ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഭൂമി: സര്‍വേ നടപടികള്‍ക്ക് തുടക്കം
എടപ്പാള്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ക്ക് തുടക്കമായി. താലൂക്ക് സര്‍വെയര്‍ നാരായണന് കുട്ടി, വട്ടംകുളം വില്ലേജ് ഓഫിസര്‍ രോഹിന് കുമാര്‍, വില്ലേജ്മാന്‍ സന്‍ജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്.
സ്കൂളിന്റെ നാലു വശങ്ങളിലെയും ഭൂമി അന്യാധീനപ്പെട്ടു കിടക്കുകയാണെന്നും ഇത് തിരിച്ചുപിടിച്ച് രേഖകള്‍ കൈമാറണമെന്നും കലക്ടറോട് നിര്‍ദേശിച്ച് റവന്യൂ സെക്രട്ടറി ഒരു മാസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കലക്ടര്‍ ഈ ഉത്തരവ് തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ പ്രധാനാധ്യാപികയ്ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിഞ്ഞ ദിവസം നോട്ടിസ് കൈമാറിയത്.
താലൂക്ക് സര്‍വേയര്‍, വട്ടംകുളം വില്ലേജ് ഓഫിസര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് സ്കൂളിന്റെ നാല് അതിര്‍ത്തികളും അളന്നു തിട്ടപ്പെടുത്തി കല്ലിടും.
ഈ റിപ്പോര്‍ട്ട് കലക്ടര്‍ മുഖേന റവന്യൂ സെക്രട്ടറിക്ക് കൈമാറുകയും ചെയ്യും. ഇതിനുശേഷം സ്കൂളിന്റെ നാലുവശവും മതില്‍കെട്ടി സംരക്ഷിക്കാനാണു തീരുമാനം. അതേസമയം, സ്കൂളിന്റെ രണ്ടു വശങ്ങളില്ക്കൂടിയുള്ള വഴി പ്രദേശത്തുള്ളവര്‍ ഉപയോഗിച്ചുവരുന്നുണ്ട്. സ്കൂളിന്റെ സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തിയാല്‍ ഈ വഴികളുടെ വീതി കുറയുകയും വാഹനങ്ങള്‍ സുഗമമായി പോകാനുള്ള സംവിധാനമില്ലാതെ വരികയും ചെയ്യും.
ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സ്ഥലം അളന്നു രേഖപ്പെടുത്തിയ ശേഷമായിരിക്കും അധികൃതര്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."