'വിഷുക്കണി' ഇന്ന് മുതല്‍; ജില്ലയില്‍ 89 പച്ചക്കറി സ്റ്റാളുകള്‍
കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് ഇന്നും നാളെയും കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ വിഷുക്കണി-2017 എന്നപേരില്‍ എല്ലാ കൃഷിഭവനുകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 1076 പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കുന്നു.
ജില്ലയില്‍ 89 വിഷു-ഈസ്റ്റര്‍ വിപണികളാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ 64 വിപണികള്‍ കൃഷിവകുപ്പും, 19 വിപണികള്‍ ഹോര്‍ട്ടികോര്‍പ്പും, ആറ് വിപണികള്‍ വി.എഫ്.പി.സി.കെയും ആണ് നടത്തുന്നത്. വിഷുക്കണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് വേങ്ങേരി സംഘമൈത്രി സെയില്‍സ് ഔട്ട്‌ലെറ്റില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
വിപണി ഇടപെടല്‍ നടത്തുന്നതിനും, കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ ന്യായവില നല്‍കി നേരിട്ട് സംഭരിച്ച്, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയും സുരക്ഷിതവുമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് പരിപാടി നടപ്പാക്കുന്നത്. പച്ചക്കറി ക്ലസ്റ്റര്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെയാണ് വിഷുക്കണി വിപണികള്‍ നടത്തുന്നത്.
കര്‍ഷകരില്‍നിന്നു നേരിട്ട് സംഭരണം നടത്തുന്ന പച്ചക്കറികള്‍ക്ക്, കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍നിന്നു ലഭ്യമാകുന്ന അതതു ഇനങ്ങളുടെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കിയാണ് സംഭരിക്കുന്നത്.
വിപണികളിലൂടെ വില്‍പന നടത്തുമ്പോള്‍, പൊതുവിപണി വില്‍പന വിലയില്‍നിന്നു 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."