ഭര്‍ത്താവിന് കൊവിഡ്; സഊദിയില്‍ യുവതിയും കുഞ്ഞും മരിച്ചനിലയില്‍
റിയാദ്: കോഴിക്കോട് സ്വദേശി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയേയും ആറു മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ കൂടെയുണ്ടായിരുന്ന എഴുപതുവയസ് പ്രായമായ ബിജുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം മുമ്പാണ് ബിജു ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍നിന്നു സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.
ഇന്നലെ രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്ളാറ്റിനു പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈകിട്ട് വിവരം തിരക്കിയപ്പോഴാണ് യുവതി മുറി അകത്തുനിന്നു കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പൊലിസെത്തി തുറന്നു പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വര്‍ഷമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിനെ അടുത്ത സമയത്ത് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."