പാലക്കാട് പിടിച്ചെടുക്കാനൊരുങ്ങി യു.ഡി.എഫ്
#ഫൈസല്‍ കോങ്ങാട്
പാലക്കാട്: സി.പി.എമ്മിന്റെ കുത്തക മണ്ഡലമാണ് പാലക്കാട് എന്ന ഖ്യാതിയില്‍ ഇത്തവണ മാറ്റം വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തീവ്രഹൈന്ദവ നിലപാടുകള്‍ ശക്തമായ പാലക്കാടന്‍ മണ്ണില്‍ ശബരിമല വിഷയവും സി.പി.എമ്മിനകത്തുള്ള നേതാക്കള്‍ക്കിടയിലെ പോരുമാണ് അവര്‍ക്ക് വെല്ലുവിളിയാകുന്നത്. ഇതിനു മുന്‍പ് ആകെ നാലു തവണ മാത്രമാണ് പാലക്കാട് മണ്ഡലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈപ്പിടിയില്‍നിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ. 1996 മുതല്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയാണ് ഈ അതിര്‍ത്തി മണ്ഡലം.
കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. ഇതില്‍ കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. മണ്ണാര്‍ക്കാട് മുസ്‌ലിം ലീഗും പാലക്കാട് കോണ്‍ഗ്രസും ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഏഴില്‍ അഞ്ചു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് സാരം. ഒറ്റനോട്ടത്തില്‍ സി.പി.എമ്മിന് അല്‍പം പോലും ഭയക്കേണ്ടതില്ലാത്ത മണ്ഡലം എന്നു തോന്നുമെങ്കിലും ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍.
എം.ബി രാജേഷാണ് നിലവിലെ പാലക്കാട് എം.പി. തുടര്‍ച്ചയായി രണ്ടുതവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാജേഷ്. എം.പി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനും മികച്ച പാര്‍ലമെന്റേറിയനുമാണ്. 2009ല്‍ കേരളത്തില്‍ ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ സി.പി.എം വെറും നാലു സീറ്റുകളില്‍ ഒതുങ്ങി. അപ്പോഴും കരുത്തുകാണിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലക്കാട്. എം.ബി രാജേഷിനെതിരേ അന്നു മത്സരിച്ചത് കോണ്‍ഗ്രസിന്റെ യുവരക്തം സതീശന്‍ പാച്ചേനി ആയിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 1,820 വോട്ടുകള്‍ക്കായിരുന്നു രാജേഷിന്റെ വിജയം.
2014ല്‍ എത്തിയപ്പോള്‍, എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ മുതിര്‍ന്ന നേതാവ് എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു രാജേഷിന്റെ എതിര്‍ സ്ഥാനാര്‍ഥി.
ശക്തമായ മത്സരം ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ, വീരേന്ദ്രകുമാറിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. 1,05,300 വോട്ടുകള്‍ക്കായിരുന്നു വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടത്. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് എം.ബി രാജേഷ് രണ്ടു ടേമുകളിലും കാഴ്ചവച്ചത്. 228 ചര്‍ച്ചകളില്‍ രാജേഷ് പങ്കെടുത്തിട്ടുണ്ട്. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 63.8ഉം സംസ്ഥാന ശരാശരി 135ഉം ആണ്. ലോക്‌സഭയില്‍ ഈ ടേമില്‍ 539 ചോദ്യങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണിത്. 84 ശതമാനം ഹാജര്‍ നിലയും രാജേഷിന് ലോക്‌സഭയിലുണ്ട്.
സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒപ്പം തന്നെ ബി.ജെ.പിക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലക്കാട്. പാലക്കാട് നഗരസഭാ ഭരണം കൈയാളുന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതും ബി.ജെ.പി സ്ഥാനാര്‍ഥി തന്നെ. സി.പി.എം സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ശോഭാ സുരേന്ദ്രന്‍ 1.36 ലക്ഷം വോട്ടുകളാണ് അന്നു സ്വന്തമാക്കിയത്. 2009ല്‍ വെറും 8.7 ശതമാനം വോട്ടുകളായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നതെങ്കില്‍ അത് 2014ല്‍ എത്തിയപ്പോള്‍ 15 ശതമാനം ആയി ഉയര്‍ന്നു. ബി.ജെ.പി ഇത്തവണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട് എങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
പി.കെ ശശിക്കെതിരേയുള്ള ലൈംഗികാരോപണത്തിന് പിന്നില്‍ എം.ബി രാജേഷാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. അതിനാല്‍ ശശിക്ക് ഏറെ സ്വാധീനമുള്ള മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ പാലം വലിക്കാന്‍ സാധ്യത ഏറെയാണെന്ന് മത്സരരംഗത്തുള്ള കോണ്‍ഗ്രസും ബി.ജെ.പിയും സ്വപ്നം കാണുന്നുണ്ട്. മാത്രമല്ല ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് രാജേഷ് വീണ്ടും ജയിക്കുമെന്ന ചിന്തയാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ള ഭൂരിപക്ഷം ഹൈന്ദവ വോട്ടര്‍മാര്‍ക്കുമിടയിലുള്ളത്. അതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഈ വോട്ടുകള്‍ വീഴുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
അതേസമയം സി.പി.എം ബൂത്ത് അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ലിസ്റ്റും തയാറാക്കി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു നില്‍ക്കുന്നവരെയും മറു ചേരിയിലുള്ളവരെയും നേരിട്ട് കണ്ട് പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതാക്കള്‍. ഇത്തവണ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരുന്നതിന് ഇടത് മുന്നണിയുടെ പങ്കും നിര്‍ണായകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ചെങ്കോട്ടയായ പാലക്കാടും ആലത്തൂരും കൈവിടാതെ സൂക്ഷിക്കുകയെന്നത് സി.പി.എമ്മിനു പ്രധാനമാണ്.
കൂടാതെ ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറി കടന്നാല്‍ മാത്രമെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായ സഹാചര്യമൊരുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ കരുതുന്നു.
അതേസമയം കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. പാലക്കാട് മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ ജയ്‌ഹോ യാത്ര വിജയകരമായി പര്യടനം നടത്തിവരികയാണ്. വി.കെ ശ്രീകണ്ഠനാണെങ്കില്‍ വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ജയ്‌ഹോ യാത്ര മണ്ഡലത്തിലുടനീളം യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് ഇപ്പോള്‍ ഒരു മുഴം മുന്‍പേയാണെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. ബി.ജെ.പിയുടെ ഹിറ്റ് ലിസ്റ്റിലുള്ള പാലക്കാട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."