വികാരമല്ല ലീഗിനെ നയിച്ചത്, വിവേകം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞ് വരുന്നു. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് ഏതാണ്ട് ധാരണയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിടെ ഔദ്യോഗിക പ്രഖ്യാപനം ആയില്ല എന്ന് മാത്രം. കഴിഞ്ഞ രണ്ടുമാസമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയം ഇന്നലെ തീരുമാനമായി. മറ്റൊന്നുമല്ല, മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് .
മുസ്‌ലിം ലീഗിന് രണ്ട് സീറ്റു തന്നെ. മൂന്നാമത്തെ സീറ്റ് വേണ്ടെന്ന് ലീഗ് സമ്മതിച്ചു. സത്യത്തില്‍ ഈ തീരുമാനം ഉചിതമായി, ബുദ്ധിപൂര്‍വമായി. പിന്നെ ആവശ്യമില്ലാതെ എന്തിനായിരുന്നു ഇങ്ങനെ ഒരു ചര്‍ച്ച എന്നല്ലേ. ഈ ചര്‍ച്ച ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന ഘടകകക്ഷികളെപ്പോലെയല്ല ലീഗിന്റെ അവകാശവാദം. ഇത് ന്യായമാണെന്ന് കോണ്‍ഗ്രസും മുന്നണി ഘടകകക്ഷികളും മാത്രമല്ല കേരളത്തിലെ പൊതുസമൂഹം പോലും അംഗീകരിച്ചു. ജനുവരി 21ന് ഈ ചര്‍ച്ച തുടങ്ങിവച്ചപ്പോള്‍ തന്നെ 'സുപ്രഭാതം' എഴുതിയിരുന്നു, മൂന്നല്ല നാലോ അഞ്ചോ സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നും പക്ഷെ മൂന്നു സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നും. രാജ്യസഭാസീറ്റ് നല്‍കുമെന്ന് ഉറപ്പു വാങ്ങും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നോ നാലോ സീറ്റുകള്‍ കൂടുതല്‍ നല്‍കും. ഇങ്ങനെയൊക്കെ സംഭവിക്കാനേ സാധ്യതയുള്ളൂ എന്ന്. അതു സത്യമായി.
ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഇപ്പോഴല്ല പലപ്പോഴും. കാരണം രാഷ്ട്രീയ താല്‍പര്യത്തേക്കാള്‍ രാഷ്ട്രതാല്‍പര്യമാണ് ലീഗിനു മുഖ്യം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ന്നുകൂടാ. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും കൈമോശം വന്നുകൂടാ. വര്‍ഗീയ, വിധ്വംസക ശക്തികള്‍ക്ക് സംഹാര താണ്ഡവമാടാന്‍ നമ്മുടെ രാജ്യത്തെ വിട്ടുകൊടുത്തുകൂടാ. ഇതൊരു ജീവന്മരണപ്പോരാട്ടമാണ്. ഒരിക്കല്‍ക്കൂടി നമുക്ക് നഷ്ടപ്പെട്ടാല്‍ ഈ രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല . ബി.ജെ.പിയില്‍നിന്ന്, നരേന്ദ്ര മോദിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. രാജ്യസ്‌നേഹം നമുക്ക് വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. രാജ്യത്തെ ശിഥിലമാക്കാന്‍, മതത്തിന്റെയും ജാതിയുടെയും വേഷത്തിന്റെയും ഭാഷയുടെയും പേരില്‍ നമ്മെ ഭിന്നിപ്പിക്കാന്‍ സംഘപ്‌രിവാര്‍ ശക്തികള്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ അതിനെ തടുക്കാന്‍ ആവനാഴിയിലെ അവസാന അമ്പും തൊടുത്തുവിടേണ്ടിയിരിക്കുന്നു.
സത്യത്തില്‍ ഇപ്പോള്‍ രാജ്യം ഉണര്‍ന്നുകഴിഞ്ഞു. പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമെല്ലാം മതേതര ശക്തികള്‍ കച്ചമുറുക്കിക്കഴിഞ്ഞു. അങ്കം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ കേവലം ഒരു സീറ്റിന്റെ പ്രശ്‌നവും പറഞ്ഞു നമ്മളിവിടെ തമ്മില്‍തല്ലിക്കൂടാ. ഗാലറിയില്‍ കളികാണാന്‍ ശത്രുക്കള്‍ നിറഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ലീഗ് തീരുമാനം വളരെ വളരെ ബുദ്ധിപൂര്‍വമായി.
പാര്‍ലമെന്റ് അംഗമായിരുന്ന സി. അച്യുതമേനോനെ കൊണ്ടുവന്ന് കേരളമുഖ്യമന്ത്രിയാക്കിയ ലീഗ് മറ്റൊരിക്കല്‍ പാര്‍ലമെന്റ് അംഗം തന്നെയായ എ.കെ ആന്റണിയെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കാനും മുന്‍കൈയെടുത്തു. മാത്രമല്ല ആന്റണിക്കു മത്സരിക്കാന്‍ ലീഗ് സീറ്റ് നല്‍കുകയും ചെയ്തു. അതുപോലെതന്നെയാണ് രാജ്യസഭാസീറ്റ് വിട്ടുകൊടുത്തത്. ഇങ്ങനെ വിട്ടുവീഴ്ചകളുടെ ഉദാഹരണങ്ങള്‍ ഏറെ എണ്ണിപ്പറയാന്‍ കഴിയും.
കോണ്‍ഗ്രസ്- ലീഗ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ അല്ല അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നേരത്തെ ബന്ധമുണ്ടായിരുന്നെങ്കിലും 1969ല്‍ തുടങ്ങിയ സുദൃഢമായ ബന്ധം സുവര്‍ണജൂബിലി വര്‍ഷത്തിലാണ് എത്തിനില്‍ക്കുന്നത്. ഈ ബന്ധത്തിനു വിള്ളല്‍ വീഴ്ത്താന്‍ പലരും തീവ്രമായി ശ്രമിച്ചതാണ്.
ഇടതുമുന്നണിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കല്ലാതെ സീറ്റില്ല .സി.പി.എം 16 സീറ്റിലും സി.പി.ഐ നാലു സീറ്റിലുമാണ് മത്സരിക്കുന്നത്. മറ്റു ഘടകകക്ഷികളുടെയെല്ലാം കാര്യം വട്ടപ്പൂജ്യം. അവരാണിപ്പോള്‍ ലീഗിനു മൂന്നാം സീറ്റ് കിട്ടിയില്ല എന്ന് പരിതപിക്കുന്നത്. 'കാലിലെ പെരുവിരല്‍ വീങ്ങിയവനെ മന്തുകാലന്‍ കളിയാക്കുന്നതുപോലെ' പരിഹാസ്യമാണത്.
ലീഗിന് രണ്ടു സീറ്റിലും ഏറ്റവും യോഗ്യരായ നേതാക്കളാണ് മത്സരിക്കുന്നത്. അതും മണ്ഡലങ്ങള്‍ മാറാതെ. മണ്ഡലത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധത 100 ശതമാനം പുലര്‍ത്തി എന്ന ആത്മ വിശ്വാസമാണ് രണ്ടുപേര്‍ക്കും അതതു മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാന്‍ ധൈര്യം നല്‍കുന്നത്. കേരളത്തിലെ ലീഗ് നേതാക്കളില്‍ ഏറ്റവും ജന പ്രിയനാണ് പി.കെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് ആര് എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം കണ്ടത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടത്. ലീഗ് അണികള്‍ക്കു മാത്രമല്ല കേരളീയ സമൂഹത്തിനു പൊതുവിലും മുസ്‌ലിം സമൂഹത്തിനു പ്രത്യേകിച്ചും അദ്ദേഹത്തില്‍ വലിയ വിശ്വാസവും പ്രതീക്ഷയുമാണ്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് എന്നും അദ്ദേഹം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മന്ത്രിയായപ്പോഴും നിയമസഭാകക്ഷി നേതാവ് ആയപ്പോഴും ലോക്‌സഭാംഗമായപ്പോഴും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയപ്പോഴും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയപ്പോഴും.
ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയിലേക്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. സഭയിലെ കഴിവുറ്റ അംഗമെന്ന് എതിരാളികള്‍ പോലും അംഗീകരിച്ച വ്യക്തിത്വമാണ് ബഷീര്‍. വടക്കേ ഇന്ത്യയിലെ അവശരുടെ കണ്ണീരൊപ്പാന്‍ ലീഗിനു വേണ്ടി ഓടിയെത്തുന്ന ബഷീറിനെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ കഴിഞ്ഞതില്‍ കേരളീയര്‍ക്ക്, പ്രത്യേകിച്ച് പൊന്നാനിക്കാര്‍ക്ക് അഭിമാനിക്കാം.
ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ അംഗസംഖ്യ ഉണ്ടാവുക എന്നത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ല .ഇന്ത്യയിലെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളുടെയും ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രപതി ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിനെയാകും സ്വാഭാവികമായും മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിക്കുക, മുന്നണിയുടെ ശക്തി നോക്കിയല്ല. യു.പി.എയിലെ ഏറ്റവുംവലിയ പാര്‍ട്ടി ആയാല്‍ മാത്രം പോരാ. സഭയിലെ ഏറ്റവും വലിയ പാര്‍ട്ടി ആവണം.
വലിയ പാര്‍ട്ടിയെ ക്ഷണിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കും.ബി.ജെ.പിയെ ക്ഷണിക്കേണ്ടി വന്നാല്‍ അവര്‍ എന്ത് നെറികേടും കാണിച്ച് ഭൂരിപക്ഷം തട്ടിക്കൂട്ടും. ഭരണത്തിന്റെ ശീതളച്ഛായയില്‍ കൊഴുത്തുതടിച്ച ബി.ജെ.പി അഴിമതിയിലൂടെ നേടിയ കോടികള്‍ വാരിവിതറി ഭൂരിപക്ഷമുണ്ടാക്കുന്ന അവസ്ഥ വന്നുകൂടാ. അങ്ങനെ വന്നാല്‍ പിന്നെ രാജ്യത്തിനു മോചനമില്ല. ഈ കണക്കുകൂട്ടലൊക്കെയാവണം ലീഗിനെ മൂന്നാം സീറ്റിന് വാശി പിടിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചത്. വികാരമാവരുത് വിവേകമാവണം നമ്മെ നയിക്കേണ്ടത്. ലീഗ് നേതാക്കള്‍ ഇത്തവണയും കാണിച്ച മാന്യതയ്ക്കും വിവേകത്തിനും കോണ്‍ഗ്രസ് ഉള്‍പെടെയുള്ളവര്‍ വില കല്‍പിക്കണം. ലീഗിന്റെ ദൗര്‍ബല്യമല്ല ഇതെന്ന തിരിച്ചറിവുണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."