രാഹുല്‍ഗാന്ധി 13ന് കേരളത്തില്‍, 14 ന് പെരിയയില്‍ സന്ദർശിക്കും
തിരുവനന്തപുരം: തെരഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍, തൃപ്പയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും.
തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച വീരസൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും.
വൈകുന്നേരം മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡി.സി.സി അധ്യക്ഷന്മാരുടെ മേല്‍ നേട്ടത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കെ.പി.സി.സി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിങ് പ്രിഡന്റുമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."