ഓസ്‌ക്കര്‍ വിജയത്തിലെ ഇന്ത്യനഴക്
കഴിഞ്ഞയാഴ്ച അമേരിക്കയിലെ ലോസ് ആഞ്ചലാസിലെ ഡോല്‍ബി തിയറ്ററില്‍ 'പിരീഡ് എന്‍ഡ് ഓഫ് ദി സെന്റന്‍സി'ന് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഒരു ഗ്രാമം ആവേശത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ആര്‍ റഹ്്മാനും റസൂല്‍ പൂക്കുട്ടിയും നേടിത്തന്ന അതേ ആവേശം. അന്ന് പുരസ്‌കാര ജേതാക്കള്‍ ഇന്ത്യക്കാരാണെങ്കില്‍ ഇന്നത്തെ ജേതാക്കള്‍ അമേരിക്കയില്‍ നിന്നുള്ള ഇറാനിയന്‍ സംവിധായികയും ലോസ് ആഞ്ചലാസിലെ ഹോക്ക്‌വുഡ് സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളുമാണ്. പരിഹാസങ്ങളുടെ നടുവില്‍ നിന്ന് നേടിയെടുത്ത പുരസ്‌കാരം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ വിഷയമായതിനാല്‍ പലരുടെയും പരിഹാസം കേട്ടിരുന്നു. പക്ഷേ എല്ലാം അതിജീവിച്ചു ഒരു നാടിന്റെയും അവിടെയുള്ള സ്ത്രീകളുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടിയായതിനാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നു. പരിഹാസത്തിന് മറുപടി പുരസ്‌കാരം വാങ്ങിയാണ് റയ്ക്ക സഹ്താബ്ജി എന്ന സംവിധായിക തീര്‍ത്തത്.
പിരീഡ് എന്‍ഡ് ഓഫ് ദി സെന്റന്‍സ് എന്ന ഡോക്യുമെന്ററിക്ക് പിന്നില്‍ ഒരു കഥയുണ്ട്. ആര്‍ത്തവ സമയം വന്നാല്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഒരു കൂട്ടം വിദ്യാര്‍ഥിനികളുടെ ദുരന്ത കഥ. പുരോഗമനമെത്താത്ത ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമാണ് ഈ കഥയുടെ യഥാര്‍ത്ഥ സ്ഥലം. കേവലമൊരു സഹതാപത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത കെട്ടുകഥയില്ലിത്, രാജ്യം കാണേണ്ട യാഥാര്‍ത്ഥ്യത്തിന്റെ ദുരന്ത കഥ. രാജ്യത്തിന്റെ ഏറ്റവും വലിയ സംസ്ഥാനത്തില്‍ നിന്ന് അതിശയിപ്പിക്കുന്ന വ്യസന കഥ. പക്ഷേ ഈ ഡോക്യുമെന്ററിയോടെ അവിടെയുള്ള ജനതയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ആര്‍ത്തവം വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള മാറാത്ത രോഗമല്ലെന്നും പരിഹാരം നേടി തങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് നിങ്ങള്‍ യാത്ര ചെയ്യണമെന്നും അവര്‍ ആ ജനതയോട് അഭ്യര്‍ത്ഥിച്ചു. അതിനുള്ള പരിഹാര മാര്‍ഗ്ഗവും ചെലവുകളും അവര്‍ക്ക് നല്‍കി.
ലോസ് ആഞ്ചലാസിലെ ഓക്്‌വുഡ് സ്‌കൂളിലെ ഹൈസ്്ക്കൂള്‍ വിദ്യാര്‍ഥിനികള്‍ വളരെ വേദനയോട് കൂടിയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഒരു ഗ്രാമത്തിന്റെ കഥ കേട്ടത്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ കതിഖേര എന്ന ഗ്രാമത്തിലെ വിദ്യാര്‍ഥിനികള്‍ ആര്‍ത്തവമെത്തിയാല്‍ പിന്നെ കൂടണിയും. ഉപയോഗിക്കാന്‍ വേണ്ട വിധത്തിലുള്ള തുണി പോലുമില്ലാതെ ഓരോ മാസവും സ്‌കൂള്‍ ജീവിതത്തിലെ പകുതി ദിനങ്ങളും വീട്ടില്‍ നഷ്ടപ്പെടും. അവസാനം സ്‌കൂള്‍ ജീവിതത്തിന് ആര്‍ത്തവത്തിനാല്‍ വിരാമമിടും.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും മനസ്സിനകത്ത് കത്തിയെരിഞ്ഞ് ചാമ്പലാവും. കഥ കേട്ടറിഞ്ഞ ഓക്‌വുഡ് സ്‌കൂളിലെ 10 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തങ്ങളുടെ ടീച്ചറോട് ഇതിനെ കുറിച്ച് വിശദീകരിച്ചു. ഒരു നാട് മുഴുവനും രക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും ചെറിയൊരു ഗ്രാമമെങ്കിലും രക്ഷപ്പെടുത്തണമെന്നേ അവര്‍ക്കുണ്ടായിരുന്നുള്ളു. ഇതിന് വേണ്ടി രണ്ട് ലക്ഷത്തോളം രൂപ അവര്‍ പിരിവ് നടത്തി സമാഹരിച്ചു. ലോസ് ആഞ്ചലാസിലെ സന്നദ്ധ സംഘടനയുടെയും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യയുടെയും സഹായത്തോടെ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം ഇതിനായി തെരെഞ്ഞെടുത്തു. രാജ്യതലസ്ഥാനത്ത് നിന്ന് കിലോമീറ്ററുകള്‍ ദൂരമുള്ള ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ കതിഖേര ഗ്രാമം!
സമാഹരിച്ച തുകയില്‍ ഒരു സാനിറ്ററി പാഡ് വെന്‍ഡിങ് മിഷീന്‍ അവരവിടെ സ്ഥാപിച്ചു. സുമന്‍ എന്ന സ്ത്രീയുടെ വീട്ടിലാണ് ഇത് സ്ഥാപിച്ചത്. സ്‌നേഹയടക്കം ഏഴ് പെണ്‍കുട്ടികള്‍ ഇതിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. ഫ്‌ലൈ എന്ന പേരിലുള്ള പാഡ് നിര്‍മാണത്തിന് ശേഷം വീടു വീടാന്തരം കയറിയിറങ്ങി ഈ സ്ത്രീകള്‍ തന്നെ അതു വിറ്റഴിച്ചു. അടുത്തുള്ള കടകളിലും അത് ലഭ്യമാക്കിക്കൊടുത്തു.
സത്യമെന്തന്നറിയാതെ പലരും അവരെ പരിഹസിച്ചു. ചിലര്‍ ചീത്തയെന്നൊക്കെ വിളിച്ചു. പക്ഷേ സുമനും സ്‌നേഹയുമടങ്ങുന്ന സ്ത്രീ പട തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നു. ജോലിക്ക് വരുന്ന സ്ത്രീകള്‍ മറ്റൊരു പേര് പറഞ്ഞ് വീട്ടുകാരെ പറ്റിച്ചാണ് അവിടെയെത്തിയത്, കാരണം യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ അവരെ അതിനനുവധിക്കില്ലെന്ന് അവര്‍ക്കറിയാം. സാനിറ്ററി ഫ്‌ലൈ പാഡ് നിര്‍മാണം സുലഭമായതോടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിന്നു. പല സ്ത്രീകള്‍ക്കും വരുമാനമുള്ള ജോലിയായി. മെല്ലെ കതിഖേര മാറിത്തുടങ്ങി. വിദ്യാര്‍ഥിനികളും സ്ത്രീകളും സന്തോഷവിതകളായി. അസ്തമിച്ചെന്നു കരുതിയ ലക്ഷ്യങ്ങളുടെയും സ്വപ്‌നങ്ങളുടെയും ലോകത്തേക്ക് അവര്‍ വീണ്ടും യാത്ര തുടങ്ങി.
കതിഖേരയുടെ മാറ്റത്തെക്കുറിച്ചറിഞ്ഞ അമേരിക്കയിലെ ഇറാനിയന്‍ സംവിധായിക റയ്ക്ക ഓക്‌വുഡ് സ്‌കൂളിലെ ടീച്ചര്‍ മെലീസ ബര്‍ടന്റെയും ഇന്ത്യക്കാരി ഗുനീത് മോംഗയുടെയും സഹായത്തോടെ ഒരു ചലച്ചിത്രം ആവിഷ്‌കരിച്ചു. കേവലം 26 മിനുറ്റുള്ള ഒരു ഹ്രസ്വ ചിത്രമാണ് ഒരുക്കിയത്.
സ്‌നേഹയും സുമയുമൊക്കെ അഭിനയിച്ച് ഒരു ഗ്രാമത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ ലോകത്തോട് വിളിച്ചു പറഞ്ഞു. വിദ്യാഭ്യാസം അസ്തമിച്ചെന്ന് തോന്നിയ പല വിദ്യാര്‍ഥിനികള്‍ക്കും വെളിച്ചം വീശിയ അതിജീവനത്തിന്റെ കഥ.
കതിഖേര ഗ്രാമത്തില്‍ നിന്നു തുടങ്ങിയ ഈ സ്ത്രീ മുന്നേറ്റം ഇന്ന് 40 ഗ്രാമങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ഏതായാലും ആര്‍ത്തവം കാരണം വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്ന ഒരു ജനതയ്ക്ക് ഓക്‌വുഡ് വിദ്യാര്‍ഥികളും പിരീഡ് ദി എന്‍ഡ് ഓഫ് ദി സെന്റന്‍സ് എന്ന ഡോക്യമെന്ററിയിലൂടെ സംവിധായിക റയ്ക്കയും നിര്‍മാതാവും അധ്യാപികയുമായ മെലീസയും സമ്മാനിച്ചത് ഒരു പുതുവിദ്യാഭ്യാസ ലോകമാണ്. ആര്‍ത്തവം വിദ്യ ഹനിക്കാനുള്ള മാറാ രോഗമല്ലെന്ന് ലോകത്തോട് അവര്‍ വിളിച്ചു പറഞ്ഞു.
ലോസ് ആഞ്ചലാസിലെ ഡോല്‍ബി തിയേറ്ററില്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ റയ്ക്കയോടൊപ്പം മെലീസയുയുമുണ്ടായിരുന്നു. കൂടെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് പേരും ഓക്‌വുഡ് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും.
പണമില്ലാതെ വീടിനകത്തിനിരുന്ന പലര്‍ക്കും ഈ ജോലി ഉപജീവനമാര്‍ഗം നല്‍കി. 2000 രൂപയ്ക്ക് മുകളില്‍ മാസ വരുമാനമുള്ള ജോലിയായി മാറി. പണമില്ലായ്മ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര മുടങ്ങിയവര്‍ക്ക് യാത്ര തുടരാനുള്ള ഒരു വഴിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."