പാഴാവുന്ന ഭക്ഷ്യവസ്തുക്കള്‍ വിശക്കുന്നവര്‍ക്ക്
ദോഹ: ഗ്രോസറികളില്‍ നിന്നും റസ്‌റ്റോറന്റില്‍ നിന്നും പാഴാവുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് പാവങ്ങള്‍ക്കെത്തിക്കാന്‍ ഖത്തറില്‍ പുതിയ കമ്പനി രൂപീകരിച്ചു. മലയാളി ദമ്പതികളായ വര്‍ദ മാമുക്കോയയും ഭര്‍ത്താവ് ഷാഹിദ് അബ്ദുല്‍ സലാമുമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച അന്താരാഷ്ട്ര ഭക്ഷ്യ മേളയോടനുബന്ധിച്ച് വഹബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിച്ചു.
അറബി ഭാഷയില്‍ സേവന തല്‍പ്പരതയോടെ നല്‍കുക എന്നര്‍ഥമുള്ള വഹബില്‍ അഞ്ച് അംഗങ്ങളുള്ള കോര്‍ ടീമും ഇവരെ സഹായിക്കുന്ന യുവ വളന്റിയര്‍മാരുമാണുള്ളത്. സി.ഇ.ഒ അല്‍അനൂദ് അബ്ദുല്‍ അസീസ് ജാസിം ആല്‍ഥാനി, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും ഭക്ഷ്യസുരക്ഷയിലും വിദഗ്ധനായ ചീഫ് ടെക്‌നോളജി ഓഫിസര്‍ റമീസ് മുഹമ്മദ് കക്കോടന്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിം വ്യാറ്റ്, സഹ സ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ ഷാഹിദ് അബ്ദുല്‍ സലാം എന്നിവരാണ് വര്‍ദയ്ക്കു പുറമേ കോര്‍ അംഗങ്ങള്‍.
ഷാഹിദ് അബ്ദുല്‍ സലാമിന്റെ ഭാര്യയായ വര്‍ദയാണ് കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍. 11 ദിവസത്തെ പരിപാടിക്കിടെ ഈ നവസംരഭം 1000 പേര്‍ക്കുള്ള ഭക്ഷണമാണ് ശേഖരിച്ചത്. വഹബിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മാലിന്യക്കുപ്പയിലേക്കു പോകുമായിരുന്ന ഭക്ഷണമാണ് ഇതെന്ന് വര്‍ദ പറഞ്ഞു.
വഹബ് ശേഖരിച്ചു നല്‍കിയ ഭക്ഷണം ഈദ് ചാരിറ്റിയാണ് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ ശേഖരിച്ച് സാധാരണക്കാര്‍ക്കെത്തിക്കുന്നത്.
ലോകത്തെ ഭക്ഷണം പാഴാക്കലില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഒരാള്‍ ദിവസം 1.8 കിലോഗ്രാം വരെ ഭക്ഷണമാണ് രാജ്യത്ത് പാഴാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."