കരുത്തുറ്റ നിരയുമായി സി.പി.എം
തിരുവനന്തപുരം: കരുത്തുറ്റ നിരയുമായാണ് സി.പി.എം അങ്കത്തിനിറങ്ങുന്നത്. ലക്ഷ്യം വിജയം തന്നെ. കാസര്‍കോട് ഇരട്ടക്കൊലയും ശബരിമല സ്ത്രീ പ്രവേശനവും ഭരണവിരുദ്ധ വികാരവും മറികടക്കാന്‍ പയറ്റിത്തെളിഞ്ഞവരെ ഇറക്കി കളം പിടിക്കുക തന്നെ ലക്ഷ്യം.
കേന്ദ്രത്തില്‍ തീവ്ര ഹിന്ദുത്വ ശക്തികളെ തുരത്താന്‍ ഇടതുമുന്നണിക്കേ കഴിയൂ എന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. അതുകൊണ്ടാണ് സീറ്റ് വിഭജനത്തില്‍ ചില ഘടകകക്ഷികളെ ഒഴിവാക്കി സി.പി.എം ഇത്രയേറെ സീറ്റില്‍ മത്സരിക്കുന്നത്. ആറു സിറ്റിങ് എം.പിമാര്‍ക്കു പുറമെ നാല് എം.എല്‍.എമാരെയാണ് ഗോദയിലിറക്കി എതിര്‍ കക്ഷികളെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടു മുന്‍ രാജ്യസഭാംഗങ്ങളും നാലു മുന്‍ എം.എല്‍.എമാരും മത്സരിക്കുന്നു.
മത്സരരംഗത്തു പുതുമുഖമായുള്ളത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.പി സാനു മാത്രമാണ്. അത് അധികം പ്രതീക്ഷയില്ലാത്ത മലപ്പുറത്തും. ജനസ്വാധീനമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി ഭൂരിപക്ഷം സീറ്റിലും വിജയം ഉറപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വിജയസാധ്യത ഉണ്ടെന്ന് പ്രാദേശിക സര്‍വേയിലൂടെ കണ്ടെത്തിയ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്.
കാസര്‍കോട്ട് സിറ്റിങ് എം.പി പി. കരുണാകരനെ ഒഴിവാക്കി കെ.പി സതീഷ് ചന്ദ്രനെയാണ് മണ്ഡലം നിലനിര്‍ത്താന്‍ കളത്തിലിറക്കിയത്. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.പി സതീഷ് ചന്ദ്രന്‍. രണ്ടു തവണ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പത്തു വര്‍ഷം സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. കണ്ണൂരില്‍ സിറ്റിങ് എം.പി പി.കെ ശ്രീമതിയെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇറക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററുമാണ് ശ്രീമതി. 2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രിയായി. 2014ല്‍ കണ്ണൂരില്‍നിന്ന് ലോക്‌സഭാംഗമായി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം അധ്യാപക പരിശീലനം നേടിയ ശ്രീമതി 2003ല്‍ സ്വയം വിരമിക്കുമ്പോള്‍ പ്രധാനാധ്യാപികയായിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയാണ് സി.പി.എം കളത്തിലിറക്കിയത്. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതു പോലെ ആര്‍.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി. സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജന്‍ ഐ.ആര്‍.പി.സിയെന്ന സാന്ത്വന പരിചരണ പ്രസ്ഥാനത്തെ ലോകം ശ്രദ്ധിക്കുന്ന ജനകീയതയിലേക്ക് വളര്‍ത്തി. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷംനേടി ജയരാജന്‍ മൂന്നുതവണ കൂത്തുപറമ്പില്‍നിന്ന് നിയമസഭാംഗമായിട്ടുണ്ട്.
കോഴിക്കോട് തിരിച്ചുപിടിയ്ക്കാന്‍ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എ എന്ന നിലയില്‍ ജില്ലയ്ക്കാകെ സുപരിചിതനായ എ.പ്രദീപ് കുമാറിനെയാണ് കളത്തിലിറക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ്കുമാര്‍ എസ്.എഫ.്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മലപ്പുറത്ത് പച്ചക്കൊടിയ്ക്കു കേടുവരില്ലെന്നറിയാമെങ്കിലും പേരിന് ഒരു മത്സരം വേണമല്ലോ. ലീഗ് കോട്ടയായ ഇവിടെ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ മുപ്പതുകാരന്‍ വി.പി സാനുവിനെയാണ് ഇറക്കിയത്. ലീഗ് കോട്ടയായ പൊന്നാനിയില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ സ്വതന്ത്രനായാണ് ഇറക്കുന്നത്. 2005ല്‍ കെ. കരുണാകരന്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ അന്‍വര്‍ ഡി.ഐ.സിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് കരുണാകരന്‍ തിരിച്ചുപോയെങ്കിലും അന്‍വര്‍ സ്വതന്ത്ര നിലപാടെടുത്തു മാറിനിന്നു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന അന്‍വര്‍ 2016ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.
പാലക്കാട്ട് വീണ്ടും മത്സരിക്കുന്ന സിറ്റിങ് എം.പി എം.ബി രാജേഷ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009ലും 2014 ലും ലോക്‌സഭയിലേക്ക് വിജയിച്ചു. രണ്ടാം തവണ ഭൂരിപക്ഷം ഒരു ലക്ഷത്തിലധികമായി. ആലത്തൂരില്‍ സിറ്റിങ് എം.പി ഡോ. പി.കെ ബിജുവിനെ തന്നെ വീണ്ടും കളത്തിലിറക്കിയിരിക്കുകയാണ്. എസ്.എഫ്.ഐയിലൂടെയാണ് ബിജു പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2008ല്‍ അഖിലേന്ത്യ പ്രസിഡന്റായി. 2012ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. 2009ലും 2014 ലും ആലത്തൂരില്‍നിന്ന് ലോക്‌സഭാംഗമായി. പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ചാലക്കുടിയില്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് സിറ്റിങ് എം.പി നടന്‍ ഇന്നസെന്റിനു വീണ്ടും സി.പി.എം അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചുവെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് ഇന്നസെന്റ് ജനവിധി തേടുന്നത്. 2014ല്‍ 13,854 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാര്‍ലമെന്റില്‍ രാസരാസവളം, വിവരവിനിമയ സമിതികളില്‍ അംഗമാണ്. ചലച്ചിത്ര ലോകത്തെ നിറസാന്നിധ്യമായ ഇന്നസെന്റ് എഴുന്നൂറിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എറണാകുളം തിരിച്ചുപിടിക്കാന്‍ ഇത്തവണ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരും മുന്‍ രാജ്യസഭാംഗവുമായ പി. രാജീവിനെയാണ്. 2009ല്‍ രാജ്യസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. എം.പിയായിരിക്കെ വിവിധ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിനതീതമായ അംഗീകാരം നേടി. എസ്.എഫ്‌ഐയിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായി. കേരളാ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന രാജീവ് പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു.
ഇടുക്കിയില്‍ സിറ്റിങ് എം.പി അഡ്വ. ജോയ്‌സ് ജോര്‍ജിനെ തന്നെ സ്വതന്ത്രനായി ഇറക്കി മണ്ഡലം നിലനിര്‍ത്താനാണ് ശ്രമം. മലയോര മേഖലകളുടെ ഭൂപ്രശ്‌നങ്ങളുയര്‍ത്തി നടത്തിയ സമരത്തിലെ നായകനായ ജോയ്‌സ് ജോര്‍ജ് 2014ല്‍ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമായി 16 വര്‍ഷം അഭിഭാഷകവൃത്തി നടത്തിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
കോട്ടയത്ത് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എന്‍ വാസവനെയാണ് മണ്ഡലം പിടിക്കാന്‍ സി.പി.എം നിയോഗിച്ചിരിക്കുന്നത്. സി.ഐ.ടി.യു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവും റബ്‌കോ മുന്‍ ചെയര്‍മാനുമാണ്. 2006ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് എം.എല്‍.എയായി. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ 'അഭയം' ചാരിറ്റബ്ള്‍ സൊസൈറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്തു.
ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെ ഉരുക്കുകോട്ട ന്യൂനപക്ഷ വോട്ടുകളിലൂടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അരൂര്‍ എം.എല്‍.എ അഡ്വ. എം.എ ആരിഫിനെ ഇറക്കുന്നത്. യു.ഡി.എഫിനു മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കൗണ്‍സില്‍ അരൂക്കുറ്റി ഡിവിഷന്‍ എസ.്എഫ്.ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ് 1990ല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആരിഫ് കന്നിയങ്കം കുറിച്ചത്. കെ.ആര്‍ ഗൗരിയമ്മയെ 4,650 വോട്ടിന് പരാജയപ്പെടുത്തി 2006ല്‍ ആദ്യമായി നിയമസഭയിലെത്തി. 2011ല്‍ ഭൂരിപക്ഷം 16,850 ആയും 2016ല്‍ 38,519 ആയും അരൂരുകാര്‍ വര്‍ധിപ്പിച്ചുകൊടുത്തു. 1996 മുതല്‍ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ്.
ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറെ ചര്‍ച്ച ചെയ്യുന്ന പത്തനംതിട്ട വനിതയെ നിര്‍ത്തി തന്നെ തിരിച്ചു പിടിക്കാനാണ് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ ഇറക്കി കളിക്കുന്നത്. ജാതി സമവാക്യങ്ങള്‍ മാറി മറിഞ്ഞാല്‍ പത്തനംതിട്ട കൈപ്പിടിയിലൊതുക്കാമെന്നാണ് സി.പി.എം ലക്ഷ്യം വെയ്ക്കുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. കന്നി മത്സരത്തില്‍ കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. കോളജ് അധ്യാപികയായിരിക്കെ മാധ്യമ രംഗത്തെത്തി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി മുപ്പതോളം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.
കൊല്ലത്ത് മുന്നണി വിട്ടുപോയ ആര്‍.എസ്.പിയുടെ കരുത്തനായ സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരേ സി.പി.എം ഇറക്കിക്കളിക്കുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍ ബാലഗോപാലിനെയാണ്. രണ്ടു തവണ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. 2010ല്‍ രാജ്യസഭാംഗമായി. ലോക്പാല്‍ സെലക്ട് കമ്മിറ്റിയില്‍ സി.പി.എം പ്രതിനിധിയായിരുന്നു.
ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്താന്‍ എ. സമ്പത്ത് തന്നെ വരണമെന്ന് പാര്‍ട്ടി കീഴ്ഘടകത്തിന്റെ അഭ്യര്‍ഥന മാനിച്ച് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വാങ്ങി സമ്പത്തിനെ നാലാം തവണയാണ് സി.പി.എം കളത്തിലിറക്കുന്നത്. കഴിഞ്ഞതവണ 69,500 വോട്ടിന് ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി. സി.പി.എം ജില്ലാകമ്മിറ്റി അംഗം, സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ബാറില്‍ 31 വര്‍ഷമായി അഭിഭാഷകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."