സമരം അവസാനിപ്പിക്കാന്‍ കാനം ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍, കാനം അവിടെ പോയി ജിഷ്ണുവിന്റെ കുടുംബത്തോടു സംസാരിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
കാനം കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, തന്നോട് സംസാരിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിയുടെ ഇടപെടലും ഉണ്ടായിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന് കാണാന്‍ ചെന്നിരുന്നു. അയാള്‍ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ യെച്ചൂരി തന്നെ വിളിച്ചു ചോദിച്ചിരുന്നു. തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും നിങ്ങള്‍ സംസാരിക്കൂ എന്നുമാണ് മറുപടി നല്‍കിയത്. സമരത്തിന്റെ സൂത്രധാരനായി ജിഷ്ണുവിന്റെ അമ്മാവന് ഒരാളുണ്ട്. അയാള്‍ പറഞ്ഞതില്‍ നിന്ന് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ വിളിച്ചു സംസാരിക്കാന്‍ പറയണമെന്ന നിര്‍ദേശമാണ് താന്‍ നല്‍കിയത്.
പിന്നീടാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ.കെ.വി സോഹന്‍ എന്നിവര്‍ ചര്‍ച്ചയ്ക്കായി ജിഷ്ണുവിന്റെ കുടുംബത്തെ സമീപിക്കുന്നത്. ശ്രീജിത്തുമായി നേരത്തെ പരിചയമുള്ള എം.വി ജയരാജന് ആശുപത്രിയില്‍ എത്തി സംസാരിച്ചെന്നും പിണറായി പറഞ്ഞു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അദ്ദേഹത്തിന് നല്ല സാഹിത്യഭാഷയുണ്ടെന്നും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."