HOME
DETAILS

കഥാപ്രസവം

  
backup
March 09 2019 | 22:03 PM

kathaprasavam-sunday-prabhaatham

നിശബ്ദമായി കിടക്കുന്ന ഹൃദയത്തിന്റെ താഴ്‌വരയില്‍ ഇടക്ക് പെയ്യുന്ന ചാറ്റല്‍ മഴ മാത്രമാണ് ശബ്ദത്തിന്റെ സാന്നിധ്യമായിട്ടുണ്ടായിരുന്നത്. ഒഴിഞ്ഞ് കിടക്കുന്ന കടലാസിന് മുന്നില്‍ കുത്തിപ്പിടിച്ച പേനയെ നോക്കി അയാള്‍ നെടുവീര്‍പ്പിടും. പരന്ന് കിടക്കുന്ന പാടത്തിന്റെ അനന്തതയിലേക്ക് നോക്കി ഉമ്മറപ്പടിയിലെ ചാരു കസേരയിലിരിക്കുമ്പോഴാണ് ഭാവനയുടെ നീര്‍ചാലുകള്‍ അയാളെ ഉണര്‍ത്തിയിരുന്നത്. ചിന്തയുടെ പഴുതിലൂടെ അരിച്ചിറങ്ങുന്ന അക്ഷരങ്ങളുടെയും വാക്കുകളുടെയും രശ്മികള്‍ ഹൃദയത്തില്‍ എത്തുമ്പോഴേക്കും അത് പതിയെ ചാലുകളായി, ആറുകളായി, കായലുകളായി ഒടുക്കം കടലിരമ്പം പോലെ കണ്ണിമകളിലൂടെ കവിള്‍ തടങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നത് അയാള്‍ അറിയുമായിരുന്നു. പരുക്കന്‍ പ്രതലങ്ങളിലൂടെയാണ് ഇപ്പോള്‍ ഹൃദയം സഞ്ചരിക്കുന്നത്. എന്റേത് മാത്രമായ ചില ചോദ്യങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇരുട്ടിനോട് ചോദിക്കാന്‍.......തുരുമ്പടിച്ച് പെയിന്റ് പോയ ജനല്‍ പാളികള്‍ക്കിടയിലൂടെ വന്ന് തലയിട്ട് പോകുന്ന കാറ്റിനോട് ചോദിക്കാന്‍. പറയാതെ വരുന്ന വസന്തത്തിന്റെ പകലിനോട് ചോദിക്കാന്‍. ഉയര്‍ന്ന് നില്‍ക്കുന്ന ഹിമഗിരികളോട് ചോദിക്കാന്‍..ആകാശത്തെ പ്രണയിച്ച് കഴിയുന്ന ശിഖിരങ്ങളോട് ചോദിക്കാന്‍... കടലിനോടും കരയോടും ചോദിക്കാന്‍... എല്ലാത്തിനെയും അയാള്‍ കേള്‍ക്കുമായിരുന്നു. പ്രകൃതിയോട് സംസാരിച്ചിരിക്കും... അവരുമായി കളിക്കും... കൂട്ടുകൂടും.. ഒഴിഞ്ഞ് കിടക്കുന്ന നെല്‍വരമ്പുകളില്‍ അയാള്‍ ഘോരമായി പ്രസംഗിക്കും. തുമ്പികളും, വണ്ണാത്തിപുള്ളിയും, പൂത്താന്‍കീരിയും, ഇരട്ടതലച്ചിയും, കാക്കര്‍ലാടിയുമെല്ലാം അയാളുടെ ഘോഷയാത്രയില്‍ അണിചേരാറുണ്ട്. കണ്ടതിനെയും കേട്ടതിനെയുമെല്ലാം ചിന്തകള്‍ക്കപ്പുറം അയാള്‍ കെട്ടഴിച്ച് വിടാറില്ല. ഇത് അയാളുടെ പതിവാണ്.


മുമ്പെപ്പഴോ മൃഗശാലയുടെ മതില്‍ ചാടി വന്ന ചപലന്‍ നാട്ടുകാര്‍ക്ക് വലിയ അത്ഭുതമായിരുന്നു. അതിനെ പിടികൂടി ഒരു മൂപ്പന്‍ ചെക്കന്‍ തന്റെ സാഹസികതയെ പറ്റി ഗര്‍വ് നടിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കുന്ന നാട്ടുകാരെ കണ്ട് അയാള്‍ക്ക് ചിരിയടക്കാനായില്ല. അയാള്‍ അങ്ങനെയാണ്. കണ്ടതിനപ്പുറം അതിനെ വായിക്കാറില്ല. കേട്ടതിനപ്പുറം അയാള്‍ കീറിമുറിക്കാറുമില്ല. നൂല് വണ്ണത്തില്‍ വെളുപ്പാം കാലത്ത് ചിണുങ്ങി പെയ്യുന്ന ചാറ്റല്‍ മഴയുടെ നേര്‍ത്ത തുള്ളികള്‍ വാതം പിടിച്ച കാല്‍പാദത്തെ നനക്കുമ്പോള്‍ ദൈവത്തെ നോക്കി അയാള്‍ പുഞ്ചിരിക്കും. വേദനകളുടെ സൂചി മുനയിറക്കിയ ഇന്നലെകളുടെ പകലുകള്‍ എടുത്ത് കളഞ്ഞത് കൊണ്ടാകുമെന്ന് ദൈവവും കരുതിയിട്ടുണ്ടാകും. കോരിച്ചൊരിയുന്ന ജൂണ്‍ മാസം അത് കൊണ്ട് തന്നെ അയാള്‍ക്ക് വെറുപ്പാണ്. കാട്ടു തീ പോലെ പടര്‍ന്ന് പിടിച്ച ഒരു ദുരന്തം. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിയില്‍ അന്ന് മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയും ഒരു മകളും പിന്നെ അയാളും. എഴുതാന്‍ കടലാസ് മുന്നില്‍ വെക്കുമ്പോഴേക്കും ഭാര്യയുടെ നിലവിളി കേള്‍ക്കാന്‍ തുടങ്ങും. ഓടിക്കിതച്ച് എത്തുമ്പോള്‍ മുടിയെല്ലാം വലിച്ച് മുഖത്തേക്കിട്ട് നിലത്ത് കിടന്ന് ഉരുളുകയായിരിക്കും അവള്‍. തെക്കേ വീടിന്റെ അപ്പുറത്ത് അമ്പലത്തിലേക്ക് പോകുന്ന വഴിയില്‍ ഉത്സവത്തിന്റെ തലേന്ന് ദീപം തെളിക്കാന്‍ പോയതാണ്. തിരിച്ച് പോന്നപ്പോള്‍ നേരം അന്തിയായിരുന്നു.

വഴി വിളക്കൊന്നുമില്ലാത്തത് കൊണ്ട് ഊഹിച്ചേ നടക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മമ്പാട് ഒരു മുസ്‌ലിയാര് തങ്ങള്‍ ഉണ്ടായിരുന്നു. മൂപ്പരാണ് കാവീന്ന് പിശാച് ബാധയേറ്റതാണെന്നും ദിവസവും മൂന്ന് തേങ്ങ തലക്കുഴഞ്ഞ് മഖ്ബറയിലെ ഉറൂസിന് കൊടുക്കണമെന്നും പറഞ്ഞത്. എന്നാലും ദിവസവും ഇത് തന്നെയായിരുന്നു പതിവ്. ഇതെല്ലാം കണ്ട് നിലത്ത് നിസ്സംഗയായി ഇരിക്കുന്ന മകളെ കാണുമ്പോള്‍ അയാള്‍ക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. നിങ്ങളിങ്ങനെ എഴുതിയിരുന്നോ... ഒരു പെണ്‍കുട്ടി വളര്‍ന്ന് വരുന്നുണ്ട് എന്ന വിചാരം ന്ങ്ങള്‍ക്കില്ല. ഭാര്യയുടെ ഏക പരാതിയായിരുന്നു ഇത്. ദൈവം രണ്ട് പേരെയും ഒരുമിച്ച് തിരിച്ച് വിളിക്കുമെന്ന് അയാള്‍ കരുതിയിരുന്നില്ല. പിന്നീട് പത്ത് ദിവസം മാത്രമേ അവള്‍ ജീവിച്ചിരുന്നുള്ളൂ. മരിച്ച അഞ്ചിന്റന്ന് കോയമ്പത്തൂര്‍ ഒരു പരിപാടി കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ അയല്‍ക്കാരെല്ലാം മുറ്റത്ത് കൂടി നില്‍ക്കുന്നു. ആരും ഒന്നും സംസാരിക്കുന്നില്ല. നേരെ വന്ന് ജോണേട്ടനോട് ചോദിച്ചപ്പോള്‍ മകള്‍ കുളത്തില്‍ വീണ് കുറച്ച് മുമ്പാണ് കിട്ടിയത്. വേഗം തന്നെ ആമ്പുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.. ബാക്കി അയാള്‍ക്ക് പൂരിപ്പിക്കാന്‍ കഴിഞ്ഞില്ല. തലയിലേക്ക് ഇരുമ്പുരുക്കി ഒഴിക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അന്നയാള്‍ വീട് വിട്ട് ഇറങ്ങിയതാണ്. പിന്നെ നാട്ടിലെങ്ങും അയാളെ കണ്ടതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. നിശബ്ദതയുടെ പ്രേതബാതയേറ്റ അന്തരീക്ഷം പോലെ ആ വീടും പരിസരവും എല്ലാവരെയും ഭയപ്പെടുത്തി കൊണ്ടിരുന്നു. ആരും അവിടേക്ക് വന്ന് നോക്കാറില്ല. നരിച്ചീറുകളും ക്ഷുദ്ര ജീവികളും വാസമുറപ്പിച്ച താവളമായി അത് പിന്നീട് പരിണമിക്കപ്പെടുകയായിരുന്നു. തൃക്കുന്നപ്പുഴയിലെവിടെയോ പോയി വന്നയാരോ അയാളെ കണ്ടതായി അങ്ങാടിയില്‍ പറഞ്ഞപ്പോള്‍ കേട്ടതല്ലാതെ പിന്നെ ഒരറിവും കാലമിത്രയായിട്ടും അയാളെപ്പറ്റി ഉണ്ടായിട്ടില്ല.


കോരിച്ചൊരിയുന്ന ജൂണ്‍ മാസത്തിന്റെ ശാന്തമായി കിടക്കുന്ന വൈകുന്നേരത്തിന്റെ മറവുപറ്റി വിജനമായി കിടന്ന നടപ്പാതയിലൂടെ അയാള്‍ സാവകാശം നടന്ന് വീടിന്റെ മുന്നിലെത്തി. അയാളുടെ ആഗ്രഹങ്ങളെല്ലാം ഹിമാലയം കയറാന്‍ തുടങ്ങിയിരുന്നു. ഓരോ ചുവടു വെക്കുമ്പോവും പിന്നില്‍ കാണുന്ന വലിയ ഗര്‍ത്തങ്ങള്‍ അയാളെ തിരിഞ്ഞു നോക്കാന്‍ ഭയപ്പെടുത്തി. എന്നിട്ടും മഞ്ഞുരുകിക്കിടന്ന വലിയഗര്‍ത്തങ്ങളിലേക്ക് തന്നെ അയാളും അയാളുടെ ആഗ്രങ്ങളും വന്ന് പതിച്ചു. കരിയിലകള്‍ പുതച്ചുകിടക്കുന്ന മുറ്റത്തുകൂടെ നടന്നയാള്‍ വീടിന്റെ മുന്നിലെത്തി. അടഞ്ഞ് കിടന്ന വാതില്‍ നന്നേ പാടു പെട്ടാണ് അയാള്‍ തള്ളിത്തുറന്നത്. ശവത്തിന്റെ പച്ചമണം മൂക്കിലേക്ക് അടിച്ച് കയറുന്നത് പോലെ അയാള്‍ക്ക് തോന്നി. ചുറ്റുപാടൊന്നും നിരീക്ഷിക്കാതെ അടഞ്ഞു കിടന്ന എഴുത്തു മുറിയുടെ വാതിലിന്നരികിലേക്ക് നടന്നു. തുരുമ്പിട്ടു തുടങ്ങിയ കൈപ്പിടി പിടിച്ചുതാഴ്ത്തി. കാലപ്പഴക്കത്തിന്റെ മുദ്രയെന്നോണം ഒരു പല്ലി പുറത്തേക്കെടുത്തു ചാടി. ഒരു ഞെരക്കത്തോടെ വാതില്‍ തുറന്നു വന്നു. കുമ്മായമടര്‍ന്ന ചുവരില്‍ മാറാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ദ്രവിച്ചു പോകാറായ ഒരു റാന്തല്‍ വലിപ്പു മേശക്കു മുകളില്‍ പ്രാണന്‍ നഷ്ടപ്പെട്ടവനെപ്പോലെ തോന്നിപ്പിച്ചു. മേശയുടെ തെക്കേമൂലയില്‍ ഒരു മര്‍ഫി റേഡിയോ പൊടിയും മാറാലയും പിടിച്ച് ഒരു പ്രതിമ പോലെ നില്‍പ്പുണ്ടായിരുന്നു. നിലത്താകെ എഴുതി വലിച്ചെറിഞ്ഞ കടലാസിന്റെ ചുരുട്ടു കെട്ടുകള്‍ റൂമിന്റെ മൂലയില്‍ സ്ഥാപിച്ച വേസ്റ്റ് ബാസ്‌കറ്റും നിറഞ്ഞ് നിലത്ത് ചിതറിക്കിടക്കുന്നു. അസഹ്യമായ ഒരു ഗന്ധം പുറത്തടിച്ച കാറ്റില്‍ അയാളേയും കടന്ന് പോയി. ഒരു നിശ്ചല ദേഹം പോലെ അല്‍പനേരം അയാള്‍ അവിടെ തന്നെ നിന്നു. ഭാര്യ മരിച്ചതില്‍ പിന്നെ ആദ്യമായിട്ടാണ് റൂമില്‍ പ്രവേശിക്കുന്നത്. നാലുപാടും അയാള്‍ നിരീക്ഷിക്കുകയായിരുന്നു. ഷെല്‍ഫിന്റെ മുകളില്‍ ചുവന്ന മഷിയില്‍ എഴുതിവച്ച കടലാസു കഷ്ണം തൂക്കിയിട്ട ഒരു ഇരുമ്പു കമ്പിയില്‍ കൊളുത്തിയിട്ടിരുന്നു. കാലപ്പഴക്കം കൊണ്ട് നിറം കെട്ടുപോയ അതിലെ വരികളെ അയാള്‍ കണ്ണു കൊണ്ട് മാന്തിയെടുത്തു.

ചുവപ്പിന്റെ ചിത്രമില്‍
തിളക്കുന്നു ചുടുരക്തമെന്‍
മേനിയില്‍ പ്രാണനേക്കാള്‍
വിലയാണെനിക്കു പോരാട്ടം
ഇവന്‍ ഞാനാണ് പേരെടുത്ത
രക്ത സാക്ഷി

പൊടി പിടിച്ചുകിടന്ന മരക്കസേരയില്‍ അയാള്‍ അമര്‍ന്നിരുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം തന്റെ മുന്നില്‍ എഴുതപ്പെട്ടതു പോലെ അയാള്‍ക്കു തോന്നി. പകുതി എഴുതി വച്ചിരുന്ന കടലാസില്‍ അയാള്‍ സൂക്ഷ്മതയോടെ നോക്കി. മാഞ്ഞു പോയ അക്ഷരങ്ങളിലൂടെ അയാള്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്നു. പൂര്‍ത്തിയാക്കാന്‍ ബാക്കിവെച്ച വരിയുടെ അവസാന ഭാഗത്തില്‍ അയാള്‍ പേന കുത്തിപ്പിടിച്ചു. ഇന്നലകളുടെ മേല്‍പ്പാലത്തിലൂടെ അയാള്‍ നടക്കാന്‍ തുടങ്ങി. അതിന്റെ പ്രതലം മുഴുവനും നനഞ്ഞ് വഴുതിക്കിടക്കുന്നത് മനസ്സിലാക്കിക്കൊണ്ടാവും കാല്‍വയ്പ്പുകളെല്ലാം സൂക്ഷ്മതയോടെയാണ് അയാള്‍ എടുത്തുവച്ചത്. അയാള്‍ എഴുതി. വര്‍ണ്ണനയുടെ അനന്തമായ ഭാവനകള്‍ അയാളുടെ വരികളെ ഇക്കിളിപ്പെടുത്തി. ഹൃദയത്തിന്റെ താഴ്‌വരകളില്‍ വസന്തത്തിന്റെ പൂമ്പാറ്റകള്‍ അകലെ സൂര്യനെ മുത്തമിട്ട് നില്‍ക്കുന്ന ഹിമ കുന്നുകളിലേക്ക് ചിറക് വെക്കുന്നത് പോലെ അയാളും ആ അക്ഷര നഗരിയില്‍ ഒരു പൂമ്പാറ്റയായി വട്ടമിട്ട് പറന്നു. ഇലപ്പടര്‍പ്പുകളില്‍ രാത്രി മഞ്ഞിട്ടു പോയ അടയാളങ്ങളില്‍ സൂര്യന്‍ പ്രതിഫലിച്ച പോലുണ്ടായ തിളക്കമായിരുന്നു അയാളുടെ കണ്ണുകള്‍ക്ക്. എല്ലാം ഒരു ആളിക്കത്തലായിരുന്നു. അണയാന്‍ തുടങ്ങുമ്പോഴുണ്ടാകുന്ന കത്തല്‍. എഴുതി കഴിഞ്ഞ കഥയിലേക്ക് അയാള്‍ ഒന്നു കൂടി നോക്കി. കയ്യില്‍ നിന്ന് പേന നിലത്തേക്ക് തെറിച്ച് വീണു. കൈകള്‍ നിശ്ചലമായി. ചിന്തകളിലേക്ക് ഇരുട്ട് പടര്‍ന്ന് കയറാന്‍ തുടങ്ങി. മുന്നില്‍ നിവര്‍ത്തിവച്ച കടലാസിലേക്ക് അയാള്‍ തല ചായ്ച്ചുവച്ചു. നിശബ്ദതയുടെ നിഴല്‍പാടുകള്‍ അവിടെ അടയാളങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. ഒരിറ്റു കണ്ണുനീര്‍ ഒരു കടല്‍ പരപ്പായി ആ കടലാസിലേക്ക് ഉറ്റി വീണു. വരള്‍ച്ചയുടെ തുടക്കമായി അത് ആ കടലാസിലേക്ക് ഊര്‍ന്നിറങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago