പുഷ്‌കലമാകട്ടെ, അടച്ചിരിപ്പുകാലത്തെ വിദ്യാഭ്യാസം
'അതിര്‍ത്തി'കളില്ലാത്ത ഒരു ലോകത്താണ് മനുഷ്യന്‍ ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. സര്‍വരും സര്‍വസ്വവും കൈക്കുമ്പിളില്‍ എന്ന് അഹങ്കാരം പൂണ്ട് ഉല്ലസിച്ചിരുന്ന മനുഷ്യനിതാ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വന്തം അകത്തളങ്ങളിലേക്ക് ഒതുങ്ങേണ്ടി വന്നിരിക്കുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് അടച്ചരിപ്പുകാലം ഉള്‍ക്കൊള്ളാനും ചുറ്റുപാടനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയുമായിരിക്കും. എന്നാല്‍ ഇളംതലമുറ, വിദ്യാര്‍ഥി സമൂഹം -അവര്‍ അത്രമാത്രം സ്വയംപ്രാപ്തരല്ലല്ലോ. അവരുടെ പഠനവും അനുബന്ധ അനിവാര്യ കാര്യങ്ങളും എങ്ങനെ നിര്‍വഹിക്കപ്പെടണം? വിദേശ രാജ്യങ്ങളിലെല്ലാം തന്നെ വീടുകളിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനസംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാടും അതിനെക്കുറിച്ചാലോചിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലം പിന്നീടൊരിക്കലും തിരിച്ചുവരാത്തതാകയാല്‍ അത്തരം സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പിലാവുമ്പോള്‍ വിദ്യാര്‍ഥികള്‍ പൂര്‍ണമായും അതിന്റെ ഭാഗമാവുക; വിദ്യാര്‍ഥികള്‍ മാത്രം പോര, രക്ഷിതാക്കളും. നിലവില്‍ എല്ലാവരും വീട്ടിലിരിപ്പാണ്, വിദ്യാര്‍ഥികള്‍ പൂര്‍ണ ത്രിശങ്കുവിലും! കലാലയങ്ങള്‍ ഇനി എപ്പോള്‍ തുറന്നു പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയില്‍, ലഭ്യമായ വഴികളിലൂടെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ തന്നെ കഴിവതും കുട്ടികളെ വിലയേറിയ സമയം ഉപയോഗപ്പെടുത്തി, നഷ്ടമൊന്നും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ആധുനിക സമൂഹത്തെക്കുറിച്ച് ലോകാടിസ്ഥാനത്തില്‍ വിദഗ്ധരായിട്ടുള്ളവരുടെ ഒരു വിലയിരുത്തല്‍, 20 ശതമാനം സമയം ചെലവഴിക്കുമ്പോള്‍ 80 ശതമാനം സമയം നഷ്ടപ്പെടുത്തുന്നവര്‍ എന്നാണ്. ഒറ്റക്കേള്‍വിയില്‍ അതിശയോക്തിപരമാണെന്ന് തോന്നാമെങ്കിലും ഒന്നിരുന്ന് ചിന്തിച്ചുനോക്കൂ, ഇപ്പറയുന്നത് സത്യം തന്നെയല്ലേ? ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും മുന്നൊരുക്കങ്ങള്‍ക്കും കാത്തിരിപ്പിനുമായി കളയുന്ന സമയത്തിന്റെ ദൈര്‍ഘ്യം എത്രയാണെന്ന വസ്തുത ആരെങ്കിലും വിലയിരുത്താറുണ്ടോ? ഇപ്പോഴത്തെ മുതിര്‍ന്ന തലമുറ ചിന്തിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ അശ്രദ്ധയോ അവഗണനയോ മൂലം നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ചായിരിക്കും. എന്നിട്ടെന്ത് ഫലം? തിരിച്ചു പിടിക്കാനാവില്ലല്ലോ. ഇടവേള, വിശ്രമം എന്നീ പ്രയോഗങ്ങളെല്ലാം അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അടങ്ങിയൊതുങ്ങി ശാന്തമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാനും ഓരോരുത്തരുടെയും പ്രായവും ശാരീരിക-മാനസിക നിലവാരമനുസരിച്ച് ആറോ ഏഴോ എട്ടോ മണിക്കൂര്‍ കിടന്നുറങ്ങാനും അങ്ങനെ ജീവിതത്തിന്റെ പകുതിഭാഗം കഴിഞ്ഞുള്ള നേര്‍പകുതി ഉണര്‍ന്നിരിക്കുന്ന പകല്‍ മുഴുവന്‍ വ്യക്തിപരവും അല്ലാത്തതുമായ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതാകുന്നു മനുഷ്യന്റെ ആയുഷ്‌കാലം. പഠനം, പരിശീലനം, ജോലി, ഔപചാരിക ജോലി കഴിഞ്ഞാലുള്ള കാലം എല്ലാം ഈ കാലഘട്ടത്തില്‍ വ്യവസ്ഥാപിതമാണല്ലോ. ഇവയില്‍ ഏതു ഘട്ടത്തിലാണ് മനുഷ്യന് വെറുതെയിരിക്കാന്‍ സമയം കണ്ടെത്തുക
അതേസമയം തുടര്‍ച്ചയായി നിശ്ചിത ജോലി ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതുണ്ടല്ലോ. അത് മാനുഷികവുമാണ്. അതുകൊണ്ടുതന്നെയാണ് വിദ്യാലയങ്ങള്‍ തൊട്ട് ഓഫിസുകള്‍, തൊഴില്‍ശാലകള്‍ എന്നിവിടങ്ങളിലെല്ലാം ഇടവേളകള്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനെ 'വെറുതെയിരിക്കല്‍' എന്നു പറഞ്ഞുകൂടാ, മറിച്ച് ഇടവേള എന്ന അര്‍ഥത്തില്‍ മറ്റെന്തെങ്കിലും അനുബന്ധ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ആവാം.
മനുഷ്യവംശം ജീവിത കാലയളവില്‍ വിവിധ രംഗങ്ങളില്‍ ഇടപെടുന്നവരാണ്. അവയില്‍ ആധുനിക കാലഘഘട്ടത്തിന്റെ അനിവാര്യമായ പ്രാഥമിക ഘട്ടം വിദ്യാഭ്യാസ കാലമാണ്. ചെറുപ്പകാലത്ത് എന്ത് പഠിക്കുന്നോ, പരിശീലിക്കുന്നോ അതായിരിക്കുമല്ലോ പഠനകാലം കഴിഞ്ഞാല്‍ മിക്കവാറും ആയിത്തീരുക. വിദ്യാഭ്യാസകാലം എന്നുപറഞ്ഞാല്‍ അത് വെറും കുറേ മന:പാഠത്തിന്റെ ഒരു കാലമല്ല, മറിച്ച് പ്രായോഗിക ജീവിതത്തിന്റെ പരിശീലന കാലഘട്ടം കൂടിയാവണം. മനുഷ്യന്‍ ഇടപെടുന്ന സര്‍വവിധ കാര്യങ്ങളില്‍ വെച്ചേറ്റവും പ്രധാനമായതും അടിസ്ഥാനപരമായതും എന്നാല്‍ ഏറ്റവും അധ്വാനമേറിയതുമായ ഒന്നാണ് പഠനം എന്നുള്ളത്. അത് ബൗദ്ധികമാണ്. അധ്യയനവും അധ്യാപനവും രണ്ടും അങ്ങനെത്തന്നെ.
പൊതുജനം വളരെ സാധാരണമായി ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. 'കൊല്ലത്തില്‍ രണ്ടു മാസവും ആഴ്ചയില്‍ രണ്ടു ദിവസവും പിന്നെ അതും ഇതും ഒക്കെയായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എപ്പോഴും ഒഴിവു തന്നെയല്ലേ. പിന്നെ എങ്ങനെയാ ഇതൊക്കെ നേരെയാവുക'. വെറും ഒരു അയഞ്ഞ വര്‍ത്തമാനം (ലൂസ് ടോക്). യാഥാര്‍ഥ്യം അറിഞ്ഞാല്‍ ഇത്തരക്കാര്‍ ഞെട്ടും. വിദ്യാലയങ്ങളിലെത്തിയാലും കുട്ടികള്‍ മുഴുസമയം പുസ്തകപ്പുഴുക്കളല്ല. അവര്‍ കളിക്കുന്നു, ഓടുന്നു, ചാടുന്നു, ചിത്രം വരക്കുന്നു, പാട്ട് പാടുന്നു, നീന്തുന്നു, ഇടക്കിടെ മുറിഞ്ഞു മുറിഞ്ഞ് നാല്‍പ്പതോ നാല്‍പ്പത്തഞ്ചോ മിനുട്ടുമാത്രം ഒരു വിഷയം പഠിപ്പിക്കുന്നു, അധ്യാപകര്‍ മാറി മാറി വരുന്നു എന്നൊക്കെയുള്ള വേവലാതികള്‍. പക്ഷേ ഇത്തരം ധാരണകള്‍ ഉള്ളവര്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടുന്ന വളരെ അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. അതായത് ലോകത്ത് മറ്റേത് കാര്യത്തേക്കാളും ഏറ്റവും വ്യത്യസ്തമായ ഒന്നാണ് പഠനവും പഠിപ്പിക്കലും. അത് പേശീനിബന്ധമായ ഒരു ജോലിയല്ല. തീര്‍ത്തും ബൗദ്ധികമാണ്.
ശാരീരികാവയവങ്ങള്‍ താങ്ങുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് അഥവാ തുല്യതയില്ലാത്തതാണ് ബുദ്ധിപരമായ ഭാരം. അതു ചുമക്കാന്‍ പഠിക്കുന്നവരും അതിന് ശീലിപ്പിക്കുന്നവരും യഥാര്‍ഥത്തില്‍ ചെയ്യുന്നത് വളരെ പ്രയാസകരമായ ഒരു കാര്യം തന്നെയാണ്. അതില്‍ തന്നെ ചില വിഷയങ്ങള്‍ ചിലര്‍ക്ക് എളുപ്പമാണെങ്കില്‍ മറ്റു ചിലര്‍ക്ക് അതികഠിനമായിരിക്കും. ഇതെല്ലാം സമരസപ്പെടുത്തി മുന്നേറുകയെന്നതിന്റെ പ്രയാസം ഒരു പരിധിവരെ കുറച്ചുകൊണ്ടുവരുന്നത് അതിലിടപെടുന്നവരുടെ മിടുക്കും കാലാകാലങ്ങളില്‍ പുലര്‍ത്തുന്ന ശാസ്ത്രീയ സമീപനങ്ങളുമാണ്. മാനസികമായ പാകപ്പെടുത്തലാണ് അതില്‍ ഏറ്റവും പ്രധാനം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഈ രംഗം മിടുക്ക് തെളിയിക്കലിന്റെ വേദിയായിമാറുന്നു. എല്ലാം നല്ല നിലയില്‍ നേരിട്ട്, മിന്നുന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്കല്ലേ അതിനനുസൃതമായി അവസരങ്ങള്‍ തുറന്നുകിട്ടുക. ഇത്തരം മാനസികഭാരം ചുമക്കേണ്ടിവരുന്നവര്‍ക്ക് ഇടതടവില്ലാത്ത ഒരു പ്രവാഹം വിപരീതഫലം സൃഷ്ടിക്കുമെന്നതിനാല്‍ അധ്യയനവും അധ്യാപനവും നടത്തുന്നവര്‍ക്ക് നല്ല ഇടവേളകളും മാനസികോല്ലാസവും ആവശ്യമായിവരുന്നു. അതിനുവേണ്ടി വിഷയങ്ങള്‍ ഒന്നിച്ച് ഒറ്റയടിക്ക് തിരുകിക്കയറ്റാന്‍ ശ്രമിക്കാതെ കുറേശെയായി വിഷയങ്ങള്‍ വേര്‍തിരിച്ചും അധ്യാപകര്‍ മാറിമാറിയും മാനസികോല്ലാസം കൈവരുന്ന പഠനേതര കാര്യങ്ങളില്‍ പങ്കാളികളാക്കിയും പിടികൂടാന്‍ സാധ്യതയുള്ള മടുപ്പിനെ ഇല്ലാതാക്കാന്‍ സംവിധാനത്തില്‍ തന്നെ പരിഹാരവിധികള്‍ നിശ്ചയിച്ചിരിക്കുന്നു. അതിനാണ് ഇടവേളകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇടവേളകളെ പൂര്‍ണ ഒഴിവുദിവസങ്ങളായിട്ടല്ല കാണേണ്ടത്. മറിച്ച് ആ സമയം കല, കായിക പരിശീലനങ്ങള്‍, പഠനയാത്രകള്‍ എന്നിവക്കെല്ലാമായി പ്രയോജനപ്പെടുത്തി വ്യക്തിവികാസം കൈവരിക്കുകയാണ് വേണ്ടത്. അറിവു നേടുന്നതോടൊപ്പം വ്യക്തിവികാസം നേടാന്‍ കഴിയുന്നില്ലെങ്കില്‍ അത് പലപ്പോഴും മുന്നോട്ടുള്ള കുതിപ്പിന് പ്രതിബന്ധമായിത്തീരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ സജീവ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ട്.
കുട്ടികളെ ആറു വയസാകുമ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തി വിദ്യാഭ്യാസം തുടങ്ങുന്ന രീതിയാണ് ഇന്നത്തെ തലമുറക്ക് ശീലം, കാരണം അതു സര്‍ക്കാര്‍ നിയമം. എന്നാല്‍ അതിനുമുമ്പേതന്നെ കുട്ടികളില്‍ എല്ലാം പതിഞ്ഞുകഴിയുന്ന ഒരു കാലഘട്ടം പാഴായിപോകുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ കുറവല്ലേ. ആദ്യം കാണുന്ന കാഴ്ചയും നിറവും ശബ്ദവും അനുഭവവും മുതല്‍ കുട്ടി അനൗപചാരിക വിദ്യാഭ്യാസത്തിലാണെന്ന് നാം തിരിച്ചറിയണം. അതിനാല്‍ ജനനം തൊട്ട് ഔപചാരികതയുടെ പ്രായമാകുന്നതുവരെ കുട്ടികളെ നല്ലത് കാണിക്കുകയും കേള്‍പ്പിക്കുകയും ബോധ്യപ്പെടുത്തുകയും താല്‍പര്യം ജനിപ്പിക്കുകയുമെല്ലാം വേണം. ഇതൊന്നും അടച്ചിട്ട മുറികള്‍ക്കുള്ളിലാവരുത്. അവര്‍ ലോകം കാണുന്ന വിധത്തിലാവണം. അങ്ങനെയെങ്കില്‍ ഔപചാരികതയിലെത്തുമ്പോഴേക്കും അവര്‍ അവരുടേതായ വ്യക്തിത്വമുള്ളവരായി വളരും. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. മറിച്ച് എല്ലാം തുടങ്ങാന്‍, കുഞ്ഞുങ്ങളെ വെളിച്ചം കാണിക്കാനും ശബ്ദം കേള്‍പ്പിക്കാനും ആറു വയസ്സുവരെ കാത്തിരിക്കുകയെന്നത് ആധുനിക കാലഘട്ടത്തില്‍ തീരെ പ്രായോഗികമല്ല; അത്തരക്കാര്‍ പിന്തള്ളപ്പെട്ടേക്കാം. കുട്ടികളില്‍ താല്‍പര്യവും ഉത്സുകതയും വിത്തുപാകി വളര്‍ത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മടിയന്മാരായി അവര്‍ വളര്‍ന്നുകൂടാ. മടി പിശാചിന്റെ പണിപ്പുരയാണെന്ന് (കറഹലില ൈശ െവേല ംീൃസവെീു ീള ഉല്ശഹ) ഒരു ചൊല്ലുണ്ട്. കുഞ്ഞുങ്ങളുടെ അടിത്തറ അങ്ങനെയാവാന്‍ പാടില്ലല്ലോ.
കുട്ടികളെയും മുതിര്‍ന്നവരിലേറെ പേരെയും വശംകെടുത്തിയിരിക്കുന്ന ഒരു ധാരണയുണ്ട്. അതായത് നിലവിലെ സംവിധാനമനുസരിച്ച് നമ്മുടെ രാജ്യത്തും വിദേശങ്ങളിലുമെല്ലാം രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ വെക്കേഷന്‍ എന്ന സംവിധാനം സര്‍വ പരിത്യാഗത്തിനുള്ള കാലഘട്ടമാണെന്ന്. പുതിയ ഉണര്‍വ്, ഉന്മേഷം, ഊര്‍ജ്ജസ്വലത ഇവയെല്ലാം ആര്‍ജ്ജിച്ച് പുതിയ ഒരു കാല്‍വെപ്പുമായി നൂതന പദവിയിലേക്ക് നടന്നുകയറി തികഞ്ഞ സന്തോഷത്തില്‍ തൊട്ടുമേല്‍ ക്ലാസില്‍ പഠിക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക് കൈവരുന്ന ശുഭമുഹൂര്‍ത്തമാണല്ലോ പുതിയ അധ്യയന വര്‍ഷം. ക്ലാസു കയറ്റം ഏതു ലവല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളവും അങ്ങേയറ്റം സന്തോഷകരമാണ്. അത് അവരില്‍ വല്ലാത്ത അനുകൂല മാനസികാവസ്ഥ സൃഷ്ടിക്കും. പക്ഷേ ഇവിടെ വളരെ പ്രായോഗികമായി ചിന്തിക്കേണ്ടുന്ന ഒരു വസ്തുതയുണ്ട്. അതായത് അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കാലഘട്ടവും പ്രയോഗവുമാണ് 'വേനലവധി' എന്ന സാങ്കേതികത. കാലാവസ്ഥയുടെ കാഠിന്യം ഒരു യഥാര്‍ഥ വസ്തുത തന്നെ. അവധിക്കാല വ്യാഖ്യാനങ്ങളും സമീപനങ്ങളുമൊക്കെ കണ്ടാല്‍ തോന്നുക ആ കാലയളവില്‍ യാതൊരു അക്ഷരബന്ധവും പാടില്ല എന്ന വിധമാണ്. അങ്ങനെയല്ല. ഔപചാരികമായുള്ള അവധിയാണെങ്കിലും അല്ലെങ്കിലും വിലപിടിപ്പുള്ള കാലഘട്ടം എഴുതിത്തള്ളാനുള്ളതാണോ? ആ കാലഘട്ടം പതിവുരീതികളില്‍ നിന്നും വിഷയങ്ങളില്‍ നിന്നും മാറി അനൗപചാരികമായി ഏതെല്ലാം വിധത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമോ, ആ വിധത്തിലെല്ലാം രക്ഷിതാക്കളും (സ്ഥാപനവും) മുന്‍കൈയെടുത്ത് നിര്‍വഹിക്കേണ്ടതാണ്.
ഓരോരുത്തരും അവനവന്റെ കഴിവനുസരിച്ച് പ്രയോജനപ്രദമായ യാത്രകള്‍, അക്കാദമികമായ പ്രദര്‍ശനങ്ങള്‍, മേളകള്‍ എന്നിവയിലെല്ലാം പങ്കാളികളാവുക. വിവിധ വിദ്യാഭ്യാസ പ്രചരണ മാധ്യമങ്ങള്‍ ഒരുക്കുന്ന പ്രഭാഷണങ്ങള്‍, സിമ്പോസിയങ്ങള്‍ എന്നിവയില്‍ സംബന്ധിക്കുക, സ്‌പോര്‍ട്‌സ്, ഗെയിംസ് തുടങ്ങിയവയില്‍ അര്‍ധദിനാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ക്യാംപുകളില്‍ പങ്കാളികളാവുക, മോറല്‍ ക്ലാസുകള്‍, പരിശീലനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുക, പൊതുജനസേവനപരമായ പ്രദേശത്തെ പ്രവര്‍ത്തനങ്ങളില്‍ ആവുന്നത്ര പങ്കാളിയാവുക, ശുചിത്വം, പരിസ്ഥിതി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണത്തിലും പങ്കെടുക്കുക എന്നിങ്ങനെ ഏതെല്ലാം വിധത്തില്‍ പ്രയോജനപ്രദമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാവുമോ അവയിലെല്ലാം പങ്കെടുത്ത് ''ഞാനെന്റെ സമയം ആവതും പ്രയോജനപ്രദമായി ചെലവഴിച്ചു''വെന്ന ന്യാമായ സംതൃപ്തി കണ്ടെത്തുക. രക്ഷിതാക്കളുടെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരിക്കട്ടെ ഇതെല്ലാം.
ദീര്‍ഘ അവധിക്കാലത്ത് കുട്ടികള്‍ സദാസമയവും രക്ഷിതാക്കളുടെ കൂടെത്തന്നെ ആയിക്കൊള്ളണമെന്നില്ലല്ലോ. ജോലിയുള്ള മാതാപിതാക്കളാണെങ്കില്‍ വിശേഷിച്ചും. അതിനാല്‍ പ്രാദേശിക ഔദ്യോഗിക സ്വഭാവമുള്ള ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട സഥാപനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പഠനവിഷയങ്ങളില്‍ അധികശ്രദ്ധ ആവശ്യമാണെങ്കില്‍ അതിനുളള സംവിധാനമൊരുക്കിക്കൊടുക്കുക. അപ്രകാരം തന്നെ സാങ്കേതിക പരിശീലനത്തിനായി കംപ്യൂട്ടര്‍ സ്ഥാപനങ്ങളിലോ മറ്റോ മുഴുസമയമല്ലാതെ ഏര്‍പ്പെടുത്തുക. കൂട്ടുകെട്ടുകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കണം. രക്ഷിതാക്കള്‍ കുട്ടികളുമായി സൗഹൃദമായി പെരുമാറുക, മുഖത്തുനോക്കി സംസാരിക്കുക. കുട്ടികളെയും അങ്ങനെത്തന്നെ ശീലിപ്പിക്കുക. വെക്കേഷന്‍ കാലഘട്ടം വെറുതെയുള്ളതല്ല എന്ന് അവരോട് ആശയപ്രസംഗം നടത്തിയാല്‍ പോരാ, മറിച്ച് അവരെ ക്രിയാത്മകമായി പ്രയോജനപ്രദമായ മുന്‍പറഞ്ഞ വിധത്തിലുള്ള ഏതെങ്കിലും ഒന്നില്‍ പങ്കാളികളാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."