'ഞങ്ങള്‍ക്കെങ്ങനെ ഇത് നിര്‍ത്താന്‍ പറ്റും?': കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി
ന്യൂഡല്‍ഹി: പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കേന്ദ്രത്തോട് ഉത്തരവിടണമെന്ന ഹരജി തള്ളി സുപ്രിംകോടതി. 'ആര് നടക്കുന്നുവെന്നും നടക്കുന്നില്ലെന്നും നിരീക്ഷിക്കാന്‍ കോടതിക്കാവില്ല'- ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി പറഞ്ഞു.
'ഭരണകൂടം തീരുമാനിക്കട്ടേ. കോടതി എന്തിന് കേള്‍ക്കുകയോ തീരുമാനിക്കുകയോ ചെയ്യണം?'- സുപ്രിംകോടതി ചോദിച്ചു.
റോഡിലൂടെ നടക്കുന്ന തൊഴിലാളികളെ തിരിച്ചറിയാനും അവര്‍ക്ക് ഭക്ഷണവും താമസവും നല്‍കാനും കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാണ് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ ആവശ്യപ്പെട്ടത്.
ഇങ്ങനെ നടക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ 16 പേര്‍ ചരക്ക് ട്രെയിനിടിച്ച് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 'അവര്‍ റെയില്‍വേ ട്രാക്കില്‍ കിടുന്നുറങ്ങിയാല്‍ ആര്‍ക്കെങ്കിലും എങ്ങനെയാണ് തടയാനാവുക?'- ജഡ്ജ് ചോദിച്ചു.
'ജനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നില്‍ക്കുന്നില്ല. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിര്‍ത്താനാവും?'- സുപ്രിംകോടതി ചോദിച്ചു.
കൂടാതെ ഹരജിക്കാരനായ അഭിഭാഷകരെ കോടതി ശകാരിക്കുകയും ചെയ്തു. ഹരജി മുഴുവന്‍ പത്രക്കട്ടിങ്ങുകളെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞായിരുന്നു ശകാരം.
'എല്ലാ അഭിഭാഷകരും പത്രത്തില്‍ എല്ലാ സംഭവങ്ങളെപ്പറ്റി വായിക്കുകയും എല്ലാത്തിലും വിവരമുള്ളവരാകുകയും ചെയ്യുന്നു. നിങ്ങളുടെ വിവരം പൂര്‍ണമായും പത്രക്കട്ടിങ്ങുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിട്ട് ഈ കോടതി തീരുമാനിക്കണം. ഭരണകൂടം തീരുമാനിക്കട്ടേ. എന്തിന് ഈ കോടതി തീരുമാനിക്കണം? ഞങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേക പാസ് തരാം. പോയി സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കാനാവുമോ?'- കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."