പൊന്നാനി സിവില്‍ സര്‍വിസ് അക്കാദമി: ചട്ടങ്ങള്‍ മറികടന്ന് പണം ഈടാക്കിയതായി ആരോപണം
പൊന്നാനി: ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വിസ് കോച്ചിങ് സെന്ററിലെ അവധിക്കാല കോഴ്‌സുകളില്‍ ചട്ടം മറികടന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കി പ്രവേശനം നല്‍കിയെന്ന് ആരോപണം. ടി.ഡി.എസ് കോഴ്‌സുകളില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗത്തിലെ അന്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് സൗജന്യപ്രവേശനം നല്‍കാമെന്നിരിക്കെ ഇവരില്‍ നിന്ന് 3500 രൂപയോളം ഈടാക്കിയെന്നാണ് പരാതി ഉയരുന്നത്.
മെറിറ്റ് കം റിസര്‍വേഷനില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യപഠനം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ച്ചട്ടം. എന്നാല്‍ മെറിറ്റിയം 'റിസര്‍വേഷനില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും പണം ഈടാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റില്‍ ഏഴും ഒന്‍പതും സ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളില്‍ നിന്നു പണം ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇതേത്തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോച്ചിങ് സെന്ററിലെത്തി ഇന്‍സ്റ്റിറ്റ്യൂട്ട് കോര്‍ഡിനേറ്ററുമായി ചര്‍ച്ച നടത്തി. അര്‍ഹരായ വിദ്യാര്‍ഥികളുടെ സൗജന്യ പഠനം നിഷേധിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാണ് പ്രവേശനം നല്‍കിയതെന്ന് കോര്‍ഡിനേറ്റര്‍ ടി.വൈ അരവിന്ദാക്ഷന്‍ പറഞ്ഞു.
മുപ്പത് സീറ്റുകള്‍ റിസര്‍വേഷന്‍ കം മെറിറ്റില്‍ നല്‍കിയതിനാല്‍ പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടു. ഇതോടെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും രക്ഷിതാക്കളുടെ സമ്മതത്തോടെ പണം വാങ്ങി അര്‍ഹരായ മറ്റു പതിനഞ്ച് പാവപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."