ഇടിഞ്ഞ് വീഴാനൊരുങ്ങി കുടിവെള്ള ടാങ്ക്
പടിഞ്ഞാറത്തറ: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീഴാനൊരുങ്ങി കുടിവെള്ള ടാങ്ക്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് അടുത്തായി സ്ഥിതി ചെയ്യുന്ന കുടിവെള്ള ടാങ്കിന്റെ ചുവട്ടിലെ മണ്ണാണ് ഇടിഞ്ഞ് വീണ്കൊണ്ടിരിക്കുന്നത്. പ്രദേശത്തെ അമ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയമായ കുടിവെള്ള സ്രോതസ്സാണ് അപകട ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ കുടിവെള്ള ടാങ്കിന് അടിയിലെ മണ്ണ് പൂര്‍ണമായും അടര്‍ന്ന് വീണിട്ടും അവ നന്നാക്കുന്നതിനോ സ്ഥലം സന്ദര്‍ശിക്കുന്നതിനോ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ലന്ന് പ്രദേശത്തുകാര്‍ ആരോപിച്ചു. ഒരാഴ്ചയിലധികമായി ഇത്തരത്തില്‍ മണ്ണ് ഉതിര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ ടാങ്കിന് ഏതാണ്ട് രണ്ട് മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന വീടിനും കേടുപാടുകള്‍ സംഭവിക്കാനും ഇടയാവും. കൂടാതെ ടാങ്കിന് താഴ്ഭാഗത്തായി നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. എത്രയും വേഗത്തില്‍ ടാങ്കിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് കുടിവെള്ള ടാങ്ക് സംരക്ഷിക്കണമെന്നതാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."