ലോക്കല്‍ ബസുകളെ സിറ്റിഫാസ്റ്റാക്കി: വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കോവളം: നഗരസഭ പ്രദേശമെന്ന പേരില്‍ ലോക്കല്‍ ബസുകളെ സിറ്റിഫാസ്റ്റാക്കിയ വിഴിഞ്ഞം ഡിപ്പോ അധികൃതരുടെ നടപടി സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. വിഴിഞ്ഞത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് തീരദേശ റോഡിലൂടെ പൂവാര്‍ഡിപ്പോ വരെയും ചെയിന്‍ സര്‍വിസായി ഓടിയിരുന്ന പതിനഞ്ച് ബസുകളുടെ ദൂരം പൂവാറില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അപ്പുറം കളിയിക്കാവിളയിലേക്ക് ദീര്‍ഘിപ്പിക്കുക കൂടി ചെയ്തത് തീരദേശ വാസികളെയും മേഖലയില്‍ നിന്നും നഗരത്തിലടക്കം ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കും.
രണ്ടു വര്‍ഷം മുമ്പ് നടത്തി പരാജയമെന്ന് കണ്ട് പിന്‍വലിച്ച ഷെഡ്യൂള്‍ പരിഷ്‌കരണം ആണ് കെ.എസ്.ആര്‍ ടി.സി വിഴിഞ്ഞം ഡിപ്പോ അധികൃതര്‍ വീണ്ടും നടപ്പിലാക്കി ജനങ്ങളെയും വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ലോക്കലായി ഓടിയിരുന്ന പഴഞ്ചന്‍ ബസുകളെ മുന്നറിയിപ്പോ മുന്‍കരുതലോ ഇല്ലാതെ സിറ്റി ഫാസ്റ്റാക്കിയത് ജനത്തെപിഴിയാന്‍ വേണ്ടി മാത്രമാണെന്നും നഗരസഭ പ്രദേശമായതിനാലാണെന്ന അധികൃതരുടെ വാദത്തില്‍ കഴമ്പില്ലെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. തിരുവനന്തപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള 15 കിലോമീറ്റര്‍ ദൂരം മാത്രമാണ് നഗരസഭമേഖല. ഇതുകഴിഞ്ഞാല്‍ പുല്ലുവിളയും പൂവാറും കളിയിക്കാവിളയുമടക്കമുള്ള മേഖല പഞ്ചായത്തുകള്‍ക്ക് കീഴിലുള്ളതാണ്. തമിഴ്‌നാട് അതിര്‍ത്തിവരെ ഓടുന്ന പതിനഞ്ചില്‍ എട്ടു ബസുകളെയാണ് സിറ്റി ഫാസ്റ്റെന്ന് ഓമനപ്പേരിട്ട് എട്ടുരൂപ മിനിമം നിരക്ക് നല്‍കിയിരുന്ന യാത്രക്കാരില്‍ നിന്ന് ഇനി മുതല്‍ പത്ത് രൂപ ഈടാക്കുന്നത്. തലസ്ഥാനത്ത് നിന്ന് തീരദേശ റോഡുവഴി കളിയിക്കാവിളയില്‍ എത്താന്‍ അന്‍പത് കിലോമീറ്ററോളം സഞ്ചരിക്കണം.
റൂട്ടിന്റെ സമയ ദൈര്‍ഘ്യമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തീരദേശവാസികള്‍ക്കും തിരിച്ചടിയാവുക. പൂവാര്‍ പാറശാല ഡിപ്പോകളുടെ ബസുകളും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കൈയടക്കിയിരിക്കുന്ന റൂട്ടില്‍ വരുമാനത്തിന്റെ കാര്യത്തില്‍ പുതിയ ഷെഡ്യൂള്‍ ബസുകള്‍ക്ക് പിടിച്ച് നില്‍ക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം. മാത്രമല്ല സ്ഥലപരിമിതിയില്‍ നട്ടം തിരിയുന്ന കളിയിക്കാവിള ഡിപ്പോക്കുള്ളില്‍ കയറാനാകാതെ ഒരു കിലോമീറ്റര്‍ മാറി പാര്‍ക്ക് ചെയ്യേണ്ട ഗതികേടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുണ്ട്. നേരത്തെ പൂവാര്‍ വരെ ഓടിയിരുന്ന ബസുകളില്‍ ശരാശരി പതിമൂവ്വായിരം മുതല്‍ പതിനയ്യായായിരം വരെയായിരുന്നു വരുമാനമെന്ന് ജീവനക്കാര്‍ പറയുന്നു. ഷെഡ്യൂള്‍ പരിഷ്‌കരണത്തോടെ വരുമാനം ഗണ്യമായി കുറയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കടംകൊണ്ട് പൊറുതിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിക്ക് വന്‍ബാധ്യതയാകും പുതിയപരിഷ്‌കരണം. പരിഷ്‌കാരം ഏറ്റവും വലച്ചത് വിദ്യാര്‍ഥികളെയാണ്. ഒരാഴ്ച മുന്‍പ് വരെയും കണ്‍സഷന്‍ കാര്‍ഡുകളുമായി കയറിയിരുന്ന ബസുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ കാര്യമറിയാതെ ബസില്‍ കയറിയ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം വരെ നടന്നു.
തിരുവല്ലം മുതല്‍ പാറശാല വരെ നീളുന്ന തീരദേശ റോഡിന് സമീപത്തായി നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ മാറ്റം ഇവിടങ്ങളില്‍ പഠിക്കുന്ന നൂറ് കണക്കിന് കുട്ടികളെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ സാമാന്യം നല്ല വരുമാനം ലഭിച്ചിരുന്ന വിഴിഞ്ഞം ഡിപ്പോയില്‍ രണ്ട് വര്‍ഷം മുന്‍പ് ഇതേ പരിഷ്‌കാരം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞതോടെ ഒരു മാസം കൊണ്ട് പരിഷ്‌കാരം അവസാനിപ്പിച്ച് അന്ന് അധികൃതര്‍ തടിയൂരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."