കുട്ടിക്കൊമ്പന്‍ ചെരിഞ്ഞത് വിശാഖപട്ടണം സ്‌പെഷ്യല്‍ ട്രെയിന്‍ ഇടിച്ച്
പാലക്കാട്: ട്രെയിന്‍ സ്പീഡ് മുപ്പതിനും നാലിപ്പത്തിനും ഇടക്ക് മാത്രം നിയന്ത്രിച്ചു നിര്‍ത്തേണ്ട സ്ഥലത്ത് കൊല്ലംവിശാഖപട്ടണം സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ ഇടിച്ചതാണ് കൊമ്പനാന കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. കൊല്ലപ്പെട്ട സ്ഥലം ആനത്താരയാണെന്നറിയാന്‍ സിഗ്‌നല്‍ ബോര്‍ഡും റയില്‍വേ തന്നെ ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും വേഗം കൂടിയതാണ് ആനയുടെ മരണത്തില്‍ കലാശിക്കുവാന്‍ കാരണം എന്ന് റെയില്‍വെ വൃത്തങ്ങള്‍ തന്നെ പറയുന്നു. വാളയാര്‍ സ്റ്റേഷന് ഏകദേശം 500 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. കുട്ടിക്കൊമ്പന് ഉദ്ദേശം അഞ്ചുമുതല്‍ ആറു വയസ്സ് കണക്കാക്കുന്നു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികാരികളുടെ സാന്നിധ്യത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍ പോലും നൂറുകിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ജൂണ്‍ പത്തൊന്‍പതിന് രാത്രി തൊട്ടടുത്ത മധുക്കര മരപ്പാലത്തിനടുത്ത് ഇരുപതു വയസ്സു തോന്നിക്കുന്ന പിടിയാന ഇതുപോലെ ട്രെയിനിടിച്ചു കൊല്ലപ്പെട്ടിരുന്നു.
കൂടിയ വേഗത തന്നെയായിരുന്നു അന്നും അപകട കാരണം. 2000 മുതല്‍ ഉദ്ദേശം ഇരുപത്തിമൂന്നു ആനകള്‍ കഞ്ചിക്കോടിനും മധുക്കരക്കുമിടക്കുള്ള ആനത്താരയില്‍ ഇതുപോലുള്ള അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇതു സംബന്ധിച്ച് പാലക്കാട് വനം വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു റയില്‍വേ ഉദ്യോഗസ്ഥരെയും അറസ്‌റ് ചെയ്തിട്ടില്ല. ഇതാണ് ഇത്തരം സംഭവങ്ങള്‍ കൂടുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നുവെങ്കിലും ഇവയൊന്നും ഫലപ്രദമായി നടപ്പിലാക്കുന്നതിന് സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചിട്ടില്ല.
റെയില്‍വേ, വനം വകുപ്പ് ചില സന്നദ്ധ സംഘടനകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന ട്രഞ്ച്, കറണ്ടുവേലി, മതില്‍, തുടങ്ങിയ ആനത്താര തടസ്സപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചില്ലെങ്കില്‍ ആനകള്‍ വീണ്ടും സമീപത്തെ നാട്ടിന്‍പുറങ്ങളിലെ മനുഷ്യര്‍ക്കും കൃഷിക്കും സ്വത്തിനും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് വനം റയില്‍ അധികാരികള്‍ക്കും, കേരളതമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വനം മന്ത്രി, മുഖ്യ മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രധാനമന്ത്രി എന്നിവരോട് വീണ്ടും പ്രശ്‌ന പരിഹാരത്തിന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ സമീപിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇക്കാര്യം ഇന്ന് പാലക്കാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ശ്രീ ചന്ദ്രശേഖര്‍ ഐ എഫ് എസ് അവര്‍കളെ ആന കൊല്ലപ്പെട്ട സ്ഥലത്തുവച്ചു നമ്മള്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."