ജിഷ്ണുവിന്റെ അമ്മയുടെ സമരം എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാവ് മഹിജയും ബന്ധുക്കളും സമരം ചെയ്തത് എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവളന്റെ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിലൂടെ ഒരു കാര്യവും നേടാനുണ്ടായിരുന്നില്ല. എല്ലാ കാര്യവും ചെയ്ത സര്‍ക്കാരാണിത്. ഇനി എന്തു കാര്യമാണ് സര്‍ക്കാര്‍ ചെയ്യാനുള്ളതെന്ന് അവര്‍ പറയണം. സംഭവം നടന്ന ഉടന്‍ ആരും ആവശ്യപ്പെടാതെ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അവര്‍ ആവശ്യപ്പെട്ടയാളെ പബ്ലിക് പ്രോസിക്യൂട്ടറായി നല്‍കി. ഡി.ജി.പി ഓഫിസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണുണ്ടായത്. സമരത്തെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തി.
താനിടപെട്ടാല്‍ മാത്രം തീരുന്ന സമരമായിരുന്നില്ല അത്. ഗൂഢാലോചനയില്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചു തനിക്കു പറയാനാവില്ല. എസ്.യു.സി.ഐക്കാര്‍ ജയിലില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ ശ്രീജിത്തിന്റെ കയ്യിലാണ് കൊടുത്തത്. അതുകൊണ്ടാണ് അവരുമായി ബന്ധപ്പെട്ടിരുന്നെന്ന് ശ്രീജിത്തിനു സമ്മതിക്കേണ്ടി വന്നത്. പൂര്‍ണമായും സി.പി.എം അനുഭാവികളായ ആ കുടുംബത്തെ എസ്.യു.സി.ഐക്കാര്‍ക്ക് എങ്ങനെ റാഞ്ചാനായി എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ജിഷ്ണുവിന്റെ അമ്മയ്ക്കുണ്ടായ മാനസികപ്രയാസം എല്ലാവര്‍ക്കും ബോധ്യമായതാണ്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. ആ ആവശ്യവുമായാണ് അവര്‍ ഡി.ജി.പിയെ കാണാന്‍ വന്നത്. അവിടെ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായി. അതിനെ തുടര്‍ന്നാണ് അവര്‍ നിരാഹാര സമരം തുടങ്ങിയത്. എന്തെങ്കിലും തരത്തില്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനും അവരുമായി സംസാരിക്കാന്‍ പോയത്.
മഹിജയുമായുള്ള സംഭാഷണത്തിനിടയില്‍ അവര്‍ തന്നെ ഫോണില്‍ വിളിച്ച് ഫോണ്‍ മഹിജയ്ക്കു കൊടുക്കട്ടെ എന്ന് ചോദിച്ചു. അങ്ങനെ താന്‍ മഹിജയുമായി സംസാരിച്ചു. കരഞ്ഞുകൊണ്ട് അവര്‍ പരാതി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അവരോടു പറഞ്ഞു. എന്നാല്‍ ആരെങ്കിലും പറയുന്നതു കേട്ട് തെറ്റു ചെയ്യാത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."