ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി ഇനിയും കാത്തിരിക്കണം
കണ്ണൂര്‍: ജയില്‍ ജീവനക്കാര്‍ക്കുവേണ്ടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ സഹായത്തോടെ നിര്‍മിക്കുന്ന ഹാള്‍ കം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി ഇനിയും കാത്തിരിക്കണം. മേല്‍ക്കൂര ഉള്‍പ്പെടെയുളള സുപ്രധാന പ്രവൃത്തികള്‍ തീരാനിരിക്കെ സര്‍ക്കാര്‍ സഹായം വൈകിയതാണ് സ്റ്റേഡിയം പ്രവൃത്തി നിലയ്ക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പ്രവൃത്തി അന്തേവാസികളുടെ സഹായത്തോടെ 75 ശതമാനവും പൂര്‍ത്തിയായി.
7000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി നിലവില്‍ 28 ലക്ഷത്തോളം രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം പ്രവൃത്തി മുടങ്ങുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിച്ച സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി മാസങ്ങളായി നിലച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കണമെന്നു കാണിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായി തീരുമാനാമായിട്ടില്ല. പ്രധാനമായും നിര്‍മിക്കേണ്ട മേല്‍ക്കൂരക്കു മാത്രം ആറുലക്ഷം രൂപയോളം ചെലവുവരും.
പ്ലാസ്റ്ററിങ്, ഇരിപ്പിട സംവിധാനം, വൈദ്യുതീകരണം എന്നിവയും നടക്കേണ്ടതുണ്ട്. ദേശീയപാതയോരത്ത് സെന്‍ട്രല്‍ ജയിലിനു മുന്‍വശത്ത് പടിഞ്ഞാറു ഭാഗത്തായാണ് സ്റ്റേഡിയം ഒരുക്കുന്നത്. ജിംനേഷ്യം, വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകളും പൊതുപരിപാടികള്‍ നടത്താനുള്ള സ്റ്റേജ് സൗകര്യവും ഹാള്‍ കം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുണ്ടാവും.
മഴക്കാലത്ത് ട്രെയിനികള്‍ക്ക് പരേഡ് നടത്താനും സ്റ്റേഡിയം ഉപയോഗപ്പെടുത്തും. നിര്‍മിതി കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പൂര്‍ണമായും തടവുകാരെ ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി നടത്തിയത്. ജയിലിനകത്തെ തകര്‍ന്ന പഴയ ക്വാര്‍ട്ടേഴ്‌സുകളുടെ കല്ലും മരങ്ങളും ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിലാണ് സ്റ്റേഡിയം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."