ഒഡിഷയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീ സംവരണം: മുഖ്യമന്ത്രി നവീന്‍ പട്‌നായിക്
ഭുവനേശ്വര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിജു ജനതാദള്‍ അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.
ഇതോടെ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയായി ബിജു ജനതാദള്‍ മാറും. ഒഡിഷയില്‍ ലോക്‌സഭയിലേക്ക് 21 സീറ്റുകളും നിയമസഭയിലേക്ക് 147 സീറ്റുകളുമാണുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ ഒന്‍പത് സീറ്റുകളും നിയമസഭയില്‍ 117 സീറ്റുകളും നേടിയിരുന്നു. ലോക്‌സഭയിലേക്ക് ബി.ജെ.പി ഏഴ് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് അഞ്ചു സീറ്റുകള്‍ നേടി.
സംസ്ഥാന മുഖ്യമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയാണ് നവീന്‍ പട്‌നായിക്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും പ്രഗത്ഭനെന്ന് വിശേഷിപ്പിച്ചിരുന്ന ബിജു പട്‌നായിക്കിന്റെ മകനാണ് നവീന്‍. ജനകീയതയും സുതാര്യമായ ഭരണവുമാണ് കഴിഞ്ഞ 20 വര്‍ഷമായി നവീന്‍ പട്‌നായിക് മുഖ്യമന്ത്രി പദത്തില്‍ തുടരാനുള്ള കാരണം.
അതേസമയം മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ച് സംസ്ഥാനത്ത് ഏതുതരത്തിലും ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. പലതവണ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ബി.ജെ.പിയുമായി സഹകരിച്ച പാര്‍ട്ടിയാണ് ബിജു ജനതാദള്‍. പിന്നീട് കോണ്‍ഗ്രസിനോടെന്ന പോലെ ബി.ജെ.പിയോടും തുല്യം അകലം പാലിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കും ഭൂരഹിത കര്‍ഷകര്‍ക്കും കാര്‍ഷിക തൊഴിലാളികള്‍ക്കും സഹായമെന്ന നിലയില്‍ 1,600 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 32 ലക്ഷം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന കൃഷക് സഹായ പദ്ധതി വഴി സര്‍ക്കാര്‍ പുതിയൊരു വിപ്ലവമാണ് നടത്തിയത്. ഇത്തവണയും താന്‍ തന്നെയാണ് താരമെന്ന് പ്രഖ്യാപിച്ച അദ്ദേഹം സംസ്ഥാനത്തെ നാലരക്കോടി ജനങ്ങള്‍ തന്റെ ബന്ധുക്കളാണെന്നു പറഞ്ഞ് കൈയടി നേടിയിരുന്നു.
2014ലെ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ഇതിന്റെ തുടര്‍ച്ച അധികാരത്തിലേറിയശേഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."