തിയവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സമരത്തിനു ശേഷമാണ് എം.പിമാരായ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ വാളയാറിലെത്തിയത്. ഇവിടെ വി.കെശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും കൂടിയെത്തിയാണ് പാസില്ലാതെ എത്തിയവരെ കടത്തിവിടാന്‍ ഇടപെട്ടത്. പാലക്കാട് ജില്ലാ മെഡിക്കല്‍ ബോര്‍ഡാണ് ജനപ്രതിനിധികളടക്കമുള്ളവരെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചത്. സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ വിവാദം വിഷയത്തില്‍ ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കും വിധമാണ് മന്ത്രി മൊയ്തീനെ ലക്ഷ്യമാക്കി പുതിയ വിവാദം.
മടങ്ങിയെത്തിയ പ്രവാസികളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മാനദണ്ഡങ്ങള്‍ ലംഘിച്ച് എ.സി മൊയ്തീനും അബ്ദുല്‍ ഖാദറും അവരോട് സംസാരിക്കുകയുമുണ്ടായതിനാല്‍ ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച വിഷയം തന്നെ അനില്‍ അക്കര കലക്ടര്‍ക്കു നല്‍കിയ കത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളത്തെ മന്ത്രിയുടെ ഓഫിസിനും ജില്ലാ മെഡിക്കല്‍ ഓഫിസിനും മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. മന്ത്രിയെ നിരീക്ഷണത്തിലാക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."