യു.ഡി.എഫ് സാധ്യതാ പട്ടിക റെഡി; 15ന് പ്രഖ്യാപനമുണ്ടാകും
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി. ദല്‍ഹിയിലാകും അവസാന ചര്‍ച്ചകള്‍ നടക്കുക. അതനുസരിച്ചാണ് തീരുമാനങ്ങളുണ്ടാകുക. മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ പരിഗണിക്കുന്നുണ്ട്. ഇവിടെ സിറ്റിംഗ് എം.പിയായ എ. സമ്പത്താണ് സി.പിഎം സ്ഥാനാര്‍ഥി. നിലവില്‍ എം.എല്‍.എയായ അടൂര്‍ പ്രകാശിന് വിജയ സാധ്യതയുണ്ടോ എന്നത് ചര്‍ച്ച ചെയ്യുന്നുണ്ട്.
ചാലക്കുടിയില്‍ ബെന്നി ബഹനാനാണ് പരിഗണിക്കപ്പെടുന്നത്. ടി എന്‍ പ്രതാപന്റെ പേരും സാധ്യതാപട്ടികയിലുണ്ട്.
തൃശൂരില്‍ വിഎം സുധീരന്‍, ടി എന്‍ പ്രതാപന്‍ എന്നിവരെയും പരിഗണിക്കുന്നു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും പട്ടികയിലുണ്ട്.
ആലത്തൂരില്‍ രമ്യ ഹരിദാസ്, കെഎ തുളസി, സുനില്‍ ലാലൂര്‍ എന്നിവരുടെ പേരുകളാണുള്ളത്. കാസര്‍കോഡ് സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കാണ് സാധ്യത.
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ കൂടാതെ ഡീന്‍ കുര്യാക്കോസ് ,ജോസഫ് വാഴയ്ക്കന്‍ പട്ടികയിലുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ പേരാണ് പരിഗണിക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാനൊപ്പം ടി.സിദ്ധീഖിനേയും പരിഗണിക്കുന്നു. വനിതകളായി ഷാനിമോള്‍ ഉസ്മാനും രമ്യാ ഹരിദാസും കെ.എ തുളസിയുമാണ് പട്ടികയിലുള്ളത്.
എറണാകുളം, പത്തനംതിട്ട സീറ്റുകളില്‍ സിറ്റിംഗ് എം പിമാരുടെ പേരുകള്‍ക്കൊപ്പം മറ്റ് പേരുകള്‍ കൂടി നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളത്ത് കെ വി തോമസിനൊപ്പം എംഎല്‍എ ഹൈബി ഈഡനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കൊപ്പം പി ജെ കുര്യന്റേയും പേരുകള്‍ പരിഗണിക്കുന്നുണ്ട് .
ഉമ്മന്‍ചാണ്ടി മല്‍സരിക്കാന്‍ തയാറായാല്‍ പത്തനംതിട്ടയോ ഇടുക്കിയോ നല്‍കാനും നീക്കമുണ്ട്.
മല്‍സരത്തിനില്ലെന്ന നിലപാടെടുത്ത കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനവും ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
മല്‍സരത്തിനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി തുടരുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ അദ്ദേഹവും വടകരയില്‍ രംഗത്തിറങ്ങും. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ടി.സിദ്ധീഖ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഇപ്പോള്‍ തയ്യാറാക്കിയ സാധ്യത പട്ടികയുമായി നേതാക്കള്‍ നാളെ ദല്‍ഹിയിലേക്ക് തിരിക്കും. തിങ്കളാഴ്ചത്തെ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം തിര!ഞ്ഞെടുപ്പ് കമ്മറ്റിക്ക് പട്ടിക കൈമാറും.15ാം തിയതിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."