വനംവകുപ്പ് നിക്ഷിപ്ത വനമായി ഏറ്റെടുത്ത ഭൂമിയില്‍ മരംമുറി തകൃതി: മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു
സുല്‍ത്താന്‍ ബത്തേരി: വനഭൂമിയാണെന്നു കണ്ടെത്തി രണ്ടു വര്‍ഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ഭൂമിയില്‍ നിന്ന് കൂട്ടമരം മുറി.
200-ലധികം സില്‍വര്‍ ഓക് മരങ്ങളാണ് മുറിച്ചത്. സംഭവത്തില്‍ എസ്‌റ്റേറ്റ് മാനേജര്‍ സിജോ മാത്യു, കബീര്‍, മോഹനന്‍ എന്നിവരെവനം വകുപ്പ് അറസ്റ്റ് ചെയ്തു. ജണ്ട കെട്ടി തിരിച്ചിട്ടുള്ള 88 ഹെക്ടറോളം വരുന്ന ഭൂമിയിലാണ് അനധികൃത മരം മുറി നടന്നത്.
2017 ജൂണ്‍ എട്ടിനാണ് പാമ്പ്ര കോഫീ പ്ലാന്റേഷന്റെ കൈവശമുള്ള 217 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി ഏറ്റെടുത്തു വനം വകുപ്പ് വിജ്ഞാപനമിറക്കിയത്. വിശദമായ സര്‍വേ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു നടപടി. തുടര്‍ന്ന് ഈ ഭൂമി വനം വകുപ്പ് ജണ്ട കെട്ടി തിരിക്കുകയും ചെയ്തു. ഈ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്. ഇത് കൂടാതെ എസ്റ്റേറ്റ് ഭൂമിയില്‍ നിന്നും വേറെയും മരങ്ങള്‍ നിയമവിരുദ്ധമായി മുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ജണ്ട കെട്ടി തിരിച്ച ഭൂമിയില്‍ നിന്നും മുറിച്ച മരങ്ങള്‍ പലതും മരത്തിന്റെ കമ്പുകളും ഇലകളും ഉപയോഗിച്ച് മറച്ചു വെച്ച നിലയിലായിരുന്നു. മുറിച്ച മരങ്ങള്‍ മുഴുവന്‍ വനം വകുപ്പ് കസ്റ്റഡിയെലെടുത്തു.
പാമ്പ്രയിലെ എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്ത വനം വകുപ്പ് നടപടിക്കെതിരേ ഉടമകള്‍ നേരത്തെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഉടമകള്‍ക്ക് ഫോറസ്റ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. നിക്ഷിപ്ത വനഭൂമിയാണെന്ന പേരിലാണ് പാമ്പ്ര എസ്‌റ്റേറ്റിലെ 217 ഏക്കര്‍ ഭൂമി കഴിഞ്ഞ ജൂണില്‍ വനം വകുപ്പ് ഏറ്റെടുത്തത്. വിശദമായ സര്‍വേ നടത്തിയതിനു ശേഷമാണ് ഈ ഭൂമി ഏറ്റെടുത്തതെന്നു വനം വകുപ്പ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ മേഖല കടുവയുള്‍പ്പെടെയുള്ള വന്യ ജീവികളുടെ സഞ്ചാരമേഖലയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്, ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി. സലിം, ചെതലയം റെയ്ഞ്ചര്‍ സജികുമാര്‍, ഫോറസ്റ്റര്‍ ഇ.എം സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."