എഡ്ഗാര്‍ഡോ ബൗസ പുറത്ത്; പകരം സംപോളി
ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ പരിശീലക സ്ഥാനത്ത് നിന്നു പുറത്താക്കി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ടീമിന്റെ മോശം പ്രകടനമാണ് ബൗസയുടെ സ്ഥാനം തെറിപ്പിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ഈയടുത്ത് സ്ഥാനമേറ്റ ക്ലൗഡിയോ ടാപിയ കോച്ചിനെ പുറത്താക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ പരിശീലകനാരാണെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുന്‍ ചിലി കോച്ചും നിലവില്‍ സ്പാനിഷ് ലാ ലിഗ ടീം സെവിയ്യയുടെ പരിശീലകനുമായ ജോര്‍ജ് സംപോളിയെയാണു ബൗസയുടെ പകരക്കാരനായി നിയമിക്കാന്‍ അര്‍ജന്റീന അധികൃതര്‍ക്കു താത്പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2015ല്‍ ചിലിയെ ആദ്യ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് സംപോളി. സംപോളി കോച്ചായി വന്നാല്‍ 2022 വരെയുള്ള ദീര്‍ഘകാല കരാര്‍ നല്‍കാനും അര്‍ജന്റീന അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീന അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുണ്ടാകുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് മെസ്സിയില്ലാതെ ഇറങ്ങിയ അവര്‍ ബൊളീവിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി രണ്ടാം സ്ഥാനത്ത് നിന്നു അഞ്ചിലേക്കിറങ്ങിയിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്നു അഞ്ച് ടീമുകള്‍ക്കാണ് ലോകകപ്പ് കളിക്കാന്‍ അവസരമുള്ളത്. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നേരിട്ടും അഞ്ചാമതുള്ള ടീമിന് പ്ലേയോഫ് പോരാട്ടത്തിലൂടെയുമാണ് യോഗ്യത നേടാനാകുക. നിലവില്‍ അര്‍ജന്റീന അഞ്ചാമതാണ്.
1970നു ശേഷം നടന്ന ലോകകപ്പുകളിലെല്ലാം അര്‍ജന്റീന കളിച്ചിട്ടുണ്ട്. അതിനു ശേഷം ഇപ്പോഴാണ് അവര്‍ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."