മമ്മദ് ഫൈസി: കര്‍മനിരതമായ ജീവിതം ഓര്‍മയായിട്ട് ഒരാണ്ട്
മലപ്പുറം: സേവന സന്നദ്ധതയും സംഘാടക മികവും കൊണ്ടു സമസ്തക്കായി സമര്‍പ്പിച്ച ഹാജി കെ. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ഒരാണ്ട്. കര്‍മനൈരന്ത്യര്യത്തിന്റെ ഒരു ജീവിതായുസ് സമുദായ നന്‍മക്കും സാമൂഹിക പുരോഗതിക്കുമായി ഉഴിഞ്ഞുവച്ച ഫൈസി കഴിഞ്ഞ വര്‍ഷം ശവ്വാല്‍ പതിനൊന്നിനാണ് വിടപറഞ്ഞത്.
എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, ജാമിഅ നൂരിയ്യ സെക്രട്ടറി,സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി സമസ്തയുടെ വിവിധ ഘടകങ്ങളുടേയും നിരവധി വൈജ്ഞാനിക സ്ഥാപനങ്ങളുടേയും നേതൃനിരയിലെ സേവനത്തിനിടയിലാണ് ഫൈസിയുടെ വിയോഗമുണ്ടായത്.
കുടുംബത്തില്‍നിന്ന് ഉപ്പ മൂസ മൊല്ല, ജ്യേഷ്ഠന്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ജ്ഞാന, കര്‍മവഴിയില്‍ വഴികാട്ടികളായ ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, സഹപ്രവര്‍ത്തകരായി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, നാട്ടിക തുടങ്ങിയവരുമായി ചേര്‍ന്നു രൂപപ്പെട്ടതാണ് മമ്മദ് ഫൈസിയെന്ന മുഴുസമയ മതസംഘാടകന്‍. സമസ്തയുടെ സ്ഥാപനങ്ങള്‍, സംഘടനാ സംരംഭങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവക്കെല്ലാം സേവനത്തിനൊപ്പം കൈമറന്നു സാമ്പത്തിക സഹായവും നല്‍കിയ ധര്‍മിഷ്ഠനായിരുന്നു മമ്മദ് ഫൈസി. അനേകം ദീനീ സ്ഥാപനങ്ങളുടെ നടത്തിപ്പിനും നിരവധി പാവപ്പെട്ടവരുടെ ഉന്നമനത്തിനും ഉദാരമായി സഹായം നല്‍കിയിരുന്നു അദ്ദേഹം.
നിസ്തുലമായ ഈ സേവനത്തിനെല്ലാം തന്റെ പ്രാരാബ്ധങ്ങളുടെ കാലം അദ്ദേഹം വായിച്ചിരിക്കാം. തിരൂര്‍ക്കാട് പള്ളിയിലെ മുഅദ്ദിനായിരുന്നു പിതാവ്. ഉപ്പാക്ക് സഹായിയായി ബാങ്ക് വിളിച്ചിരുന്നു ഫൈസി. മദ്‌റസാ അധ്യാപകനുമായി. ആയിടെ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ വഅള് (മതപ്രസംഗം)നടത്തുകയും പതിവായി. മതപ്രസംഗം നടത്തി കിട്ടിയ പണം ഒരുക്കൂട്ടിവച്ചും ഗുരുവായ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ഉപഹാരമായി കൊടുത്ത സംഖ്യയും ചേര്‍ത്താണ ്എഴുപതുകളുടെ അവസാനം മമ്മദ് ഫൈസിയുടെ ആദ്യഹജ്ജ് യാത്ര. സാദാത്തുക്കളുടേയും പണ്ഡിതരുമായുള്ള ആത്മബന്ധമാണ് ഓരോ വളര്‍ച്ചയുടെ പിന്നിലെന്നു അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
മതരംഗത്തെ മേല്‍വിലാസം അഭിമാനമാക്കിയാണ് ബിസിനസിലും പൊതുകാര്യങ്ങളിലും 'തലേക്കെട്ടു കെട്ടിയ മുസ്‌ലിയാര്‍' മാതൃകയായത്. മക്കളുള്‍പ്പെടെ കുടുംബാംഗങ്ങളെയും ഉന്നത മതപഠന ശേഷം ബിസിനസ് രംഗത്തേക്കു പ്രാപ്തമാക്കിയതാണ് മമ്മദ് ഫൈസിയുടെ പൊതുരംഗമാതൃക. നീണ്ടകാലം കേരളാ പ്രവാസി ലീഗിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ചെറിയപെരുന്നാളിനു ശേഷം തന്റെ നാട്ടിലെ പള്ളിയില്‍ അഞ്ചുദിവസം സുബ്ഹി ബാങ്ക് വിളിച്ചത് ഫൈസിയായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യത്തോടെയായിരുന്നു അത്.
പിന്നീട് അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് വിടപറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി ബാങ്കു വിളിച്ചു തുടങ്ങിയ അതേ പള്ളിയില്‍, തുടക്കം പോലെ അവസാനിപ്പിക്കാനായിരിക്കും മമ്മദ് ഫൈസി ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ഒന്നാം ആണ്ടുദിനത്തില്‍ ഇന്നു സാദാത്തുക്കളുടെയും മതപണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ തിരൂര്‍ക്കാട് ജുമാമസ്ജിദില്‍ രാവിലെ പത്തു മുതല്‍ സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍ സദസ്, മജ്‌ലിസുന്നൂര്‍, പ്രാര്‍ഥന,അന്നദാനം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."