ഗോത്ര സമൂഹത്തിന്റെ ശേഷിപ്പായി ആദിവാസി ഊരുകളിലെ പരമ്പരാഗത അടുക്കള
പാലക്കാട്: ആദിവാസികളുടെ യഥാര്‍ത്ഥ ജീവിതരീതി ഇന്ന് അന്യമാണ്. കാലം മാറുന്നതനുസരിച്ച് അവരുടെ ജീവിതരീതികളിലും മാറ്റം വരുന്നു. എന്നാല്‍ പഴയ സംസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ചില ഊരുകളില്‍ ഇന്നും പരമ്പരാഗത അടുക്കളകളുണ്ട്. വൃത്തിയുള്ളതും മനോഹരവുമായ അടുക്കള തികച്ചും പ്രകൃതി സൗഹൃദമാണ്. മുള കീറിയെടുത്ത് മറയുണ്ടാക്കി അതില്‍ മണ്ണ് തേച്ച് പിടിപ്പിക്കും.മറയും തറയുമെല്ലാം പ്രത്യേക രീതിയില്‍ മിനുക്കിയെടുക്കും. അകത്തേക്ക് കയറാന്‍ ചെറിയൊരു വാതില്‍ മാത്രം. ഉപയോഗിക്കുന്ന ഓട്ടുപാത്രങ്ങളും മണ്‍പാത്രങ്ങളും അതീവ ശ്രദ്ധയോടെ വൃത്തിയാക്കി ഉപയോഗിക്കുന്ന മണ്ണടുപ്പിലാണ് പാചകം. ധാന്യങ്ങളാണ് ഭക്ഷണത്തിന് ഉപയോഗിക്കുക. രാസവളമില്ലാതെ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്താണ് ധാന്യം വിളവെടുക്കുന്നത്. വീടിന്റെ പ്രധാനഭാഗം അടുക്കളയാണെന്ന തിരിച്ചറിവ് ആദിവാസികള്‍ക്കുണ്ടായിരുന്നു. പല ഊരുകളിലും ഇന്ന് അതെല്ലാം ഓര്‍മ്മയായി. ഉള്‍പ്രദേശത്തെ പല ഊരുകളിലും ഇന്നും ഇത്തരം അടുക്കളയിലാണ് പാചകം. സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊടുത്ത കോണ്‍ക്രീറ്റ് വീടിനുള്ളില്‍ സമിന്റ് അടുപ്പും പുകയില്ലാത്ത അടുപ്പും ഉണ്ട്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കാനും സൗകര്യമുണ്ട്. എങ്കിലും വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പരാഗത അടുക്കള ഇന്നും ഗോത്ര സമൂഹത്തിന്റെ ശേഷിപ്പുകളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."