34 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരം ലിസ്റ്റില്‍ ഇല്ല
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 34 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. എല്ലാ ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട്ടില്‍ 18, ബിഹാറിലും പശ്ചിമബംഗാളിലും ഗുജറാത്തിലും രണ്ടു വീതം, ഗോവയില്‍ മൂന്ന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറം, നാഗാലാന്റ്, പുതുച്ചേരി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം എന്നിങ്ങനെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
വോട്ടര്‍ പട്ടികയില്‍
പേര് ചേര്‍ക്കാം
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നിന് 18 തികഞ്ഞ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇപ്പോഴും അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതിനായി ി്‌ുെ.ശി എന്ന വെബ്‌സൈറ്റിലോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസിലോ രജിസ്റ്റര്‍ ചെയ്യണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി വൈകിട്ട് മൂന്നു വരെ വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി തുടരും. അതിനുശേഷം കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. പട്ടികയില്‍ പേരുള്ള എല്ലാവര്‍ക്കും വോട്ടെടുപ്പിന് അഞ്ചുദിവസം മുന്‍പെങ്കിലും ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് നല്‍കിയിരിക്കണം.
പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന
രാജ്യത്തിരുന്ന് വോട്ട് ചെയ്യാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് അതത് രാജ്യങ്ങളിലിരുന്ന് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതിനു ശേഷം 71,735 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്തവണ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയുണ്ടാകും. 2009 മുതല്‍ ഇതു നടപ്പാക്കിയിരുന്നെങ്കിലും അസം, ജമ്മുകശ്മിര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത് അന്നു നടപ്പാക്കിയിരുന്നില്ല. ഫോട്ടോ പതിക്കുന്ന നടപടി 99 ശതമാനത്തിലധികം പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കും. ആവശ്യമായ സുരക്ഷാ സൈനികരെ വിന്യസിക്കുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള വകുപ്പുകളോട് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."