HOME
DETAILS

' ആര് വരുന്നു പോകുന്നുവെന്നതൊന്നും ഉറുദിക്ക് പ്രശ്‌നമേയല്ല. ആര്‍ക്കും കടന്നുവരാം. യോഗ്യതയോ പരിചയമോ വിഷയമേയല്ല, ആര്‍ക്കും എങ്ങനെയും തുടങ്ങാം'

  
backup
May 15 2020 | 06:05 AM

ramadan-urudy-shahid-thiruvallor2020

റമദാന്‍ ഉറുദിയെന്ന പുസ്തകം ആദ്യമായെഴുതിയത് ഞങ്ങളുടെ നാട്ടുകാനായ ഉമ്പാച്ചിയാണ്. പക്ഷെ,എന്തുചെയ്യാം? ഇപ്പോഴദ്ദേഹം 'വലിയ അശുദ്ധി ഉയര്‍ത്തുന്ന' തിരക്കിലാണ്. ഒരര്‍ത്ഥത്തില്‍, ഉറുദിയും ഉറുദുവും തമ്മിലുള്ള ബന്ധവും ഇതുപോലെയാണ്. ഉറുദിയില്‍ കുറച്ച് ഉറുദു കവിതകള്‍ അപൂര്‍വ്വമായി വന്നേക്കാമെന്നതല്ലാതെ രണ്ടും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല.

ആദ്യമായി ഞാന്‍ നോമ്പിന് ഉറുദി പറയാന്‍ എഴുന്നേറ്റു നിന്നത് കാറാഞ്ചേരി പള്ളിയിലാണ്. അവസാനത്തെ നോമ്പാണ് എന്നാണ് ഓര്‍മ. മാസം കണ്ടോ, കണ്ടില്ലേ, എന്ന കാത്തിരിപ്പിനിടയിലാണ് ആരോ എന്റെ പേര് വലിച്ചിഴച്ച് രണ്ട് വാക്ക് പറയാന്‍ നിര്‍ബ്ബന്ധിച്ചത്. ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ മുങ്ങുമായിരുന്നു. പക്ഷെ, ഇപ്പോ വേറെ രക്ഷയില്ല. ഒറ്റപ്പെട്ട ആവശ്യങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരം കിട്ടിയതോടെ ഞാന്‍ എഴുന്നേറ്റു. അമ്മാ ബഅ്ദ്.. ഇനി എന്തു പറയും? സാധാരണ ദിവസമാണെങ്കില്‍, നോമ്പിന്റെ പവിത്രത, മൂന്നു പത്തില്‍ ഏത് പത്തിലാണോ നാമുള്ളത് അതിന്റെ പ്രത്യേകത ഒക്കെ വീശാമായിരുന്നു. പക്ഷെ, ഇപ്പോ നോമ്പ് കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ കിട്ടിയത് പെരുന്നാളിന്റെ സന്ദേശമാണ്. അങ്ങനെയാകുമ്പോ എന്തും പറയാം. ഏതായാലും അഞ്ചോ പത്തോ പതിനഞ്ചോ മിനിറ്റ് നേരത്തെ ഉറുദി തീര്‍ത്തു. ഇഖ്ബാലിന്റെ ഏതോ പദ്യം അവസാനം പാടിയിട്ടുണ്ട് എന്നാണോര്‍മ്മ. എല്ലാം കഴിഞ്ഞ് പ്രാര്‍ത്ഥനയോടെ സലാം ചെല്ലുമ്പോള്‍, പള്ളി പ്രസിഡന്റ് ഇബ്‌റാനാജി മുന്നില്‍ വന്നു നില്‍ക്കുന്നുണ്ട്. എന്തൊക്കെയോ ചൊല്ലി മൂപ്പര്‍ നൂറ് രൂപ കീശയിലിട്ടു തന്നു. ഉറുദി വഴി ലഭിച്ച ആദ്യത്തെ എക്‌ണോമിക് പാക്കേജ്.

ഉറുദി കഴിഞ്ഞപ്പോഴേക്കും മാസം കണ്ടിട്ടില്ലെന്ന വാര്‍ത്ത വന്നു. എല്ലാവരും തറാവിക്ക് കൈ കെട്ടി. ആദ്യത്തെ ഉറുദിയുടെ വിറയല്‍ എനിക്ക് മാറാത്തതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വിട്ടു. അടുത്ത ദിവസം, വല്യ ഗമയോടെ ഞാന്‍ വീണ്ടും പള്ളിയിലേക്ക് വന്നു. റോഡില്‍ വെച്ചാണ് അയമു ഹാജിയെ കണ്ടത്. കണ്ടപാടെ എന്നെ വിളച്ചു. കഴിഞ്ഞ ദിവസം, ഉറുദി പറഞ്ഞതല്ലേ, അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനാകും. ഉടനെ പാഞ്ഞു ചെന്നു.'ഇന്നലെ തറാവിക്ക് കണ്ടില്ലല്ലോ'.. ചോര തന്നെ കൊതുകിന്ന് കൗതുകം. വന്നപോലെ വേഗം സ്ഥലം വിട്ടു.

അടുത്ത നോമ്പ് വന്നു. കാപ്പാട്, അക്കാദമിയില്‍ നോമ്പിന് ലീവുള്ള കാലമായിരുന്നു. കഴിഞ്ഞ പ്രാവശ്യം കാറാഞ്ചേരിയില്‍ ഉറുദി പറഞ്ഞ കോണ്‍ഫിഡന്‍സ് കയ്യിലുള്ളതിനാല്‍ എവിടെയെങ്കിലും ഉറുദി പറയണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. പക്ഷെ, പുറത്തില്ല. നാട്ടില്‍ പറ്റില്ല എന്ന നിര്‍ബ്ബന്ധബുദ്ധി ഉള്ളിലും പുറത്തുമുണ്ട്. അങ്ങനെ, ഏതോ ഒരു നോമ്പു ദിവസം, ഞാന്‍ നല്ല അസ്സല്‍ മൊയ്‌ല്യാരുട്ടിയായി ചാനിയം കടവ് ബസ്റ്റോപില്‍ നിന്നും ബസ്സ് കയറി. കന്നിനട പാലം കഴിഞ്ഞാല്‍ ഒരു ചെറിയ പള്ളിയുണ്ട്. അതാണ് എന്റെ ലക്ഷ്യം. ഒരു അസ്വര്‍ നിസ്‌കാരത്തിനു മുമ്പെ അവിടെയെത്തി. മൊയ്‌ല്യാരെ കണ്ടു. ഇവിടെ വല്യ ആളുണ്ടാകില്ലെന്ന് മൊയ്‌ല്യാര്‍ ആദ്യേ ജാമ്യമെടുത്തു. ആളില്ലെങ്കില്‍ അത്രയും നന്നെന്ന് ഞാനും. അങ്ങനെ അസ്വര്‍ നിസ്‌കാരം കഴിഞ്ഞു. പള്ളിയില്‍ ആകെയുള്ളത് മൊയ്‌ല്യാരും പിന്നെ മൂന്നു പേരും. അതില്‍ തന്നെ നിസ്‌കാരം കഴിഞ്ഞയുടനെ ഒരാള്‍ എഴുന്നേറ്റു പോയി. മറ്റൊരാള്‍ പോകാനിരിക്കുന്നു. മൊയ്‌ല്യാര്‍ക്കും പോകണമെന്നുണ്ട്. സന്ദര്‍ഭം മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങി. അവര്‍ പിരിച്ച പണം സ്‌നേഹപൂര്‍വ്വം എന്റെ പോക്കറ്റിലിട്ടു തന്നു. തിരിച്ച് വീണ്ടും ബസ്സില്‍ കയറി. പോക്കറ്റിലെ പണം, കുറെ നാണയങ്ങളുള്ളതിനാല്‍ കിലുങ്ങുന്നുണ്ട്. എണ്ണി നോക്കി. പതിനാറു രൂപ. അങ്ങോട്ടും ഇങ്ങോട്ടും ബസ്സിനു കൊടുത്തത് കഴിച്ചാല്‍ ആറ് രൂപ ലാഭം. കോസ്റ്റ് ബെനഫിറ്റ് റേഷ്യോ സീറോ. അതോടെ ആ വര്‍ഷത്തെ ഉറുദി പാക്കേജ് തന്നെ നിര്‍ത്തിവെച്ചു. മാ സലമാ..

അടുത്ത നോമ്പിന്, ഉപ്പ ഇമാമായി നില്‍ക്കുന്ന പള്ളിയിലേക്ക് ക്ഷണിച്ച് നിര്‍ബ്ബന്ധിച്ച് അവിടെ ഉറുദി പറയിപ്പിച്ചു. രാത്രി തറാവിക്ക് ശേഷമായിരുന്നു സംഭവം. താല്‍പര്യമുണ്ടെന്നറിഞ്ഞതോടെ പിറ്റേന്ന്, ഉച്ചക്കും അസ്വറിനും അതിനടുത്ത ദിവസങ്ങളിലും ബന്ധമുള്ള പല പള്ളികളിലേക്കും അയച്ചു. ബുക്കിങ്ങൊക്കെ വിളിച്ചു പറഞ്ഞിരുന്നു. മുയിപ്പോത്തിന്റെ മകന്‍ (മുയിപ്പോത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന് മുഴുവന്‍ പേര്)എന്ന പരിഗണന ആ പള്ളികളിലൊക്കെ കിട്ടി. മൂന്നു നാലു ദിവസം അങ്ങനെ കറങ്ങി. നാദാപുരം മേഖലയിലായിരുന്നു ഈ റൗണ്ടടി. നാദാപുരം മേഖല ഉറുദി മൊയ്‌ല്യമ്മാരുടെ ചാകരപ്രദേശമാണ്. എല്ലാ പ്രധാന വഖ്തുകളും നോമ്പിന് മുമ്പു തന്നെ ബുക്ക്ഡ് ആയിട്ടുണ്ടാകും. പെട്ടെന്ന് പോയാലൊന്നും പ്രവേശനം കിട്ടില്ല. വല്ല റെക്കമന്‍ഡും വഴി സീറ്റുറപ്പിച്ചാല്‍ നല്ല സാമ്പത്തിക ലാഭമുണ്ട്. അതിനാല്‍ എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പണ്ട് കുറച്ച് കാലം താമസിച്ച പ്രദേശമായതിനാല്‍, പഴയ കാല ബന്ധങ്ങളും ഉപയോഗപ്പെട്ടു. ഏതായാലും നാലഞ്ചു ദിവസത്തെ ഉറുദി ഷെഡ്യൂള്‍ ഉണ്ടാക്കി. ഒരു ദിവസം രാത്രി നോമ്പു തുറന്നത് ഒരു മൊയ്‌ല്യാരുടെ വീട്ടിലാണ്. നോമ്പുതുറക്ക് ശേഷം അദ്ദേഹം ഉറുദിക്കെതിരെ വാചാലനായി. ഉറുദിക്കെതിരെ ഒരു കനത്ത ഉറുദി തന്നെ അദ്ദേഹം എന്നോട് നടത്തി. മൂല്യം നഷ്ടപ്പെടുന്ന ഉറുദി എന്ന് ആ സംസാരത്തെ സംഗ്രഹിക്കാം. അതു കേട്ട് എനിക്കും വല്ലാതായി. ഉടനെ രംഗം വിടണമെന്ന തീരുമാനം ഉള്ളിലെടുത്തു. പക്ഷെ, രസകരമായ ഒരു സംഭവം പിറ്റേന്നു നടന്നു. അസ്വര്‍ നിസ്‌കാരാനന്തരം, ഒരു പള്ളിയില്‍ ഉറുദി ഏറ്റിട്ടുണ്ട്. ബാങ്കിന്റെ അരമണിക്കൂര്‍ മുമ്പെ തന്നെ അവിടെയെത്തി. പള്ളിക്കുള്ളിലേക്ക് കയറിയപ്പോ അവിടെ സുഹറിന് ശേഷം തുടങ്ങിയ ഉറുദി ഇതുവരെ തീര്‍ന്നിട്ടില്ല. അദ്ദേഹം നല്ല ഫോമിലാണ്. നിര്‍ത്താനുള്ള ഭാവമൊന്നും ആ ശരീരത്തിനില്ല. കത്തിക്കയറുകയാണ്. ഞാന്‍ ആളെ സൂക്ഷിച്ചു നോക്കി. ഇന്നലെ ഉറുദിക്കെതിരെ കത്തിക്കയറിയ, അയാള്‍ തന്നെയല്ലേ ഇയാള്‍? ഉറപ്പിച്ചു, അയാള്‍ തന്നെ.

ഒടുവില്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നാദാപുരം പള്ളിയിലെ പഴയ തട്ടകത്തെത്തി. ഉറുദി മൊയ്‌ല്യാമ്മാരുടെ ഇടത്താവളമാണ് നാദാപുരം പള്ളി. ഒരു വഖ്തില്‍ തന്നെ മൂന്ന് ഉറുദി നടക്കുന്ന സ്ഥലം. ഇത്തരത്തിലുള്ള ഒരുപാട് ഇടത്താവളങ്ങളുണ്ട്. പാറക്കടവ് പള്ളി, പെരിങ്ങത്തൂര്‍ പള്ളി, വടകര താഴെങ്ങാടി പള്ളി എന്നിവയൊക്കെ അതില്‍ ചിലതാണ്. പെരിങ്ങത്തൂര്‍ പള്ളിയല്‍ ഉറുദി പറയാന്‍ വരുന്നവര്‍ ഒരു ദിവസം വന്ന് നറുക്കെടുക്കാറാണത്രെ പതിവ്. അതിനു കീഴിലുള്ള ഏത് പള്ളിയില്‍, ആര് പോകണമെന്ന് അതോടെ തീരുമാനമാകും.


നാദാപുരം പള്ളിയിലെത്തിയ ഒരു ദിവസം, ഉറുദി പറയാന്‍ വന്ന മറ്റൊരു മൊയ്‌ല്യാരെ യാദൃശ്ചികമായ പരിചയപ്പെട്ടു. ഒരു മധ്യവയസ്‌കനാണ്. ഐസ് ബ്രേക്കിംഗ് നടന്നു. മൂപ്പര് നാദാപുരത്ത് ഉറുദി പറയാന്‍ വേണ്ടി മലപ്പുറത്ത് നിന്നും വണ്ടി കയറി വന്നതാണ്. മേഖലയില്‍ ഒരുപാട് കാലത്തെ പരിചയമുണ്ട്. ഈ മേഖലയില്‍ ചെയ്യേണ്ട ട്രിക്കുകളും ക്യാപ്‌സൂളുകളും സംബന്ധിച്ച് മൂപ്പര്‍ വിശദമായ ക്ലാസ് തന്നു. പണവും പ്രഭാഷണവും കണക്റ്റ് ചെയ്യുന്ന മേഖലകള്‍ ഒരു ബിസിനസുകാരന്റെ ഡെമോ പ്രസന്റെഷന്‍ പോലെ ഒട്ടും സ്വാര്‍ത്ഥതയില്ലാതെ എനിക്ക് മുന്നില്‍ അവതരിപ്പിച്ചു, ഒടുവില്‍, മൂപ്പര് ചോദിച്ചു. എന്റെ കൂടെ കൂടുന്നോ? കൂടിയാലുള്ള ലാഭവും പറഞ്ഞു. മൂപ്പര് പോകുന്ന പള്ളികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ എന്നെയും കൊണ്ടുപോകും. റമദാന്‍ കഴിയുമ്പോഴേക്കും നല്ല കാശുണ്ടാക്കാം. ഉറുദിയുടെ ഒരു ബിസിനസ് വേര്‍ഷനാണ് പുള്ളി. എന്തുകൊണ്ടോ എനിക്ക് വല്യ താല്‍പര്യം തോന്നിയില്ല. പക്ഷെ, മൂപ്പര്‍ വീണ്ടും വീണ്ടും പിന്നാലെ വന്നു. അതോടെ എനിക്കെന്തൊക്കെയോ പന്തികേട് മണത്തു. ഇപ്പോ വരാമെന്ന് പറഞ്ഞ്, ഞാന്‍ പള്ളിയുടെ വടക്കുവശത്തെ മൂത്രപ്പുരയുടെ പിറകിലൂടെ നാദാപുരം ബസ്റ്റാന്റിലെത്തി വേഗം നാട്ടിലേക്ക് ബസ്സ് കയറി. കണ്ടക്ടര്‍ വന്നപ്പോള്‍ പോക്കറ്റില്‍ നോക്കി. കഴിഞ്ഞ തവണത്തെ പോലെ, നാണയം കിലുങ്ങുന്നില്ല. പക്ഷെ, നോട്ടുകള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഏതാണ്ട് മുവ്വായിരത്തിനടുത്തുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. ഇടക്കൊക്കെ കാറാഞ്ചേരിപള്ളിയില്‍ മുഖം കാണിക്കുന്നത് ഒഴിച്ചാല്‍ എന്റെ ഉറുദി പ്രയാണം അവിടെ ബ്രേക്കിട്ടു.

ഉറുദിയുടെ ഏറ്റവും ആകര്‍ഷകമായ പാക്കേജ് അതിലെ ജനാധിപത്യമാണ്. ആര് വരുന്നു പോകുന്നുവെന്നതൊന്നും ഉറുദിക്ക് പ്രശ്‌നമേയല്ല. ആര്‍ക്കും കടന്നുവരാം. യോഗ്യതയോ പരിചയമോ വിഷയമേയല്ല. പേരോ സംഘടനയോ നോക്കുന്നില്ല. ഇന്‍ഫോര്‍മലാണ്. ആര്‍ക്കും എങ്ങനെയും തുടങ്ങാം. പക്ഷെ, തുടങ്ങുന്ന സമയം വളരെ പ്രധാനമാണ്. മൊയ്‌ല്യാര്‍ പ്രാര്‍ത്ഥന കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് കണ്ണ് കൊണ്ട് സൂചന നല്‍കും.ഉടനെ നിന്നോളണം. യാ റബ്ബി ബില്‍ മുസ്ഥഫാ..ഞങ്ങളുടെ കൂടെ പഠിച്ച ഒരു വിദ്വാന്‍ ഉറുദിക്ക് പള്ളി മാറി മുജാഹിദ് പള്ളിയിലാണെത്തിച്ചേര്‍ന്നത്. കുറെ നേരം പ്രാര്‍ത്ഥന കഴിയുന്നതും കാത്തുനിന്നു. ഒടുവില്‍ മൊയ്‌ല്യാരും എണീറ്റ് പോയതോടെയാണ് മൂപ്പര്‍ക്ക് സംഭവം മനസ്സിലായത്.(സംഭവം ഓടാത്തവര്‍ക്ക്; മുജാഹിദ് പള്ളികളില്‍ നിസ്‌കാരത്തിന് ശേഷം കൂട്ടപ്രാര്‍ത്ഥന ഉണ്ടാകാറില്ല)

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലുമുണ്ട് ഉറുദിയുടെ ജനാധിപത്യ സ്വഭാവം. ചിലര്‍ ഏതെങ്കിലും കഥകള്‍, ഏതെങ്കിലും ആയത്ത്, മസാല, ഹദീസ് എന്നിങ്ങനെ എന്തും വരാം. പൊതുവെ അഞ്ച് വിഷയങ്ങളാണ് ട്രന്‍ഡിംഗ്.
1-കുതിബ അലൈക്കുമുസ്സ്വിയാമു... ലഅല്ലകും തത്തഖൂന്‍.. (നിങ്ങള്‍ക്ക് നോമ്പ് നിര്‍ബ്ബന്ധമാക്കപ്പെട്ടത്, സൂക്ഷ്മത പുലര്‍ത്താന്‍ വേണ്ടിയാണ്) ശേഷം, സൂക്ഷ്മതയിലേക്ക് ഉറുദി തിരിയും. ഇതുപോലെ സമാന ആയത്തുകളും കടന്നുവരാം.
2-അസ്സൗമു ലീ വ അനാ അജ്‌സീ ബിഹി(നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്). ഇതുപോലെ സമാന ഹദീസുകളും കടന്നുവരാം. കലിമതാനി ഖഫീഫതാനി ഒരു സ്ഥിരം സാന്നിധ്യമാണ്.
3-ഓഫറുകളുടെ മൂന്ന് പത്തുകള്‍. എവിടെയും കിട്ടാത്ത ഓഫറുകള്‍ കൊണ്ട് റീചാര്‍ജ്ജ് ചെയ്യാനുള്ള പരസ്യം. അവസാനത്തെ പത്ത് എത്തിയാല്‍ പിന്നെ ലൈലതുല്‍ ഖദ്‌റുമായി ബന്ധപ്പെട്ടാകും മിക്കവരുടെയും വാക്കുകള്‍. 27 കഴിഞ്ഞാല്‍ പിന്നെ നോമ്പിന്റെ ശുദ്ധി പെരുന്നാളില്‍ നഷ്ടപ്പെടുത്തരുതെന്നും.4-നൂറു പേരെ കൊന്നവന്റെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ച കഥ, നബിയുടെ മേല്‍ മാലിന്യം നിക്ഷേപിച്ച ജൂതയുടെ കഥ.. അങ്ങനെ നാലഞ്ച് കഥകള്‍. കൂടെ ഒരു ബൈത് പ്രതീക്ഷിക്കാം. മാല മൗലിദുകളോ താഴവ യുടെ പദ്യമോ ഒക്കെ ഭാഗമായി വരും.


5-വിഷയാധിഷ്ഠിത ഉറുദുകളും അപൂര്‍വ്വമായി കേള്‍ക്കാം. അവര്‍ ഏതെങ്കിലും ഫിഖ്ഹീ മസ്അലയോ തജ് വീദിന്റെ നിയമങ്ങളോ ഒക്കെയാകും ചര്‍ച്ച ചെയ്യുക. ഇതിനപ്പുറം ഡീപ്പായി ചര്‍ച്ച നടത്തിയാല്‍, ഭാഷാ പ്രയോഗങ്ങള്‍ക്ക് മാറ്റം വന്നാല്‍, അത് ഉറുദി എന്ന കാറ്റഗറിയില്‍ നിന്ന് മാറി വഅള്, പ്രസംഗം, പ്രഭാഷണം എന്നിങ്ങനെ ദറജ (സ്ഥാനം) കയറിപ്പോകും. പൊതുവെ പ്രസംഗകര്‍ക്ക് ഉറുദിക്കാരോട് അല്‍പം ജാഡയും ഇച്ചിരി സഹതാപവുമാണെങ്കിലും ഉറുദിക്കാര്‍ക്ക് പ്രസംഗകരോട് ബഹുമാനമേ ഉള്ളൂ.

ടോപിക് ഏതായാലും ഭാഷ നാടനാകുമ്പോഴാണ് ഉറുദി ഉറുദിയാണെന്ന് കേള്‍വിക്കാര്‍ സമ്മതിച്ചുതരികയുള്ളൂ. കൂടെ അല്‍പം മണിച്ചും മുഴക്കിയും നീട്ടിയും പറയാനറിയണം. ഖുര്‍ആന്‍ വചനമുരുവിട്ടയുടനെ എന്ന് ഖാലല്ലാഹു അസ്സ വജല്ല്, വഅ്‌ലമൂ ഉമ്മത സയ്യിനാ മുഹമ്മദ് എന്ന് പറയാന്‍ മറക്കരുത്. ഉറുദി പറയുന്നവരില്‍ ദര്‍സില്‍ പഠിക്കുന്നവരും കോളെജില്‍ നിന്ന് വരുന്നവരുമുണ്ടാകും. അച്ചടി ഭാഷ പറയുന്നവരാണെങ്കില്‍, കോളെജില്‍ നിന്ന് വരുന്നവരാണെന്ന് മനസ്സിലാക്കാം. രണ്ടു പേര്‍ക്കും ഉറുദി ഒരു കളരിയാണ്. ഒപ്പം ഒരു കരുതലും. ഉറുദി കഴിഞ്ഞ്, അവതാരകന്‍ മൂത്രപ്പുരയില്‍ പോയാല്‍, ഉറപ്പിക്കാം, അയാള്‍ ആ കരുതല്‍ എണ്ണിനോക്കിയിട്ടുണ്ടെന്ന്.

പിന്നെ കേള്‍ക്കുന്നവര്‍ക്കും ആവശ്യമായ സ്വാതന്ത്ര്യം ഉറുദി അനുവദിച്ചുനല്‍കുന്നുണ്ട്. ഉറുദി തുടങ്ങും മുമ്പെ തന്നെ, 40% ആളുകളും പോയിട്ടുണ്ടാകും. റുദി തുടങ്ങിയ ശേഷം 20 ശതമാനം പേരും പോകും. ബാക്കിയുള്ള 40 ശതമാനത്തില്‍ പത്ത് ശതമാനം പേര്‍ സ്ലീപ്പിംഗ് ബ്യൂട്ടികളായിരിക്കും. ബാക്കി 20 ശതമാനം പേരായിരിക്കും കേള്‍ക്കാനുണ്ടാകുക. അതില്‍ പത്ത് ശതമാനം പേര്‍ നന്നായി എന്‍ഗേജ് ചെയ്യുന്നവരായിരിക്കും. അഞ്ച് ശതമാനം പേര്‍ മൊയ്‌ല്യാരെ നേരിട്ട് കണ്ട് ഉറുദി വളരെ നന്നായി എന്ന് അഭിപ്രായപ്പെടുകയും അതുകൊണ്ടാണ് സമൂഹം നന്നാകാത്തത് എന്ന് തട്ടിവിടുകയും ചെയ്യും. അവസാനത്തെ ചോദ്യം, ഉറുദിയില്‍ പറയുന്നത് കേട്ട് ആരെങ്കിലും പ്രവര്‍ത്തിക്കുമോ എന്നതാണ്. അക്കാര്യത്തില്‍ ഉറുദി പറയുന്നവര്‍ പോലും പ്രതീക്ഷ വെക്കാറില്ല. പിന്നെ കേള്‍ക്കുന്നവരുടെ കാര്യം പറയേണ്ടല്ലോ..

(വാല്‍ക്കഷ്ണം: പ്രസംഗം പ്രസവം പോലെയാണ് എന്ന് സുകുമാര്‍ അഴീക്കോട്. പ്രസവിക്കുന്നവള്‍ക്കും കൂടെയുള്ളവര്‍ക്കും വേഗം കഴിയണേ എന്ന ഒറ്റ പ്രാര്‍ത്ഥന മാത്രം. ഉറുദി പ്രസംഗമല്ലാത്തിനാല്‍ രണ്ടു പേര്‍ക്കും സിസേറിയനാണ് താല്‍പര്യം)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago