മെഡിക്കല്‍ കോളജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിക്കും. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞിരുന്നു.
എന്നാല്‍ കെട്ടിടം പ്രവര്‍ത്തിക്കാന്‍ ഫയര്‍, മലിനീരകണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരുടെ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞ മുഴുവന്‍ മാറ്റങ്ങളും വരുത്തി ഐ.സി.യുവിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി അവിടത്തേക്ക് ആവശ്യമായ സ്റ്റാഫിന്റെ ആവശ്യകത പരിഹരിക്കുന്നതിനായുള്ള ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ ഈ കെട്ടിടത്തിന് നമ്പര്‍ ലഭിക്കും. നമ്പര്‍ ലഭിച്ചാല്‍ ഉടന്‍ വൈദ്യുതി, വെള്ളം കണക്ഷനുകള്‍ എടുത്ത് ട്രയല്‍ റണ്‍ നടത്തിയാല്‍ ഒരു മാസത്തിനകം തന്നെ ഇവിടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദും അറിയിച്ചു.
ഇനി ഇവിടെ ഉപകരണങ്ങള്‍ ഫിറ്റ് ചെയ്ത് ടെസ്റ്റ് ചെയ്തു സജീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. ഇവിടത്തേക്ക് ജീവനക്കാരുടെ കുറവുമുണ്ടാകില്ല. മറ്റ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.യുകളെ വിപുലീകരിച്ചാണ് ഈ കെട്ടിടത്തിലേക്ക് മാറ്റുന്നത്. അതിനാല്‍ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് തന്നെ വളരെ സുഗമമായി പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും സൂപ്രണ്ട് അറിയിച്ചു.
ഇത് കൂടാതെ അധികം വേണ്ടിവരുന്ന ജീവനക്കാരുടെ വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, തുടങ്ങി 183 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കെട്ടിടം പ്രവര്‍ത്തനക്ഷമമായ ശേഷം അധികം ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ അവരുടെ തസ്തിക അനുസരിച്ച് ജീവനക്കാരെ ലഭ്യമാക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കെട്ടിടം തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയതായും ഒരു മാസനത്തിനകം തന്നെ ഇവിടത്തെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നും കോളജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."