കേരളത്തോടുള്ള കേന്ദ്രവിവേചനം അവസാനിപ്പിക്കണം: എല്‍.ഡി.എഫ്
തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എല്‍.ഡി.എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ വിദ്വേഷം മനസില്‍വച്ച് സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ കാണാന്‍ പോലും അവസരം നല്‍കാത്തത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പ്രധാനമന്ത്രിമാരാരും ഇത്തരമൊരു നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. സംതൃപ്തമായ സംസ്ഥാനം, ശക്തമായ കേന്ദ്രം എന്നതാണ് നമ്മുടെ ഫെഡറല്‍ വ്യവസ്ഥയുടെ അന്തഃസത്ത. അതുപോലും മോദി മുഖവിലയ്‌ക്കെടുക്കുന്നില്ല.
സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന് തീരുമാനിച്ചതനുസരിച്ചുള്ള നിവേദനം നല്‍കാന്‍ ശ്രമിച്ച സര്‍വകക്ഷി സംഘത്തെ കാണാനും നേരത്തെ പ്രധാനമന്ത്രി തയാറായില്ല. അതിന്റെ തുടര്‍ച്ചയായി പല തവണ മുഖ്യമന്ത്രിക്കു കൂടിക്കാഴ്ച നിഷേധിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി ശ്രദ്ധയില്‍പെടുത്താനും പരിഹാരം തേടാനുമാണ് ഇത്തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി സമയം ചോദിച്ചത്. ഈ വിഷയം കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി സംസാരിച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
റെയില്‍വേ വികസന കാര്യത്തിലും കേരളത്തോട് കടുത്ത വിവേചനമാണ് കാട്ടുന്നത്. റെയില്‍വേ കോച്ച് ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഈ വിവേചനം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."