അക്കാദമിക മികവിന് മുന്‍തൂക്കം: അക്കാദമിക മേഖലയ്ക്ക് 2.40 കോടി രൂപ വകയിരുത്തി
തിരൂര്‍: അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് മുന്തിയ പരിഗണന നല്‍കുന്ന മലയാള സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബജറ്റിന് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 1576 ലക്ഷം രൂപ വരവും 1483 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചാന്‍സലര്‍ കെ. ജയകുമാറാണ് പൊതുസഭ മുമ്പാകെ അവതരിപ്പിച്ചത്.
നിരന്തരമായ വിലയിരുത്തലുകളിലൂടെ, പരിശീലനങ്ങളിലൂടെ, അക്കാദമിക് കോഴ്‌സുകളുടെയും ഗവേഷണത്തിന്റെയും നിലവാരം ഉയര്‍ത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് ചാന്‍സലര്‍ പറഞ്ഞു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 240 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. അക്കാദമിക് മികവ് പരിശോധിക്കുന്നതിനായി ആഭ്യന്തര അക്കാദമിക് മോണിറ്ററിങ് സെല്‍ രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിനായി മാത്രം 10 ലക്ഷം രൂപ വകയിരുത്തി. ലൈബ്രറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയും അക്കാദമിക് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപയും നീക്കിവച്ചു.
വിദ്യാര്‍ഥി ക്ഷേമത്തിനായി 60 ലക്ഷവും ഭാഷാ ടെക്‌നോളജി കേന്ദ്രം അടക്കം നിലവിലുള്ള 10 പ്രത്യേക പ്രൊജറ്റുകള്‍ക്കായി 140 ലക്ഷം രൂപയും മലയാളത്തെ ലോകഭാഷകള്‍ക്ക് പരിചയപ്പെടുത്തുതടക്കമുള്ള ഭാഷാസാഹിത്യ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് 58 ലക്ഷം രൂപയും പ്രസിദ്ധീകരണ വിഭാഗത്തിനായി 40 ലക്ഷം രൂപയും വകയിരുത്തി.
സര്‍വകലാശാലയുടെ ഭരണവിഭാഗം ആധുനീകരിക്കുന്നതിനും പഞ്ചായത്തുകളുമായി സഹകരിച്ചുള്ള സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
യു.ജി.സി യുടെ 12-ബി അംഗീകാരവും നാക് അംഗീകാരവും ഈ സാമ്പത്തിക വര്‍ഷം തന്നെ നേടിയെടുക്കുന്നതിന് ഗൗരവപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ക്യാംപസിന്റെ ഭൗതിക സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാനും അധ്യാപക ശാക്തീകരണത്തിനും വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും തുക വകയിരുത്തി. യു.ജി.സി, നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാത്രമായി 15 ലക്ഷം രൂപ ചെലവഴിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."