കല്ലമ്പലം മേഖലകളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ചീറിപ്പായുന്നു
കല്ലമ്പലം: സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിയും മുന്‍പേ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ നിലയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ചീറി പായുന്ന കാഴ്ചയാണ് ഗ്രാമത്തിലെങ്ങും. സ്‌കൂള്‍ ബസുകളെ അപേക്ഷിച്ച് സ്വാകാര്യ സ്‌കൂളുകളിലേക്ക് കൊച്ചു കുട്ടികളെയും വഹിച്ചു കൊണ്ടുള്ള മിനി വാനുകളാണ് മത്സര ഓട്ടത്തില്‍ മുന്നിലുള്ളത്. ബന്ധപ്പെട്ടവര്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ കണ്ടിട്ടും മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. കുട്ടികളെ കയറ്റിപോകുന്ന പല വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഇത്തരത്തില്‍ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ സ്‌കൂള്‍ വാന്‍ എന്ന ബോര്‍ഡ് വച്ച് സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് ശേഷം പാരലല്‍ സര്‍വിസ് നടത്തുന്നതായും ആക്ഷേപമുണ്ട്. സ്‌കൂള്‍ വാന്‍ എന്ന ബോര്‍ഡ് വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് പരിശോധനയും നടക്കാറില്ല. ഇത്തരത്തില്‍ സര്‍വിസ് നടത്തുന്ന നിരവധി വാഹനങ്ങളാണ് കല്ലമ്പലം, നാവായിക്കുളം, പള്ളിക്കല്‍ ഏരിയകളില്‍ സര്‍വിസ് നടത്തുന്നത്. സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് അമിത വേഗത്തില്‍ പായുന്ന മുച്ചക്ര വാഹനങ്ങളും ഇക്കൂട്ടത്തില്‍ ധാരാളം. സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്‌കൂള്‍ സമയങ്ങളില്‍ പാറ ക്വറികളിലേക്കുള്ള ലോറികളുടെ ചീറിപ്പാച്ചിലിന് നിയന്ത്രണം ഏര്‍പ്പെടുത്താനും അധികൃതര്‍ ശ്രമിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് ഇട നല്‍കുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 9846100100 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് 9747001099 എന്ന വാട്‌സ്ആപ്പ് നമ്പരും ഉപയോഗപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."