യു.ഡി.എഫ് യോഗം: സുധീരന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവ്യക്തത
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നു നടക്കുന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ സുധീരന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവ്യക്തത.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ തീര്‍ത്തും കെട്ടടങ്ങിയിട്ടില്ലെന്ന സൂചന കോണ്‍ഗ്രസിന്റെ കീഴ്ഘടങ്ങളില്‍ നിന്ന് ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്.
രാജ്യസഭാ സീറ്റ് മാണിക്കു നല്‍കിയതിലുള്ള പ്രതിഷേധമറിയിച്ച് ഈ മാസം എട്ടിനു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയിരുന്നു. ഇതൊരു സ്ഥിരം ബഹിഷ്‌കരണമല്ലെന്ന് പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു. പിന്നീട് ഇതു സംബന്ധിച്ച കലഹങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹം അടുത്ത യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന സൂചനയുമുണ്ടായിരുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ ഇതിനോടുള്ള എതിര്‍പ്പ് ബാഹ്യമായി മാത്രമാണ് കെട്ടടങ്ങിയതെന്നും താഴേ തലങ്ങളില്‍ അതു നിലനില്‍ക്കുന്നുണ്ടെന്നും സൂചന ലഭിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടായതെന്ന് അറിയുന്നു.
രാജ്യസഭാ സീറ്റ് വന്‍ വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി നേതാക്കള്‍ക്കു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി വിഷയങ്ങളില്‍ പരസ്യപ്രസ്താവനക്ക് വിലക്കുണ്ട്. എന്നാല്‍ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."