ഹജ്ജിന് ഇത്തവണ വനിതാ വോളണ്ടിയര്‍ : ഹാറ്റ് കാര്ഡുകളെത്തി
കൊച്ചി: ഇത്തവണ ഹജ്ജ് തീര്‍ഥാടകരായ വനിതകളുടെ സേവനത്തിനായി വനിതാ വോളണ്ടിയറെ നിയമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി വനിതാ വോളണ്ടിയറെ തീര്‍ഥാടകര്‍ക്കൊപ്പം അയക്കാന്‍ നടപടികളാരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെയായിരിക്കും നിയമിക്കുക. തീര്‍ഥാടനത്തിനുപോകുന്ന വനിതകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണിത്.
200 ഹാജിമാര്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന നിലയ്ക്കായിരിക്കും വോളണ്ടിയര്‍മാരെ തീര്‍ഥാടകര്‍ക്കൊപ്പം മക്കയിലേക്ക് അയക്കുന്നത്.
ഇക്കൂട്ടത്തിലാണ് വനിതാ വോളണ്ടിയറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം പന്ത്രണ്ടായിരത്തോളം പേരായിരിക്കും ഇത്തവണ കേരളത്തില്‍നിന്നു പുറപ്പെടുക. ഇതില്‍ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടാകും. മൂന്നാംഘട്ട ട്രെയിനിങ് ക്ലാസുകള്‍ അടുത്ത മാസം രണ്ടുമുതല്‍ 19വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. സെലക്ഷന് ലഭിച്ചവര്‍ക്കും വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ട്രെയിനിങ് നല്‍കും.
വാക്സിനേഷനുള്ള മരുന്നുകള്‍ ചെന്നൈയില്‍നിന്നു സംസ്ഥാനത്തിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് ഉടന്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്ന് സജ്ജീകരിക്കുന്ന ഹജ്ജ് ക്യംപിന്റെ ഉദ്ഘാടനം ജൂലായ് 31ന് നടക്കും. മുന്നൂറോളം വോളണ്ടിയര്‍മാരായിരിക്കും ഹാജിമാരെ സേവിക്കാനായി ഇവിടെ നിലകൊള്ളുക.
ആദ്യയാത്ര ഓഗസ്റ്റ് ഒന്നിന്
കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ഓഗസ്റ്റ് ഒന്നിന് പുണ്യഭുമിയിലേക്ക് യാത്രതിരിക്കും.രാവിലെ 8.55നാണ് യാത്ര തീരുമാനിച്ചിരിക്കുന്നതെങ്കിലും യാത്രാ സമയത്തില്‍ മാറ്റമുണ്ടായേക്കാമെന്നാണ് സൂചന. തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും സഊദി എയര്‍ലൈന്‍സ് 58 സര്‍വിസുകള്‍ നടത്തും. 410 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യമാണ് വിമാനത്തിലുള്ളത്. ജിദ്ദ വിമാനത്താവളത്തിലെത്തിക്കുന്ന തീര്‍ഥാടകരെ പിന്നീട് പ്രത്യേക ബസുകളിലായി മക്കയിലെത്തിക്കും.എല്ലാ തീര്‍ഥാടകരെയും പുണ്യഭൂമിയിലെത്തിക്കുന്നതോടെ ആഗസ്റ്റ് 15ന് യാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കും. മദീന വിമാനത്താവളത്തില്‍ നിന്നുമായിരിക്കും മടക്കയാത്ര.സെപ്റ്റംബര്‍ 12ന് മടക്കയാത്ര ആരംഭിച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."