അന്‍പതിന്റെ നിറവിലും ബാലാരിഷ്ടതകളാല്‍ മലപ്പുറം ജില്ല
മലപ്പുറം ജില്ലക്ക് അന്‍പത് തികഞ്ഞു. 1969 ജൂണ്‍ 16ന് രൂപീകൃതമായ ജില്ല മധ്യവയസ്സ് പിന്നിടുമ്പോഴും ബാലാരിഷ്ടതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ജില്ലക്ക് നേരെയുള്ള മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ നിസ്സഹകരണം തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
മന്ത്രിമാര്‍ തന്നെ ജില്ലയെ അപമാനിക്കും വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്തിടെ പറഞ്ഞത് മലപ്പുറം ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന്നാണ്. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ജില്ലക്ക് മേല്‍ ചൊരിഞ്ഞതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ഇത് വരെ തയാറായിട്ടില്ല അതിനുമുമ്പ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞത് മലപ്പുറം ജില്ലയിലെ കുട്ടികള്‍ പരീക്ഷയില്‍ പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്നായിരുന്നു. സംസ്‌കാരചിത്തരെന്ന് നാം കരുതുന്നവര്‍ എത്ര മാത്രം അല്‍പന്മാരാണെന്ന് അവരുടെ അസ്ഥാനത്തുള്ള വായ്ത്താരികള്‍ തന്നെ സാക്ഷ്യം നില്‍ക്കുന്നു.
മലപ്പുറം ജില്ലയെ ഇത്രമാത്രം അവഹേളിക്കാന്‍ എന്ത് പാതകമാണ് ഇവരോടൊക്കെ ഈ ജില്ല ചെയ്തത്. രൂപീകൃതമായി അമ്പത് വര്‍ഷമായിട്ടും ഭരണകൂടങ്ങളുടെ അവഗണന മൂലം പല രംഗങ്ങളിലും പുരോഗതി നേടാന്‍ ജില്ലക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിനെതിരേ പ്രത്യക്ഷ സമരത്തിനൊന്നും മുതിരാതെ ഭരണകൂടങ്ങളുടെ അവഗണന വെല്ലുവിളിയായി ഏറ്റെടുത്ത് ജില്ല മുന്നേറുകയായിരുന്നു. അതിനാല്‍ പല രംഗങ്ങളിലും മലപ്പുറം ജില്ലക്ക് അസൂയാവഹമായ നേട്ടമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കുതിച്ചു ചാട്ടം നടത്തി വി.എസ് അച്യുതാനന്ദന്റെ ബാലിശമായ ആരോപണത്തിന് മധുരമായ മറുപടിയും നല്‍കി. കടകംപള്ളി സുരേന്ദ്രന്റെ അടിസ്ഥാനരഹിതമായ ആരോപണത്തിന് ഇവിടത്തെ വിവിധ ജാതി,മതസ്ഥര്‍ സ്‌നേഹത്തിന്റെ , സഹകരണത്തിന്റെ സൗഹാര്‍ദത്തിന്റെ പൂഞ്ചോല തീര്‍ത്തു കൊണ്ട് മറുപടി നല്‍കി കൊണ്ടേയിരിക്കുന്നു.
പാലക്കാട് ജില്ലയിലായിരുന്ന കുറുവ പഞ്ചായത്തിന് ആ ജില്ലയുമായി ബന്ധപ്പെടുക എളുപ്പമായിരുന്നില്ല. കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗിലെ പി.കെ ബാപ്പുട്ടി മുസ്‌ലിം ലീഗിന്റെ സ്റ്റേറ്റ് കൗണ്‍സിലിലാണ് മലപ്പുറം ജില്ല എന്ന ആശയം ഒരു പ്രമേയത്തിലൂടെ ആദ്യമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. മാത്രമല്ല മലപ്പുറത്തിനോട് ഓരം ചേര്‍ന്നു നില്‍ക്കുന്ന പല പ്രദേശങ്ങള്‍ക്കും പാലക്കാട് ജില്ലാ ആസ്ഥാനവും കോഴിക്കോട് ജില്ലാ ആസ്ഥാനവും ബാലികേറാമലയായിരുന്നു. അതിനെക്കാളുപരി വികസന കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും പാലക്കാടിന്റെയും കോഴിക്കോടിന്റെയും ഇടയില്‍ കുടുങ്ങി ഈ വലിയ ഭൂവിഭാഗം വീര്‍പ്പുമുട്ടി. ജില്ല രൂപീകൃതമായപ്പോള്‍ വിസ്തീര്‍ണം കൊണ്ട് മറ്റു പല ജില്ലകളെയും മറികടന്നു. ഇതില്‍ നിന്ന് തന്നെ മലപ്പുറം ജില്ലാ രൂപീകരണം എത്രമാത്രം അനിവാര്യമായിരുന്നു എന്ന് വ്യക്തമാണ്.
1967ലെ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് അംഗങ്ങളായിരുന്ന അഹമ്മദ് കുരിക്കളും സി.എച്ച് മുഹമ്മദ് കോയയുമാണ് ജില്ലാ രൂപീകരണത്തിന്റെ അനിവാര്യത ഭരണകൂടത്തെ ബോധ്യപ്പെടുത്തിയത്. നാനാഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന എതിര്‍പ്പുകളെ തന്റെ സ്വതസിദ്ധമായ ചാട്ടുളി പ്രസംഗങ്ങളാല്‍ സി.എച്ച് മുഹമ്മദ് കോയ പരാജയപ്പെടുത്തി.
അതിനാല്‍ തന്നെ ഈ ജില്ല അന്‍പത് വര്‍ഷത്തിനിടയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് സി.എച്ചിനോടും അഹമ്മദ് കുരിക്കളോടും മുസ്‌ലിം ലീഗിനോടും കടപ്പെട്ടിരിക്കുന്നു. അന്‍പത് വര്‍ഷത്തിനിടയില്‍ സമഗ്രമായ പുരോഗതി കൈവരിക്കുവാന്‍ ജില്ലക്ക് സാധിച്ചിട്ടില്ലെങ്കിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഇതര ജില്ലകളെ വെല്ലുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയുടെ പിന്നാക്കത്തിന് പ്രധാന കാരണം മലപ്പുറം ജില്ലയോട് ഇപ്പോഴും തുടരുന്ന അസ്പൃശ്യത തന്നെയാണ്.
ഇതര ജില്ലകളില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടങ്ങുന്ന പല പദ്ധതികളും സ്ഥാപനങ്ങളും മലപ്പുറം ജില്ലയിലെത്തുമ്പോള്‍ പൊതു ജനപങ്കാളിത്തത്തോടെയെന്ന സുന്ദരമുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ജനങ്ങളുടെ ചുമലിലേക്കിറക്കിവയ്ക്കുകയാണ് ഭരണകൂടങ്ങള്‍. പല പദ്ധതികളും ആ വിധത്തിലാണ് മലപ്പുറം ജില്ലയില്‍ നടപ്പിലായത്. അതില്‍ അവസാനത്തേതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് വേണ്ടിയും വിമാനത്താവളത്തിന് വേണ്ടിയും ത്യാഗം ചെയ്തതും ഭൂമി വിട്ടുകൊടുത്തതും മലപ്പുറത്തുകാരായിരുന്നു. എന്നാല്‍ രണ്ടിന്റെയും പേരുകളില്‍ നിന്ന് മലപ്പുറത്തെ വിദഗ്ധമായി ഒഴിവാക്കുന്നതില്‍ ചില കറുത്ത കരങ്ങള്‍ എത്ര ആസൂത്രിതമായാണ് കരുക്കള്‍ നീക്കിയത്. എന്നിട്ടും മലപ്പുറം ജില്ല ഈ അവഗണനക്കെതിരേ പ്രതിഷേധിക്കുകയോ പ്രത്യക്ഷ സമരത്തിനിറങ്ങുകയോ ഉണ്ടായില്ല. അതാണ് ഈ മണ്ണിന്റെ മഹത്വം. അടിസ്ഥാന വികസന കാര്യത്തില്‍ ഇനിയും കടമ്പകളേറെയുണ്ട് ജില്ലക്ക് മുന്നേറാന്‍.
വിസ്തൃതിയിലും ജനസംഖ്യയിലും പല ജില്ലകളെക്കാളും മുന്‍പില്‍ നില്‍ക്കുന്ന മലപ്പുറത്തിന് അതിന് ആനുപാതികമായ വികസനം സാധ്യമായിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളുടെ തൊഴിലില്ലായ്മ ഈ ജില്ല ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ്. ഐ.ടി വ്യവസായ സ്ഥാപനങ്ങളൊന്നും മലപ്പുറത്തേക്ക് വരുന്നില്ല. തൊഴില്‍ രംഗത്തെ മാന്ദ്യം ജില്ലയില്‍ ഇതര ജില്ലകളെക്കാളും രൂക്ഷമാണ്. ജില്ല വിഭജിക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ധനസഹായം വര്‍ധിക്കാന്‍ അത് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."