സൈനികന്റെ വീട്ടുനമ്പര്‍: വിവാദങ്ങള്‍ക്ക് അറുതിയായി
പുനലൂര്‍: സൈനികന്റെ വീടിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ നഗരസഭയില്‍ തലപൊക്കിയ വിവാദങ്ങള്‍ക്ക് അവസാനമായി. കഴിഞ്ഞ ദിവസം തപാലില്‍ വീട്ടുനമ്പര്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് എത്തിയതോടെയാണ് ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങള്‍ക്കു പരിസമാപ്തിയായത്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയില്‍ സൈനികനായ ആര്യങ്കാവ് കഴുതുരുട്ടി സ്വദേശി എം. ഹരികൃഷ്ണന്‍ പുനലൂര്‍ നഗരസഭയിലെ തുമ്പോട് വാര്‍ഡില്‍ നിര്‍മിച്ച വീടിനാണ് നമ്പര്‍ ലഭിച്ചത്.
വീട്ടുനമ്പര്‍ ലഭിക്കാന്‍ ഹരികൃഷ്ണന്റെ അമ്മ അനിതാകുമാരി ഒന്നര വര്‍ഷത്തിലേറെ നഗരസഭാ കാര്യാലയത്തില്‍ കയറിയിറങ്ങിയിരുന്നു. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വീട്ടുനമ്പര്‍ നല്‍കാന്‍ നഗരസഭ തയാറായില്ല. തുടര്‍ന്നു നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് ഹരികൃഷ്ണന്‍ സൈനിക യൂനിഫോമില്‍ ഫേസ്ബുക്ക് ലൈവ് വിഡിയോ പോസ്റ്റ് ചെയ്തതോടെയാണു സംഭവം വിവാദമായത്. വീട്ടുനമ്പറിനായി കെട്ടിടം പിഴയടച്ചു ക്രമീകരിക്കണമെന്നായിരുന്നു നഗരസഭ ആദ്യം അറിയിച്ചത്. തുടര്‍ന്നു സംഭവം വിവാദമായതോടെ നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചേര്‍ന്നു സൈനികന്റെ വീടിനുവേണ്ടി 20,000 രൂപ പിഴയടച്ചിരുന്നു. ഈ തുക സൈനികന്റെ അമ്മ ചെയര്‍മാനു മടക്കിനല്‍കി.
മന്ത്രി കെ.ടി ജലീല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണു വിവാദം കെട്ടടങ്ങിയത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ 20,000 രൂപ പിഴയടയ്ക്കണമെന്ന നിര്‍ദേശം നഗരസഭ മുന്നോട്ടുവച്ചെങ്കിലും സൈനികനും കുടുംബവും അത് അംഗീകരിച്ചില്ല. തുടര്‍ന്നു നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരില്‍നിന്നു പണംപിരിച്ചു പിഴയടച്ച് സൈനികനു വീട്ടുനമ്പര്‍ നല്‍കുകയാണെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഇത് തങ്ങളെ ആക്ഷേപിക്കലാണെന്നു സൈനികന്റെ കുടുംബം കുറ്റപ്പെടുത്തി. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഹരികൃഷ്ണന്റെ അമ്മ അനിതാകുമാരി പണവുമായി നഗരസഭാ കാര്യാലയത്തിലെത്തിയെങ്കിലും പണം സ്വീകരിക്കാന്‍ ചെയര്‍മാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അനിതാകുമാരി കര്‍ശന നിലപാടെടുത്തതോടെ ചെയര്‍മാന്‍ വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."