HOME
DETAILS

ജീവിതത്തിലെ വിശുദ്ധി പോലെയായിരുന്നു മരണവും, റമദാന്‍ അവസാന പത്ത്, വെള്ളിയാഴ്ച ദിവസം, യാസീന്‍ ഓതിക്കൊണ്ടിരിക്കെ മരണം

  
backup
May 15 2020 | 06:05 AM

maulana-abul-hassan-ali-nadwi-memmory2020


21 വര്‍ഷങ്ങള്‍ക്ക് മുന്നെ റമദാന്‍ 23 നാണ് അബൂഹസന്‍ അലി നദ്‌വി എന്ന പണ്ഡിതന്‍ യാത്രയായത്. അദ്ദേഹത്തിന്റെ വിയോഗ ദിവസത്തെ ഓര്‍ത്തെടുക്കുകയാണ് ആ ദിവസങ്ങളില്‍ ച്ടങ്ങുകള്‍ക്ക് സാക്ഷിയായ കുറിപ്പുകാരന്‍

1999 ഡിസംബര്‍ 29 (1420 റമദാന്‍ 20) ആഗ്രയില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയായ ലക്‌നോവിലേക്ക് ഞങ്ങള്‍ പുറപ്പെട്ടത് അന്ന് രാവിലെയാണ്. നോമ്പുതുറ സമയവും കഴിഞ്ഞ് രാത്രി 8.30 ഓടെയാണ് ലക്‌നോവിലെ പ്രശസ്ത വിദ്യാകേന്ദ്രമായ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെത്തിയത്. ഉത്തരേന്ത്യയില്‍ അതിശൈത്യകാലമായിരുന്നു അത്. കൊടുംതണുപ്പില്‍ വിറങ്ങലിച്ച് നദ്‌വയിലേക്ക് പ്രവേശിക്കുമ്പോള്‍ മനസ്സ് നിറയെ അലി മിയാനായിരുന്നു. ദാറുല്‍ ഉലൂമിന്റെ റെക്ടര്‍ കം സെക്രട്ടറി ജനറലും ലോകപ്രശസ്ത പണ്ഡിതനും ദാര്‍ശിനികനും ഗ്രന്ഥകാരനുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി അല്‍ഹസനി നദ്‌വി. ദല്‍ഹി, അലീഗര്‍, ആഗ്ര പര്യടനം കഴിഞ്ഞ് ലക്‌നോവിലേക്ക് യാത്രതിരിക്കുമ്പോള്‍ തന്നെ മൗലാനയെ കണ്ട് ആശീര്‍വ്വാദം വാങ്ങുകയായിരുന്നു വലിയ ലക്ഷ്യം.


അന്നു വരെ ജീവിതത്തില്‍ ഒരിക്കലും നേരില്‍ കണ്ടില്ലെങ്കിലും ഗുരുതുല്യനായിരുന്നു സയ്യിദ് അലിമിയാന്‍. മദ്‌റസ അഞ്ചാം തരം കഴിഞ്ഞ് ചെമ്മാട് ദാറുല്‍ ഹുദായില്‍ എത്തിയ ശേഷം ഓരോ ക്ലാസിലും നദ്‌വി സാഹിബിന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങള്‍ പഠിക്കാനുണ്ടാകും. ചരിത്രം, അറബി സാഹിത്യം, തത്വചിന്ത... എന്നിങ്ങനെ ബഹുമുഖ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. അതിലുപരി പണ്ഡിതോചിതമായ ഉറച്ച നിലപാടുകളിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന് കരുത്തുറ്റ നേതൃത്വം നല്‍കുന്ന നദ്‌വി സാഹിബിന്റെ സാന്നിധ്യം എല്ലാ അര്‍ഥത്തിലും ചെറുപ്രായം മുതല്‍ അനുഭവിക്കാന്‍ ദാറുല്‍ ഹുദായില്‍ നിന്ന് അവസരമുണ്ടായിട്ടുണ്ട്.


ഒരു വ്യാഴവട്ടമായി മനസ്സില്‍ താലോലിക്കുന്ന ഗുരുശ്രേഷ്ഠനായ പണ്ഡിത വരേണ്യനെ നേരില്‍കാണാനുള്ള അവസരം കൈവന്നതിന്റെ അതിരറ്റ സന്തോഷത്തിലാണ് ഞങ്ങള്‍ ലക്‌നോവിലെ അദ്ദേഹത്തിന്റെ ആസ്ഥാനമായ ദാറുല്‍ ഉലൂമിലേക്ക് കാലെടുത്ത് വെച്ചത്. ദാറുല്‍ഹുദായില്‍ നിന്ന് പഠനപരിശീലനത്തിന്റെ ഭാഗമായാണ് വിശുദ്ധ റമദാനില്‍ ഉത്തരേന്ത്യന്‍ പര്യടത്തിന് അവസരം ലഭിച്ചത്. അന്ന് പി.ജി അവസാന വര്‍ഷ വിദ്യാര്‍ഥിയും ഇപ്പോള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനുമായ ഫൈസല്‍ ഹുദവി പട്ടാമ്പിയായിരുന്നു കൂട്ടിന്. കൃത്യമായി പറഞ്ഞാല്‍ രണ്ടു പതിറ്റാണ്ടു മുമ്പ്.
നദ്‌വയിലെത്തിയ ഉടന്‍ ഞങ്ങള്‍ അന്വേഷിച്ചത് മൗലാനാ നദ്‌വി സാഹിബിനെയായിരുന്നു. മൗലാന റമദാന്‍ ഒന്നു മുതല്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും ഇന്നു രാവിലെ സ്വദേശമായ റായിബറേലിയിലേക്ക് പോയെന്നും ഇനി പെരുന്നാള്‍ കഴിഞ്ഞ ശേഷമേ തിരിച്ചു വരികയുള്ളൂവെന്നും കേട്ടതോടെ ഞങ്ങള്‍ക്ക് വലിയ പ്രയാസം തോന്നിയി. രാത്രി 11 മണിയോടെ നദ്‌വയുടെ ഹോസ്റ്റല്‍ മുറിയില്‍ തണുപ്പു പുതച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. 'നദ്‌വി സാഹിബിനെ കാണാതെ മടങ്ങാനാവില്ല. നാളെ നേരം പുലര്‍ന്ന് നമുക്ക് റായിബറേലിയിലേക്ക് പോകാം.' അടുത്ത ദിവസം വ്യാഴാഴ്ച രാവിലെ തന്നെ ഞങ്ങള്‍ ലക്‌നോവില്‍ നിന്ന് ബസില്‍ മൂന്ന് മണിക്കൂറിലധികം യാത്ര ചെയ്ത് റായ്ബറേലിയിലെത്തി. ഏകദേശം 83 കിലോമീറ്റര്‍ ദൂരം. നഗരത്തില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ കുഗ്രാമമായ തകിയ കലാനിലാണ് വിശ്വപണ്ഡിതന്റെ സ്വകാര്യ വസതി. നടന്നാണ് ഞങ്ങള്‍ തക്‌യയിലെത്തിയത്. വീതി കുറഞ്ഞ അലി മിയാന്‍ മാര്‍ഗിലൂടെ സുന്ദരമായ വയലുകള്‍ക്കിടയിലൂടെയുള്ള യാത്ര. ഇടക്കിടെ സൈക്കിള്‍ റിക്ഷകള്‍ കാണാം. തക്‌യ കലാനില്‍ അലിമിയാന്റെ കൊച്ചുവീടും ശാഹ് അലമുല്ലാ മസ്ജിദും ഒരു വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്.


അസ്ര്! സമയത്ത് മൗലാനയുടെ വീട്ടുമുറ്റത്ത് എത്തുമ്പോള്‍ പൂമുഖത്ത് കുറച്ച് ബന്ധുക്കളും പരിചാരകരും മാത്രം. കേരളത്തില്‍ നിന്നാണെന്നും മൗലാനയെ കാണാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ വുദൂ ചെയ്യുകയാണെന്നും അസ്ര്! നിസ്‌കാര ശേഷം കാണാമെന്നും മറുപടി ലഭിച്ചു. അന്ന് കുറച്ച് ക്ഷീണമായതിനാല്‍ മൗലാന വീട്ടില്‍ നിന്ന് തന്നെയാണ് നിസ്‌ക്കരിക്കുന്നത്. ഞങ്ങള്‍ അസ്ര്! ജമാഅത്തിനായി പള്ളിയിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നതിനിടെ അകത്ത് നിന്ന് വിളി വന്നു. നിസ്‌ക്കരിക്കുന്നതിനു മുമ്പ് തന്നെ മൗലാനയെ കാണാനുള്ള വിളിയായിരുന്നു അത്. ക്ഷീണിതനായതിനാല്‍ വേഗം കണ്ട് പുറത്തിറങ്ങണമെന്ന് നിര്‍ദേശം.


സമയം വൈകീട്ട് 3.45. മൗലാന നിസ്‌കാരത്തിന് തയ്യാറെടുക്കുന്ന മുറിയിലേക്ക് ഞങ്ങള്‍ സലാം പറഞ്ഞ് കയറി. യാത്രക്കിടെ കൈയില്‍ കരുതിയിരുന്ന ക്യാമറയും എന്റെ കൈവശമുണ്ടായിരുന്നു. അന്ന് പ്രായം 21. പറ്റുമെങ്കില്‍ ഒന്നിച്ചൊരു ഫോട്ടോക്ക് പോസ് ചെയ്യാമെന്നൊക്കെ പേരുടെയും മനസ്സിലുണ്ട്. ചെറിയ മുറിയുടെ അകത്ത് കയറുമ്പോള്‍ മൗലാനയെ രണ്ട് പേര്‍ ചേര്‍ന്ന് കസേരയിലേക്ക് ഇരുത്തുകയാണ്. ഈമാന്റെ ഗാംഭീര്യം തുളുമ്പുന്ന ആ മുഖം കണ്ടതും ഞങ്ങളുടെ ഹൃദയം പിടഞ്ഞു. ഇടതു കൈയില്‍ പിന്നിലായി പിടിച്ചിരുന്ന ക്യാമറ ഞാന്‍ അറിയാതെ താഴെയിട്ടു. ഭൗതിക താത്പര്യങ്ങളൊന്നും പങ്കുവെക്കാവുന്നതായിരുന്നില്ല ഭക്തി തുളുമ്പുന്ന ആ സുന്ദരമുഖം. സൗദി ആസ്ഥാനമായുള്ള റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയില്‍ വരെ അംഗമായ ആഗോള പണ്ഡിതന്‍ എന്ന നിലയില്‍ അതൊക്കെയാവാം എന്ന ധാരണ തിരുത്തിയ നിമിഷം. ജീവിതത്തില്‍ മുമ്പ് ഇതുപോലെ ഹൃദയം പിടയുന്ന ഗാംഭീര്യത്തോടെ അകലെ നിന്ന് നോക്കിക്കണ്ടത് കണ്ണിയത്ത് ഉസ്താദിനെയാണ്.


അസ്ര്! നിസ്‌കാരത്തിനായി ഒരുങ്ങുന്ന മൗലാനയുടെ അടുത്ത് ചെന്ന് ഞങ്ങള്‍ മുസാഫഹത്ത് ചെയ്തു സലാം പറഞ്ഞു. അപ്പോഴാണ് ആ മനസ്സിന്റെ നൈര്‍മല്യവും വിനയവും അറിഞ്ഞത്. പുഞ്ചിരിയോട അദ്ദേഹം സലാം മടക്കി. കേരളത്തില്‍ നിന്നാണെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ പഠിക്കുന്നവരാണെന്നും ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ശിശ്യ•ാര്‍ ആണെന്നും പറഞ്ഞപ്പോള്‍ മുഖത്ത് വലിയ സന്തോഷ പ്രകടനവും പരിചിത രീതിയിലുള്ള തലയാട്ടലും. ദാറുല്‍ ഹുദായുടെ അറബിയിലുള്ള ബ്രോഷര്‍ സമര്‍പ്പിച്ചപ്പോള്‍ അത് വാങ്ങി ഒന്നു രണ്ട് പേജ് മറിച്ചുനോക്കി. പിന്നെ, ലഘുവായ പ്രര്‍ഥനയോടെ അദ്ദേഹം ഞങ്ങളെ യാത്രയാക്കി. അപ്പോള്‍ പരിചാരകര്‍ ചേര്‍ന്ന് അദ്ദേഹത്തെ നിസ്‌കാരത്തിനായി മുസല്ലയിലേക്ക് ഇരുത്തുകയാണ്. സലാം പറഞ്ഞ് പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് മോഹം സഫലമായതിന്റെ അതിരറ്റ ആഹ്ലാദം. ശാഹ് അലമുല്ലാ പള്ളിയില്‍ അസ്ര്! നിസ്‌കരിച്ച ശേഷം തക്‌യ കലാനില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് ലക്‌നോവിലെ ദാറുല്‍ ഉലൂമിലെത്തുമ്പോള്‍ സമയം രാത്രി 10 മണി.


നദ്‌വയിലെ ഹോസ്റ്റല്‍ മുറിയില്‍ വീണ്ടും ഒരു രാത്രി. നിസ്‌കാരം കഴിഞ്ഞ് കൊടും തണുപ്പില്‍ കിടന്നുറങ്ങി. അത്താഴവും സുബ്ഹിയും കഴിഞ്ഞ് വീണ്ടും ഉറക്കം. നേരം പുലര്‍ന്നുള്ള വെള്ളിയാഴ്ച ദാറുല്‍ ഉലൂമിന്റെ ക്യാമ്പസ് പള്ളിയില്‍ പ്രസിദ്ധരായ പണ്ഡിതരോടൊപ്പം ജുമുഅയില്‍ പങ്കെടുക്കുന്നതിന്റെ അനുഭൂതിയുമായാണ് ഉണര്‍ന്നത്. തലേന്ന് വൈകീട്ട് മൗലാനാ നദ്‌വി സാഹിബിനെ നേരില്‍ കണ്ടതിന്റെ ഭക്തിനിര്‍ഭരമായ നേര്‍ചിത്രം അപ്പോഴും മനസ്സിലുണ്ട്. നദ്‌വയുടെ ലൈബ്രറി സന്ദര്‍ശിച്ച ശേഷം പതിനൊന്ന് മണിയോടെ ജുമുഅ നിസ്‌കാരത്തിനായി കാമ്പസ് പള്ളിയിലെത്തി.


ജുമുഅ ഖുത്ബക്ക് മുമ്പായി ശൈഖുത്തഫ്‌സീര്‍ ബുര്‍ഹാനുദ്ദീന്‍ നദ്‌വിയുടെ ഉറുദുവിലുള്ള പ്രഭാഷണം തുടങ്ങി. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൗലാനാ സഈദുല്‍ അഅ്ദമി നദ്‌വി തിടുക്കത്തില്‍ മിഹ്‌റാബിനടുത്തേക്ക് വരുന്നു. പ്രസംഗിച്ചു കൊണ്ടിരുന്ന ബുര്‍ഹാനുദ്ദീന്‍ നദ്‌വിയുടെ കാതില്‍ എന്തോ സ്വകാര്യം പറയുന്നു. പിന്നെ, ഇരുവരും കെട്ടിപ്പിടിച്ചു കരയുന്നു. ഒരു നിമിഷം, എല്ലാവരും നിശബ്ധരായി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ആലിംഗനബദ്ധരായി ബുര്‍ഹാനുദ്ദീന്‍ നദ്‌വിയും സഈദുല്‍ അഅ്ദമി നദ്‌വിയും തേങ്ങിക്കരയുന്നത് കണ്ട് സദസ്സ് മനസ്സിലാക്കി. നമ്മുടെ നായകന്‍, മൗലാനാ അലി മിയാന്‍ വിട പറഞ്ഞിരിക്കുന്നു... ഇന്നാലില്ലാഹ്.


പിന്നെ, പള്ളിയില്‍ കൂട്ടക്കരച്ചിലായി. മൗലാനയുടെ നൂറുകണക്കിന് ശിഷ്യ•ാര്‍ വിതുമ്പിക്കൊണ്ടിരുന്നു. ആര്‍ക്കും ഒന്നും പറയാനാവുന്നില്ല. രണ്ടു ദിവസം മുമ്പാണ് പെരുന്നാളിനായി അദ്ദേഹം നദ്‌വയില്‍ നിന്ന് നാട്ടിലേക്ക് പോയത്. കാര്യമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു. സാധാരണ റമദാന്‍ മുഴുവന്‍ സ്വന്തം ഗ്രാമത്തില്‍ ചെലവഴിക്കുകയാണ് രീതി. ഇത്തവണ പതിവ് തെറ്റിച്ച് മൂന്നാഴ്ചയോളം നദ്‌വയില്‍ കൂടി. നാട്ടിലേക്ക് പോയി രണ്ടാം ദിവസമാണ് എന്നത്തേക്കുമുള്ള വിടവാങ്ങല്‍.
ഞങ്ങളും അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. തേങ്ങല്‍ അടക്കാനാവുന്നില്ല. വര്‍ഷങ്ങളായി മനസ്സില്‍ താലോലിക്കുന്ന ഗുരുസ്ഥാനീയനായ പണ്ഡിതന്‍. തലേദിവസം വൈകീട്ട് നേരില്‍ക്കണ്ട മഹാന്‍ ഇതാ ഉണര്‍ന്നെണീറ്റപ്പോഴേക്കും വഫാത്തായിരിക്കുന്നു. വിശ്വാസിക്കാനാവുന്നില്ല. ജുമുഅ തുടങ്ങാന്‍ സമയമായിട്ടും നദ്‌വയിലെ പള്ളിയില്‍ അനിശ്ചിതത്വം നീങ്ങുന്നില്ല.


ഒടുവില്‍ ഊര്‍ജം സംഭരിച്ച് മൗലാനാ സഈദുല്‍ അഅ്ദമി നദ്‌വി മിമ്പറിലേക്ക് കയറി ഖുതുബ തുടങ്ങി. പ്രവാചകന്‍ (സ)യുടെ വഫാത്ത് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ അബൂബക്കര്‍ (റ) നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഖുതുബ. ''ആരെങ്കിലും മുഹമ്മദിനെ ആരാധിക്കുന്നുവെങ്കില്‍ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. ആര് അല്ലാഹുവിനെ ആരാധിക്കുന്നുവോ, നിശ്ചയം അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്. അവന് മരണമില്ല.'' ലഘു ഖുതുബയും നിസ്‌കാരവും കഴിഞ്ഞ് ജുമുഅ പിരിഞ്ഞു.


പള്ളിയില്‍ നിന്ന് പുറത്തിറങ്ങി നേരെ എസ്.ടി.ഡി ബൂത്തിലേക്ക് ഓടി. അവിടെ നീണ്ട നിര. ഊഴമെത്തിയപ്പോള്‍ ആദ്യം ദാറുല്‍ ഹുദായിലേക്ക് വിളിച്ചു. ബഹു. ഡോ.യു ബാപ്പുട്ടി ഹാജിയാണ് ഫോണെടുത്തത്. നദ്‌വി സാഹിബ് മരിച്ച വിവരവും തലേദിവസം ഞങ്ങള്‍ അദ്ദേഹത്തെ കണ്ട വിവരവും പറഞ്ഞു. ഇന്നാലില്ലാഹ്... ചൊല്ലിയ ഹാജിയാര്‍ 'എന്റെ മക്കള്‍ വലിയ ഭാഗ്യവാ•ാരാണെന്നും സാധിക്കുമെങ്കില്‍ ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കണമെ'ന്നും ഉപദേശിച്ചു. ഡല്‍ഹി വാസത്തിനിടയില്‍ ഞങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്ന ചന്ദ്രികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് കെ. മുഹമ്മദ് കുട്ടിയെയും ഫോണില്‍ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അലി മിയാന്റെ ഖബറടക്കത്തിന്റെ അനുബന്ധ വാര്‍ത്ത അടുത്ത ദിവസം ഡല്‍ഹിയിലേക്ക് ഫാക്‌സ് ചെയ്ത് നല്‍കിയിരുന്നു. ഇത് എന്റെ ബൈലൈനോട് കൂടി ലക്‌നോ ഡേറ്റ്‌ലൈനില്‍ ചന്ദ്രികയില്‍ അച്ചടിച്ചു വന്നത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.


നദ്‌വയില്‍ നിന്ന് തക്‌യ കലാനിലേക്ക് ഏര്‍പ്പാടാക്കിയ മൂന്ന് ടൂറിസ്റ്റ് ബസുകളിലൊന്നില്‍ ഞങ്ങളും കയറിപ്പറ്റി. അലിമിയാന്റെ ജനാസ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള യാത്ര. വാഹനങ്ങളുടെ തിരക്ക് കാരണം രാത്രി 7 മണിയോടെയാണ് ബസ് സ്ഥലത്തെത്തിയത്. വണ്ടി എവിടെയോ നിര്‍ത്തി. ജനബാഹുല്യത്തിനിടയില്‍ കുറെ നടന്ന് തലേ ദിവസം എത്തിയ അതേ വീട്ടുമുറ്റത്ത് ഞങ്ങള്‍ വീണ്ടുമെത്തി. നീണ്ട വരിയില്‍ നിന്ന് നടന്നടുത്ത് ശാന്തമായി കിടക്കുന്ന ആ സുന്ദര മുഖം ഒരിക്കല്‍ കൂടി കണ്ടു. ഹൃദയ നൊമ്പരമായി ഓര്‍മ്മയില്‍ ഓമനിക്കാന്‍ രണ്ടു കാഴ്ചകള്‍. ഒന്ന് ജീവനോടെയും രണ്ടാമത്തേത് മരിച്ച ശേഷവും. രണ്ടും ഒരു ദിവസത്തെ മാത്രം ഇടവേളയില്‍.


രാത്രി 9 മണിയായപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കൊടുതണുപ്പ് വകവെക്കാതെ വന്‍ ജനാവലി ആ കുഗ്രാമത്തിലേക്ക് ഒഴുകിയെത്തി. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം. തുടരെത്തുടരെയുള്ള മൈക്ക് അനോണ്‍സ്‌മെന്റുകള്‍ക്ക് ചെവികൊടുക്കാതെ ജനം ജനാസ ഒരുനോക്ക് കാണാന്‍ തിരക്ക് കൂട്ടി. ഒടുവില്‍ ജനസഞ്ചയത്തെ ശാന്തരാക്കാന്‍ സയ്യിദ് സല്‍മാന്‍ ഹസന്‍ നദ്‌വിക്ക് ഒരു പ്രഭാഷണം തന്നെ നടത്തേണ്ടി വന്നു. അതും പ്രവാചക (സ) വിയോഗ സമയത്ത് അബൂബക്കര്‍ (റ) നടത്തിയ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന പ്രസംഗം. 'എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കും' എന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്ത് പ്രഭാഷണം തുടങ്ങിയ അദ്ദേഹം മുഹമ്മദ് (സ) യുടെ വിയോഗമായിരുന്നു മുസ്‌ലിംസമൂഹത്തിന് ഏറ്റവും ദുഃഖപൂര്‍ണമെന്നും അത് തരണം ചെയ്ത് നമുക്ക് മറ്റെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ഉത്‌ബോധിപ്പിച്ചു. വിശുദ്ധ റമദാന്റെ അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനു പോലും സാധ്യതയുള്ള രാവില്‍ തിരക്കും ബഹളവും കൂട്ടാതെ മൗലാനക്കു വേണ്ടി പ്രാര്‍ഥിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനാസ സന്ദര്‍ശനം നിര്‍ത്തിവെച്ച് തറാവീഹ് നിസ്‌കാരം നിര്‍വ്വഹിക്കുകയും തുടര്‍ന്ന് 9.45 ന് ജനാസ പള്ളിയിലേക്ക് എടുക്കുകയും ചെയ്തു. ജനാസ വഹിച്ച കട്ടില്‍ തൊടാനുള്ള ജനത്തിരക്കു കാരണം വീട്ടില്‍ നിന്ന് 100 അടി മാത്രം അകലെയുള്ള പള്ളിയിലേക്ക് ജനാസയെത്താന്‍ അര മണിക്കൂര്‍ സമയമെടുത്തു. 10.15 ന് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സഹോദരി പുത്രനായ സയ്യിദ് റാബിഅ് അല്‍ഹസനി നദ്‌വിയാണ് നേതൃത്വം നല്‍കിയത്. പള്ളിയുടെ മുന്‍വശത്ത് ശാഹ് അലമുല്ലായുടെ മഖ്ബറക്കു സമീപമാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്.


ലോകം രണ്ടായിരാം ആണ്ടിലേക്ക് പ്രവേശിക്കുന്ന ദിവസം 1999 ഡിസംബര്‍ 31 ന് 1420 റമദാന്‍ 22 ന് വെള്ളിയാഴ്ച നോമ്പുകാരനായാണ് സയ്യിദ് അലിമിയാന്റെ വഫാത്ത്. ജുമുഅ നിസ്‌കാരത്തിനായി കുളിച്ച് വസ്ത്രം മാറി അല്‍ കഹ്ഫ് സൂറത്ത് ഓതാന്‍ പരിചാരകരോട് മുസ്ഹഫ് എടുത്തു കൊണ്ടു വരാന്‍ പറഞ്ഞ അദ്ദേഹം മുസ്ഹഫ് എത്താന്‍ വൈകിയപ്പോള്‍ യാസീന്‍ ഓതാന്‍ തുടങ്ങി. 11 ആയത്ത് പൂര്‍ത്തിയാക്കിയ അദ്ദേഹം ബാക്കി പൂര്‍ത്തിയാക്കാനാകാതെ കണ്ണടച്ചു. അല്‍കഹ്ഫ് പാരായണം ചെയ്ത ശേഷം ജുമുഅക്ക് പുറപ്പെടുകയെന്നത് ചെറുപ്പത്തിലേ ഉമ്മ ശീലിപ്പിച്ചതാണ്. അന്നും രാവിലെ ഉണര്‍ന്ന ശേഷം ളുഹാ നിസ്‌കരിക്കുയും ഉസ്താദുമാര്‍ക്കും ശൈഖുമാര്‍ക്കും മാതാപിതാക്കള്‍ക്കും മറ്റും വേണ്ടി ളുഹ്‌റിനു മുമ്പായി പതിവായി പാരായണം ചെയ്യാറുള്ള 11 യാസീന്‍ ഓതി ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.


ജീവിതത്തിലെ വിശുദ്ധി പോലെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. റമദാന്‍ അവസാന പത്ത്, നോമ്പുകാരന്‍, വെള്ളിയാഴ്ച ദിവസം, സുന്നത്ത് കുളിയും വുദൂഉം, പുത്തന്‍ ഉടുപ്പണിഞ്ഞ് ജുമുഅക്കുള്ള തയ്യാറെടുപ്പ്, യാസീന്‍ ഓതിക്കൊണ്ടിരിക്കെ മരണം, ലൈലത്തുല്‍ ഖദ്ര്! പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിമൂന്നാം രാവില്‍ ഖബറടക്കം. ഒരു വിശ്വാസിയുടെ അന്ത്യസാക്ഷാത്ക്കാരത്തിന് ഇതില്‍പരം എന്ത് വേണം.


സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വി സാഹിബിന്റെ വഫാത്തിന് നാളെ (റമദാന്‍ 22) 20 വര്‍ഷം പൂര്‍ത്തിയാകുകയാണ്. പോയ നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത് ഏറ്റവും പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിത പ്രതിഭയും ദാര്‍ശിനികനുമാണ് മൗലാനാ അലി മിയാന്‍. ചെറുതും വലുതുമായ 200 ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവും നിരവധി ദേശീയ അന്തര്‍ദേശീയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹിയും നിരവധി യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ് പ്രൊഫസറും കിംഗ് ഫൈസല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളുടെ ജേതാവുമാണ് അലി മിയാന്‍. പ്രബോധകന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, മാനവികതയുടെ പ്രചാരകന്‍, പ്രവാചക പരമ്പരയിലെ നാല്പതാമത്തെ കണ്ണിയായ സയ്യിദ്, നിരവധി ത്വരീഖത്തുകളുടെ ശൈഖ് എന്നിങ്ങനെ നദ്‌വി സാഹിബിനെ വിശേഷിപ്പിക്കാവുന്ന വാക്കുകള്‍ നീളും.


രാജ്യത്ത് മുസ്‌ലിംകള്‍ ഉള്‍പ്പെടയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യവും ഐക്യവും അഖണ്ഡതയും മതസൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനും ജീവിതത്തിലുടനീളം ശബ്ദമുയര്‍ത്തുകയും പെഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള പ്രസ്ഥാനങ്ങളിലൂടെ അതിന് നേതൃപരമായ പങ്കുവഹിക്കുകയും മാനവികതയുടെ സന്ദേശ പ്രചാരണത്തിന് 'പയാമെ ഇന്‍സാനിയത്ത്' എന്ന പേരില്‍ സ്വന്തമായ പ്രസ്ഥാനം കെട്ടിപ്പെടുക്കുയും ചെയ്ത അലി മിയാന്‍ ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയനായിരുന്നു എന്നും. വിടപറഞ്ഞ് 21 വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന്റെ അസാന്നിധ്യം കൂടുതല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഭീകരമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago