മത്സ്യത്തിന് തീവില; കൂടിയത് അഞ്ചിരട്ടി
പൊന്നാനി: മത്സ്യ വിപണിയില്‍ മുന്‍പെങ്ങുമില്ലാത്ത അഭൂതപൂര്‍വമായ വിലക്കയറ്റം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 40 രൂപ വരെ വിലയിടിഞ്ഞുനിന്ന ചാളയുടെ വില ഇപ്പോള്‍ അഞ്ചിരട്ടി വര്‍ധിച്ച് 180 -200 രൂപയായി.
തീരപ്രദേശത്തെ മാര്‍ക്കറ്റുകളില്‍ ഈ വിലയുള്ളപ്പോള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരു കിലോ ചാളയ്ക്ക് 300 രൂപയ്ക്കു മുകളില്‍ കൊടുക്കണം. ഒരു കിലോ അയലയുടെ വില തീരപ്രദേശത്ത് 260 രൂപയാണ്. നാലെണ്ണം ഒരു കിലോ തൂങ്ങുന്ന അയലക്ക് വില 300നു മുകളില്‍ നല്‍കണം. കിളിമീന്‍ പോലുള്ള ആഴക്കടല്‍ മത്സ്യങ്ങള്‍ തീരെയില്ല. കരിമീന്റെ വില 600 മുതല്‍ മുകളിലേക്കാണ്.
പൊടി കണ്ണമ്പിന് പോലും 400 രൂപ വില വരുന്നു. ചെറിയ പല്ലി മീന്‍ 350 രൂപയാണ്. ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ ബോട്ടുകള്‍ കടലില്‍ പോകാതായതാണ് വറുതിക്ക് പ്രധാന കാരണം.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ നാടന്‍ വള്ളങ്ങളും കടലില്‍ പോകുന്നത് ചുരുക്കമാണ്. കേരള തീരത്തുടനീളം ജാഗ്രതാനിര്‍ദേശം നല്കിയിരിക്കുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാളയുടെയും അയലയുടെയും ചാകര. വള്ളക്കാര്‍ക്കാണ് ഈ കോള്‍ കിട്ടാറുള്ളത്. എന്നാല്‍ ഇക്കുറി കടല്‍ക്ഷോഭം വള്ളക്കാര്‍ക്ക് തിരിച്ചടിയായി.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ഒരാഴ്ച കഴിഞ്ഞും മറ്റും എത്തുന്ന മീനാണ് മാര്‍ക്കറ്റുകളെ പിടിച്ചു നിര്‍ത്തുന്നത്.
നത്തോലി, കൊഴുവ തുടങ്ങിയ ഇനങ്ങള്‍ ദുര്‍ലഭമായി. നെയ്മീന് പോലുള്ള ഇനങ്ങള്‍ക്ക് ലഭ്യത കുറവാണ്. എന്നാല്‍ ചെമ്മീന്‍ താരതമ്യേന വില അധികമായിട്ടില്ല.വരവ് കൂടുതലുള്ളതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."