ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്ന് എ ഗ്രൂപ്പ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇനി തിടുക്കത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടിവരും. ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാതെയാകും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് പാര്‍ട്ടി പോവുക. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു പ്രധാന കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥി പട്ടികയുമായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഇന്നു ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചക്കു ശേഷമാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലേക്ക് പോകുക. അതിനിടെ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തടയിട്ട് എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കയച്ച് ഒതുക്കാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മത്സരത്തിനില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ താന്‍ മത്സരത്തിനില്ലെന്ന് ആലപ്പുഴ എം.പിയായ കെ.സി വേണുഗോപാലും പ്രഖ്യാപിച്ചു. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയാണ് പരിഗണിക്കുന്നത്.
കേരളത്തില്‍നിന്ന് ഒതുക്കുന്നതിന് കെ. മുരളീധരന്റെ പേര് വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് സുനിശ്ചിത വിജയം സമ്മാനിക്കുന്ന വയനാട് സീറ്റിലേക്ക് മുരളീധരനെ പരിഗണിക്കുന്നതിനു പിന്നില്‍ ഗ്രൂപ്പ് താല്‍പര്യമാണുള്ളതെന്നു പറയപ്പെടുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കണോ എന്ന കാര്യത്തിലും ഇനിയും അന്തിമമായ തീരുമാനമായിട്ടില്ല. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ കാര്യം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."