ലോകാരോഗ്യ സംഘടനയെ സമ്മര്‍ദത്തിലാക്കി ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയുടെ പാവയായി പ്രവര്‍ത്തിക്കുന്നെന്ന നിരന്തര ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ സംഘടനയെ വീണ്ടും സമ്മര്‍ദത്തിലാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയെക്കുറിച്ച് അടുത്തയാഴ്ച വൈറ്റ്ഹൗസ് ഒരു പ്രസ്താവന പുറപ്പെടുവിക്കുമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. എന്നാല്‍, എന്തായിരിക്കും ഈ പ്രസ്താവനയുടെ ഉള്ളടക്കമെന്നു വ്യക്തമല്ല.
ലോകാരോഗ്യ സംഘടനയെക്കുറിച്ച് അടുത്തുതന്നെ തങ്ങള്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുമെന്നു വ്യക്തമാക്കിയ ട്രംപ്, അത് ഉടനെയുണ്ടാകുമെന്നും മിക്കവാറും അടുത്തയാഴ്ചതന്നെ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ, സംഘടനയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്കു ബദലൊരുക്കുമെന്നുവരെ ട്രംപും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമോയെന്നതും വ്യക്തമല്ല.
കൊവിഡ് വ്യാപന വിഷയത്തില്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് സംഘടനയ്‌ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. ചൈനയിലെ ലാബില്‍നിന്നാണ് കൊറോണ വൈറസ് നിര്‍മിക്കപ്പെട്ടതെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ ഇക്കാര്യം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.
മരണസംഖ്യയിലും രോഗം ബാധിച്ചവരുടെ എണ്ണത്തിലും ചൈന കൃത്രിമം കാണിക്കുന്നെന്നും അവിടെ ഫലപ്രദമായി അന്വേഷണം നടത്താന്‍പോലും ലോകാരോഗ്യ സംഘടന തയാറാകുന്നില്ലെന്നും ആരോപിച്ചതിനു പിന്നാലെ, ലോകാരോഗ്യ സംഘടനയ്ക്കു ഫണ്ട് നല്‍കുന്നത് അമേരിക്ക നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീടും ലോകാരോഗ്യ സംഘടനയ്ക്കും ചൈനയ്ക്കുമെതിരേ ആരോപണം തുടരുകയായിരുന്നു അമേരിക്ക.
ചൈനയുടെ പാവയായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നു കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഐആരോപിച്ചത്. പിന്നാലെ, 20 വര്‍ഷത്തിനിടെ ചൈനയില്‍നിന്ന് അഞ്ചു മഹാമാരികള്‍ ഉണ്ടായെന്നും ലോകത്തിന് ഇനിയും ഇതു സഹിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.
വ്യാപാര കരാര്‍ റദ്ദാക്കും?
വാഷിങ്ടണ്‍: ചൈനയുമായുള്ള സഹകരണങ്ങളില്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നേരത്തെ അദ്ദേഹംതന്നെ വലിയ നേട്ടമായി അവതരിപ്പിച്ച ചൈനയുമായുള്ള വ്യാപാര കരാറടക്കം റദ്ദാക്കുമെന്നാണ് ട്രംപ് നല്‍കുന്ന സൂചന.
ഇന്നലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചൈനയുമായി സഹകരണത്തിന് താല്‍പര്യമില്ലെന്ന് ട്രംപ് പറഞ്ഞത്. കൊവിഡ് വ്യാപനവും വ്യാപാര സഹകരണവുമടക്കമുള്ള വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൊവിഡ് വ്യാപന വിഷയത്തില്‍ ചൈനയ്ക്കു തെറ്റുപറ്റിയെന്നും ലോകത്തെ ചൈന പ്രതിസന്ധിയിലേക്കു തള്ളിവിട്ടെന്നും ആവര്‍ത്തിച്ച ട്രംപ്, വിവിധ വിഷയങ്ങളില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ പുനരാലോചിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."