HOME
DETAILS
MAL
ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ നീട്ടി മഹാരാഷ്ട്ര; സമാന തീരുമാനത്തിനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍
backup
May 16 2020 | 03:05 AM
മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മുംബൈയെ കൂടാതെ പൂനെ, മലേഗാവ്, ഔറന്‍ഗാബാദ്, സോളാപുര്‍ എന്നീ നഗരങ്ങളിലാണ് അടച്ചുപൂട്ടല്‍ നീട്ടിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാനത്തെ ബാക്കി ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നിയന്ത്രണങ്ങള്‍ തുടരുക. സംസ്ഥാനത്ത് 27,524 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 1,019 പേര്‍ മരിച്ചു. ഇതില്‍ 600ലേറെ മരണവും മുംബൈയിലാണ്. അവിടെ 16,579 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയില്‍ മാത്രം 998 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. രോഗികളുടെ എണ്ണം 1000 കടന്ന ധാരാവിയില്‍ 33 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പൊലീസുകാര്‍കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച പൊലിസുകാരുടെ എണ്ണം 10 ആയി. താനെ, പുനെ ജില്ലകളിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് 10,000ത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.
അതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കൊവിഡ് ടാസ്‌ക് ഫോഴ്‌സ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരാഴ്ചയ്ക്കകം 20,000ത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. സഞ്ജയ് ഓക് മുഖ്യമന്ത്രിയോടു പറഞ്ഞു. അതിനിടെ കൊവിഡ് വ്യാപനം പരിധിവിട്ടതോടെ തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെയും ആഗ്രഹം. മെയ് 31 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇളവുകള്‍ നല്‍കുന്നകാര്യം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഹാറില്‍ 994 പേര്‍ക്കും ജാര്‍ഖണ്ഡില്‍ 197 പേര്‍ക്കും ഒഡീഷയില്‍ 611 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കുകയാണ്. മെയ് 18 മുതലുള്ള നാലാംഘട്ട ലോക്ക്ഡൗണ്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."