എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം
തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തി തീര്‍ക്കാനായി രേഖകള്‍ തിരുത്തി. സംഭവദിവസം വാഹനമോടിച്ചത് ജയ്‌സണ്‍ എന്നയാളാണെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു.
എന്നാല്‍ രജിസ്റ്ററില്‍ തന്റെ പേരെഴുതിയത് എ.ഡി.ജി.പി പറഞ്ഞിട്ടാണെന്ന് ജെയ്‌സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. ഡ്യൂട്ടി റജിസ്റ്ററടക്കം രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഗവാസ്‌കര്‍ക്കെതിരായ പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ വീണ്ടും മൊഴി തിരുത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. പൊലിസ് ജീപ്പ് കാലില്‍ കയറിയാണു പരുക്കേറ്റതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പില്‍ മകള്‍ ആവര്‍ത്തിച്ചു പറഞ്ഞത്. പൊരുത്തക്കേടുകള്‍ വ്യക്തമായെങ്കിലും കൂടുതല്‍ തെളിവു ശേഖരിച്ചശേഷം മാത്രം എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.
അതിനിടെ ഇന്നലെ ആശുപത്രി വിട്ട ഗവാസ്‌കറേയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കനകകുന്നിലെത്തി തെളിവെടുപ്പ് നടത്തി. അടുത്ത മാസം നാലിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് തെളിവെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."