തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്: മാസ്റ്റര്‍പ്ലാന്‍ തയാറാക്കും
തിരുവമ്പാടി: ടൗണില്‍ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു. ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ചെറിയമഴയത്തു പോലും ടൗണിലും ബസ് സ്റ്റാന്‍ഡിലും വെള്ളം കയറുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ആനക്കാംപൊയില്‍, മറിപ്പുഴ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് തിരുവമ്പാടി ടൗണിലെ എണ്‍പതോളം കടകളിലാണ് വെള്ളം കയറിയത്.
ഇതു മൂലം വ്യാപാരികള്‍ക്ക് മാത്രം രണ്ട് കോടിയോളം രൂപയുടെ നഷ്ടവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ടൗണിലെ വെള്ളം ഒഴിഞ്ഞുപോകാന്‍ ശാസ്ത്രീയമായ അഴുക്കുചാല്‍ സംവിധാനം തയാറാക്കുന്നത്. ടൗണ്‍ വികസത്തിതിരുവമ്പാടിന്റെ പേരില്‍ തിരുവമ്പാടിയില്‍ പലയിടങ്ങളിലും ഡ്രൈനേജുകള്‍ ആഴവും വീതിയും കൂട്ടിയിരുന്നു.
പക്ഷെ ഇത് വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. അഴുക്കുചാല്‍ അത്യാവശ്യമായി വേണ്ടിടത്തില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഇതിന്ന് മുന്നോടിയായി എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് പദ്ധതി ഫണ്ട് ലഭ്യമാക്കും.
പൊതുമരാമത്ത് തിരുവമ്പാടി സെക്ഷന്‍ എന്‍ജിനീയര്‍ സുരേഷ് ബാബു, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സോളി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ജിജി തോമസ്, ഗണേഷ് ബാബു, സുനില്‍ ഖാന്‍, കെ.എം മുഹമ്മദലി പങ്കെടുത്തു.
അതേ സമയം തിരുവമ്പാടി ടൗണിലെ ഡ്രൈനേജുകളിലെ ശുചീകരണം ഇന്നലെ തുടങ്ങി. സ്ലാബുകള്‍ നീക്കി മാലിന്യങ്ങള്‍ നീക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴക്കാലത്തിന് മുന്‍പേ ചെയ്യേണ്ട പ്രവൃത്തി നടക്കാത്തതുമൂലം ഡ്രൈനേജുകള്‍ അടഞ്ഞ് വെള്ളം പൊങ്ങുന്നതും റോഡിലൂടെ പരന്നൊഴുകുന്നതും പതിവാകുകയും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."