കൊവിഡ് നിയന്ത്രണത്തിലായെന്ന് സ്ലൊവേനിയ
ബെര്‍ലിന്‍: തങ്ങളുടെ രാജ്യത്തു കൊവിഡ് നവിയന്ത്രണവിധേയമായെന്ന് പ്രഖ്യാപിച്ച് സ്ലൊവേനിയ. കൊവിഡിനെ തുരത്തിയെന്നു പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് സ്ലൊവേനിയ. കഴിഞ്ഞ രണ്ടാഴ്ചയായി ഏഴില്‍ കുറവ് പേര്‍ക്കു മാത്രമാണ് രാജ്യത്തു കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് സ്ലൊവേനിയയിലെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സമയം ചുരുക്കി. എന്നാല്‍, യൂറോപ്പിനു പുറത്തുനിന്നു രാജ്യത്തെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണം. അതേസമയം, പൊതുയിടങ്ങളില്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്നും 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കൊവിഡ് ബാധ കാരണമായി ആളുകള്‍ മരിക്കാതെ ചൈന ഒരു മാസം പിന്നിട്ടു. കൊവിഡ് ഉത്ഭവിച്ച ചൈനയില്‍ ഒരു മാസമായി രോഗം നിയന്ത്രണവിധേയമാണ്. ഏപ്രില്‍ 14നു ശേഷം രാജ്യത്തു കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഈയടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ചില പ്രവിശ്യകള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ നാലുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കൊവിഡ് കാരണം പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് വിവിധ രാജ്യങ്ങളില്‍ തിരിച്ചടി തുടരുകയാണ്. ജര്‍മനിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 2009 ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഹോങ്കോങ്ങില്‍ ആദ്യപാദത്തില്‍ 8.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പോര്‍ച്ചുഗലില്‍ 3.9 ശതമാനം നഷ്ടം സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."