പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ 'ശക്തി' തീരുമാനിക്കും
കൊച്ചി: പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആരെന്നതു സംബന്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം അടയാളപ്പെടുത്താന്‍ 'ശക്തി'.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ഓണ്‍ലൈന്‍ ആപ്പായ 'ശക്തി'യില്‍നിന്ന് രണ്ടു ദിവസമായി സ്ഥാനാര്‍ഥി ആരുവേണമെന്നതില്‍ അഭിപ്രായം തേടിക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശബ്ദത്തിലാണ് സന്ദേശം.
സ്ഥാനാര്‍ഥിയായി ആരെയാണ് താല്‍പര്യം എന്നറിയിക്കാനാണ് ഫോണ്‍ സന്ദേശം. അഭിപ്രായങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ എം.പി ആന്റോ ആന്റണിക്കാണ് സ്ഥാനാര്‍ഥിയായി കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ സി.പി.എം സ്ഥാനാര്‍ഥിയായി ആറന്മുള എം.എല്‍.എ വീണ ജോര്‍ജ് എത്തിയത് കോണ്‍ഗ്രസില്‍ നേരിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സീറ്റു വച്ചുമാറ്റം ഇവിടെ ഉണ്ടാകാനുള്ള സാധ്യത ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളുന്നില്ല.
ഈ സാഹചര്യത്തില്‍ പത്തനംതിട്ടയെ സംബന്ധിച്ച് 'ശക്തി' ആപ്പ് കാളുകള്‍ക്ക് പ്രസക്തിയേറും എന്നുതന്നെയാണ് വിലയിരുത്തല്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പയറ്റിയ തന്ത്രമായിരുന്നു ഓണ്‍ലൈന്‍ പ്രചാരണം. അതിനു മറുപടിയായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ ആപ്പാണ് 'ശക്തി'. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് ആപ്പ്.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി അശോക് ഗലോട്ടിനെ തീരുമാനിച്ചത് ശക്തി മുഖേനയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."