ആലപ്പുഴയില്‍ മത്സരിക്കാനില്ല: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
29സംസ്ഥാനങ്ങളിലേക്കും ഡല്‍ഹിയും പുതുച്ചേരിയും അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനും, ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ സുപ്രധാനമായ ചുമതലകളും തനിക്കുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇതിനിടെ ഡല്ഹിയിലിരിന്നു കൊണ്ട് ആലപ്പുഴയില്‍ മത്സര രംഗത്തുണ്ടാവുക എന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേടാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രയാസം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജനങ്ങളെ അഭിമുഖീകരിക്കാനും തികഞ്ഞ ആത്മവിശ്വാസവും കഴിഞ്ഞ കാലങ്ങളില്‍ തികച്ചും ജനകീയമായി നിന്നുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും മറ്റേതൊരു മണ്ഡലത്തെക്കാളും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പശ്ചാത്തലവും ഉണ്ട്. പക്ഷെ രാഷ്ട്രീയമായ വിപുലമായ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്പിച്ചിരിക്കുന്നതിനാല് മത്സര രംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ആലപ്പുഴയോടു വൈകാരികമായി ബന്ധമുണ്ട്.
മത്സരിക്കുന്നില്ലെങ്കിലും ആലപ്പുഴയില്‍ തന്നെ തുടരുമെന്നും പൊതുരംഗത്ത് ഇന്ന് ഉന്നത നിലയില്‍ എത്താന്‍ കാരണം ആലപ്പുഴക്കാരാണെന്നും കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."